Friday, 17 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 7

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 7
മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ.
അല്ലയോ അര്‍ജ്ജുന, എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്ന പോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.
മരീചികയുടെ ഉത്ഭവം സൂര്യകിരണങ്ങളില്‍ നിന്നല്ലാതെ സൂര്യനില്‍നിന്നുതന്നെയാണെന്നു നാം മനസ്സിലാക്കുന്നു. അതുപോലെ മായയില്‍ നിന്നു സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചം അപ്രത്യക്ഷമാകുമ്പോള്‍ ഞാന്‍ മാത്രം നിലനില്‍ക്കുന്നുവെന്നറിയുക. അങ്ങനെ ഗോചരവും അഗോചരവുമായ എല്ലാം എന്നില്‍ അധിവസിക്കുന്നു. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്നപോലെ ഈ കാണുന്ന ജഗത്തെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. സ്വര്‍ണ്ണചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നതുപോലെ, ഈ ലോകത്തിന്റെ അകവും പുറവും എന്നാല്‍ താങ്ങിനിര്‍ത്ത
പ്പെട്ടിരിക്കുന്നു.
ആലോചനാമൃതമായ ഈ പ്രസ്താവം കാവ്യഭംഗികൊണ്ടുകൂടി മഹത്തായിരിക്കുന്നു.
സത്തായിരിക്കുന്നത് ഒന്നേ ഉള്ളൂ. അതുതന്നെ പരമം. അതില്‍ മറ്റെല്ലാം സ്ഥിതിചെയ്യുന്നു. നൂലില്ലെങ്കില്‍ മാലയില്ല. വെറും നൂല് മാലയാകുന്നില്ല. നീളത്തില്‍ മാത്രമല്ല, നെടുകെയും കുറുകെയും കോര്‍ത്ത് ഈ ആഭരണം കമനീയമായി നെയ്യപ്പെട്ടിരിക്കുന്നു. ഏതു മണിയില്‍നിന്നും മറ്റൊന്നിലേക്ക് ഈ ചരടിലൂടെ പോകാം, ചരടിലൂടെയേ പോകാനാവൂ. ഒരു മണിയും വേറെ അല്ല. ഒരു മണിക്കും വേറിട്ടുപോകാന്‍ ആവുകയുമില്ല. എന്നാല്‍ ഇതൊക്കെ സ്ഥിരമായ മണികളാണോ? അല്ല. അവിടവിടെ ഓരോ മണിയും വേവ്വേറെ ഉണ്ടായി വളര്‍ന്ന് ശോഷിച്ച് ഇല്ലാതാകുന്നു. വേറെ മണികള്‍ ഉണ്ടായിവരുന്നു. മാല മണികളേക്കാള്‍ ദീര്‍ഘായുസ്സായി ഇരിക്കുകയും ചെയ്യുന്നു. ഇതൊക്കെ അറിഞ്ഞാലേ ഈ ആഭരണത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ആവൂ. ഈ അറിവുതന്നെയാണ് ആ നൂലും ആ സൗന്ദര്യവും എന്ന വിശേഷംകൂടി ഉണ്ട്. അറിവില്ലായ്മയില്‍നിന്നുണ്ടാകുന്ന അഹങ്കാരത്തിന്റെ കഴുത്തില്‍ അണിയാനുള്ളതല്ല ഈ ആഭരണമെന്ന അറിവുകൂടി ഉണ്ടായാല്‍ സ്വരൂപജ്ഞാനം ഏതാണ്ടൊത്തു.
(തത്ത്വചിന്താപരമായി ഇവിടെയും ഗീത ഒരു സമന്വയം സാധിക്കുന്നു. നിരീശ്വരമായ സാംഖ്യമതം 'പ്രധാനം'-അവ്യക്തം അഥവാ മൂലപ്രകൃതി-ആണ് ജഗത്തിന് കാരണമെന്ന് വാദിച്ചു. നൈയായികന്‍മാരാകട്ടെ, ജഗല്‍ക്കാരണമായി പരമാണുക്കളെയാണ് സ്വീകരിച്ചത്. ഗീതാകാരന്‍ രണ്ടിനും അപ്പുറത്തേക്കു പോയി രണ്ടിനെയും പരമാത്മാവ് എന്ന ഒരേ ചരടില്‍ കോര്‍ത്ത് ഏകീകരിക്കുന്നു.)
ആകട്ടെ, എന്താണ് ഈ മാലകെട്ടിന്റെ രീതി? ഇപ്പറഞ്ഞ മഹാസൂത്രത്തിന്റെ-ആ വന്‍നൂലിന്റെ-സാന്നിധ്യം എവിടെയെങ്കിലും പ്രത്യേകമായി പ്രകടമാകുന്നുണ്ടോ?
(തുടരും..)

No comments:

Post a Comment