Thursday, 24 April 2014

ശ്രീമദ്ഭഗവദ്ഗീത - അദ്ധ്യായം-2 സാംഖ്യയോഗം - ശ്ളോകം 29

ശ്രീമദ്ഭഗവദ്ഗീത - അദ്ധ്യായം-2 സാംഖ്യയോഗം - ശ്ളോകം 29
ആശ്ചര്യവല്‍ പശ്യതി കശ്ചിദേനം 
ആശ്ചര്യവദ്വദതി തഥൈവചാന്യഃ
ആശ്ചര്യവച്ചൈനമന്യ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍
ഒരുവന്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരംതന്നെ മറ്റൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുവായി പറയുന്നു. വേറൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.
"ഞാൻ ആത്മാവാണ്, എനിക്കൊരു ദേഹമുണ്ട് " എന്നാണ് ജ്ഞാനോദയത്തിലെ നിലയെങ്കിൽ. "ഞാൻ ഈ ദേഹമാണ്, ഇതിനൊരു ആത്മാവുണ്ട്" എന്നാണ് അജ്ഞാന ദശയിലെ നില. അത്മാനുഭൂതി അത്യന്തദുർല്ലഭമെന്നു സൂചിപ്പിച്ചത് സാധകരെ നിരുത്സാഹപ്പെടുത്താനല്ല, പ്രോത്സാഹിപ്പിക്കുവനാണ് . ആത്മതത്വം ശ്രവണം ചെയ്തവർ അലംഭാവം കാട്ടരുത് - ശ്രവണം കൊണ്ട് എല്ലാമായി എന്ന് ധരിച്ചു പോകരുത് എന്ന് മുന്നറിയിപ്പ് നല്കുന്നു. ശ്രവണം ചെയ്ത തത്വം നന്നായി മനനം ചെയ്ത് ഉറപ്പിക്കേണ്ടതാകുന്നു. ആത്മാവിനെ സ്വസ്വരൂപമായി സാക്ഷാത്കരിക്കുന്നതു വരെ
നിദിദ്ധ്യാസനവും ചെയ്യട്ടെ എന്ന് തീവ്രസാധകരെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. മന്ദ സാധകരും നിരാശപ്പെടെണ്ടതില്ല. അവർ ശ്രവണ മനന നിദിദ്ധ്യാസനങ്ങൾ പൂർവാധികം നിഷ്ഠയോടെ അനുഷ്ഠിച്ച് അത്മസാക്ഷാത് കാരത്തിനർഹരായിത്തീരട്ടെ എന്ന് അവർക്കും ഈ ശ്ളോകം പ്രോത്സാഹനം നല്കുന്നു.
(അവ്യക്തമാധ്യമമായും അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇതു രണ്ടിന്റെയും ഉത്പന്നങ്ങളായ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ നിരീക്ഷിക്കാനോ പരീക്ഷിക്കാനോ കഴിയില്ലെന്ന് നേരത്തേ പറഞ്ഞു. അറിയാനുള്ള വഴികള്‍ ആകെ മൊത്തം ഇത്രയുമേ ഉള്ളൂ എന്നു കരുതുന്നവര്‍ പിന്നെ എന്തു ചെയ്യും? ഇതെന്തൊരദ്ഭുതം എന്നു വിചാരിക്കും. അല്ലെങ്കില്‍ (അവിശ്വസനീയമായ) അദ്ഭുതം എന്ന നിലയില്‍ അതേപ്പറ്റി പറയുകയും കേള്‍ക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യുന്നവരാരും ഇതിനെ അറിയുന്നില്ല. അളന്നും നിരീക്ഷിച്ചും പരീക്ഷിച്ചും കാര്യങ്ങളറിയുന്ന സയന്‍സിന്റെ ഇന്നത്തെ രീതിശാസ്ത്രത്തിന് വഴങ്ങുന്നതല്ല ഇക്കാര്യം എന്നുതന്നെ സാരം. കാഴ്ചപ്പാടിന്റെ ചട്ടക്കൂടില്‍ മാറ്റം വരുത്താതെ സയന്‍സിന് ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.)
(തുടരും.....)

No comments:

Post a Comment