Thursday, 24 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 32

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 32
യദൃച്ഛയാ ചോപപന്നം 
സ്വര്‍ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാ പാര്‍ഥ
ലഭന്തേ യുദ്ധമീദൃശം
ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.
അർജ്ജുനാ, ഈ യുദ്ധം നിൻറെ ഭാഗ്യം കൊണ്ട് വന്നു ചേർന്നതാണ് . ധർമ്മനുസാരിയയ കൃത്യാ കൃത്യങ്ങളുടെ ഒരു കലവറ നിൻറെ മുന്നിൽ തുറന്നു കിട്ടിയിരിക്കുകയാണ് . ഇതിനെ യുദ്ധം എന്ന് എന്തിനു പറയുന്നു. നിന്റെ പൌരുഷ്യത്തിന്റെ പ്രഭാവം കൊണ്ട് സ്വർഗ്ഗം അതിന്റെ വാതിൽ തുറന്ന് യുദ്ധരൂപേണ നിൻറെ മുന്നിൽ അവതരിച്ചിരിക്കുകയാണ്. അല്ലെങ്കിൽ നിൻറെ ഖ്യാതിയെപ്പറ്റിയും പ്രഭാവത്തെപ്പറ്റിയും ലോകം പ്രശംസിക്കുന്നത് കേട്ട് യശസ്സ് അദമ്യമായ അനുരാഗാവേശത്തോടെ നിന്നെ പതിയായി സ്വീകരിക്കുവാൻ വന്നിരിക്കുകയാണ്. ഒരു വഴിയാത്രക്കാരന് ഭാഗ്യവശാൽ വിലപിടിപ്പുള്ള രത്നം വഴിയിൽ നിന്ന് കിട്ടുന്നതുപോലെയോ കോട്ടുവായിടാൻ വായ തുറന്നപ്പോൾ അമൃതബിന്ദുക്കൾ വായിൽ വീഴാൻ ഇടയായതു പോലെയോ ഈ യുദ്ധം നിനക്ക് ലഭിച്ചിരിക്കുന്ന ഒരു അസുലഭസന്ദർഭമാണ് .
നാട്ടുനടപ്പുള്ള സ്വര്‍ഗസങ്കല്പത്തെ ഭഗവാന്‍ സൂചിപ്പിക്കുന്നതും ചുണ്ടറ്റത്തൊരു ചിരിയോടെ എന്നു കരുതാം. (സ്വര്‍ഗത്തെക്കുറിച്ചുള്ള ഭഗവാന്റെ യഥാര്‍ഥപക്ഷം വഴിയേ വരുന്നുണ്ട്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായിരിക്കേണ്ടത് സ്വര്‍ഗപ്രാപ്തിയല്ല എന്നതാണ് ആ പക്ഷം).
സ്വധര്‍മത്തില്‍നിന്ന് വ്യതിചലിച്ചാലോ, ഭവിഷ്യത്ത് ഗുരുതരമാണ്
(തുടരും.....)

No comments:

Post a Comment