Thursday, 24 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 38

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 38
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ 
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി
സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.
എന്റെ, നിന്റെ എന്ന ഭേദബുദ്ധിയാണ് ഹിംസയുടെ കാതല്‍. ലൗകികയുദ്ധങ്ങള്‍ ഉദ്ഭവിക്കുന്നത് ഇതില്‍നിന്നാണ്. നിന്റെ യുദ്ധം അങ്ങനെയുള്ളതാകരുത്. ജീവിതഗതിയിലെ സ്വാഭാവികമായ ഒരു പരിണതിയാണ് അതെങ്കില്‍ അതില്‍ ഏര്‍പ്പെടുന്നത് പാപമല്ല. പുഴ ഒഴുകുന്ന വഴിയിലെ ഭൂഭാഗങ്ങള്‍ക്ക് രൂപഭേദം വരുന്നതില്‍ പുഴയ്ക്ക് പാപമില്ലല്ലോ.
എന്തുവന്നാലും ഒരുപോലെ എന്നു കരുതിവേണം എന്തും ചെയ്യാന്‍ എന്നാണെങ്കില്‍ എന്തെങ്കിലുമൊന്ന് ചെയ്യാനുള്ള പ്രചോദനം പിന്നെ എന്താണ്? കലക്കില്ലാത്ത ഉള്ളില്‍ തെളിയുന്ന ദര്‍ശനത്തിന്റെ പ്രേരണ എന്നാണ് മറുപടി. ഫലത്തെക്കുറിച്ചുള്ള സംഭ്രമം മനസ്സിനെ പ്രവൃത്തിയിലുള്ള ഏകാഗ്രതയില്‍നിന്നകറ്റുമെന്ന് ആധുനിക മനശ്ശാസ്ത്രവും സമ്മതിക്കുന്നു.
സൌഭാഗ്യം വരുമ്പോൾ ആഹ് ളാദിക്കുകയോ ദുരന്തത്തിൽ ദുഖിക്കുകയോ ചെയ്യരുത്. പരിണിത ഫലത്തിന്റെ ലാഭനഷ്ടങ്ങൾ മനസ്സിൽ കണക്കു കൂട്ടരുത്. വിജയമാണോ മരണമാണോ ഉണ്ടാകാൻ പോകുന്നത് എന്ന് മുൻകൂട്ടി ആലോചിക്കരുത്. കർത്തവ്യ നിർവഹണത്തിൽ എന്തു തന്നെ സംഭവിച്ചാലും അത് ക്ഷമയോടെ സഹിക്കണം. ഈ വിധം ചിന്തിക്കുന്നതിനുള്ള മനോധൈര്യം ഉണ്ടായാൽ പാപഫലം ഉണ്ടാവുകയില്ല. അതുകൊണ്ട് ചിന്താകുലതയും ഉത്കണ്ഠയും കൂടാതെ യുദ്ധം ചെയ്യാൻ തയ്യാറാവുക.
എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് ഉപദേശിക്കുന്നു.
(തുടരും.....)

No comments:

Post a Comment