Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 48

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 48

യോഗസ്ഥഃ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ

ഹേ ധനഞ്ജയാ, (കര്‍മഫലവുമായി മനസ്സിനുള്ള) സംഗം ത്യജിച്ച് യോഗസ്ഥനായി കര്‍മം ചെയ്യുക. ഫലം സിദ്ധിക്കട്ടെ, സിദ്ധിക്കാതിരിക്കട്ടെ, രണ്ടിലും സമചിത്തത പാലിക്കുക. ഈ സമചിത്തതയെയാണ് (ജ്ഞാനികള്‍) 'യോഗം' എന്നു പറയുന്നത്.

(പ്രപഞ്ചത്തിന്റെ അടിസ്ഥാനശ്രുതിയുമായി തന്റെ അസ്തിത്വത്തിന് സമരസപ്പെടാന്‍ സാധിക്കണമെങ്കില്‍ ഏകാഗ്രത വേണം. കര്‍മത്തില്‍ ലയിക്കാന്‍ സാധിക്കണം. ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ഇരുന്നാല്‍ ഈ ലയം ഉണ്ടാകില്ല. അവതാളങ്ങള്‍ നീങ്ങിക്കിട്ടിയാലല്ലേ ശരിയായ താളത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും സാധിക്കൂ? ദ്വന്ദ്വബാധകള്‍ക്കിടയില്‍ സമനില കണ്ടെത്തലാണ് 'യോഗം').

അർജ്ജുനാ, ബ്രഹ്മനിഷ്ഠനായി കർമ്മഫലത്തിലുള്ള ആസക്തി വെടിഞ്ഞു ജാഗ്രതയോടെ കർമ്മങ്ങൾ ചെയ്യുക. നിന്റെ കർത്തവ്യനിർവഹണം വിജയത്തിൽ കലാശിച്ചാൽ അമിതമായി ആഹ്ളാദിക്കരുത്. നേരേ മറിച്ച് ഏതെങ്കിലും കാരണവശാൽ അത് പൂർണ്ണമാവാതിരിക്കുകയോ നിഷ്ഫലമാകുകയോ ചെയ്താൽ നിൻറെ മനസ്സ് പതറുകയോ നീ ദുഖിതനാകുകയോ ചെയ്യരുത്. ഒരു പ്രവൃത്തി വിജയിച്ചാൽ നിശ്ചയമായും അത് പ്രയോജനകരമായിരിക്കും. അത് അപൂർണ്ണമായിരുന്നാൽപ്പോലും അത് വിജയിച്ചതായി മനസ്സിൽ കരുതണം. എന്ത് കർമ്മം ഏറ്റെടുത്താലും അത് ഈശ്വരന് സമർപ്പിക്കണം.എങ്കിൽ അത് പൂർത്തിയാകുമെന്ന് ഉറപ്പായി വിശ്വസിക്കാം. സ്വധർമ്മാചരണത്തിലുണ്ടാകുന്ന വിജയത്തിലും പരാജയത്തിലും സമചിത്തത പാലിക്കുന്നതാണ് ഏറ്റവും വലിയ യോഗം (ആത്മനിഷ്ഠ) എന്ന് പണ്ഡിതന്മാർ പറയുന്നു.
(തുടരും.....)

No comments:

Post a Comment