Tuesday, 14 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 3

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 3
മനുഷ്യാണാം സഹസ്രേഷു
കശ്ചിദ് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ
അനേകം മനുഷ്യരുടെ ഇടയില്‍ കഷ്ടിച്ച് ഒരുവന്‍ പൂര്‍വപുണ്യവശാല്‍ ആത്മജ്ഞാനസിദ്ധികൊണ്ട് പ്രയത്നം ചെയ്യുന്നു. അവരുടെ ഇടയില്‍ത്തന്നെ കഷ്ടിച്ച് ഒരുവന്‍ പരമാത്മാവായിരിക്കുന്ന എന്നെ (മല്‍പ്രസാദംകൊണ്ട്) പരമാര്‍ത്ഥമായി അറിയുന്നു.
യഥാര്‍ത്ഥത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പരമാര്‍ത്ഥജ്ഞാനം ആഗ്രഹിക്കാറുള്ളൂ. അവരില്‍ വിരളമായിട്ട് ഒരുവനുമാത്രമേ എന്നെ അറിയാന്‍ കഴിയുന്നുള്ളൂ. ശൗര്യവും പരാക്രമവുമുള്ള വ്യക്തികളെ തിരഞ്ഞെടുത്താണ് ലക്ഷത്തോളം പേര്‍ വരുന്ന സൈന്യത്തെ സംഘടിപ്പിക്കുന്നത്. എന്നാല്‍ അവരില്‍ ഒരുവന്‍ മാത്രമേ വിജയലക്ഷ്മിയുടെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് ഇടയാവുന്നുള്ളൂ. മറ്റുള്ളവരെല്ലാം ആയുധങ്ങള്‍ക്ക് ആഹാരമായിത്തീരുന്നു. അതുപോലെ ആത്മജ്ഞാനത്തിന്റെ പെരുവെള്ളത്തിലേക്ക് എടുത്തുചാടുന്ന അനവധിയാളുകളില്‍ അപൂര്‍വ്വമായി ചിലര്‍മാത്രമേ മറുകരയെത്തുന്നുള്ളൂ. ഈ ജ്ഞാനം സാധാരണമായിട്ടുള്ളതല്ല. ഇതേപ്പറ്റി ഞാന്‍ പിന്നാലെ വിശദീകരിക്കാം. ഇപ്പോള്‍ വിജ്ഞാനത്തെപ്പറ്റി, പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി, ഞാന്‍ നിന്നോടു പറയാം.
കാര്യഗൗരവം ബോധിപ്പിക്കാനാണ്, നിരുത്സാഹപ്പെടുത്താനല്ല, ഈ കഷ്ടിയായ 'വിജയശതമാനം' പറയുന്നത്. ജയിക്കണമെങ്കില്‍ നാം തന്നെ യത്‌നനിക്കണം എന്ന മുന്നറിയിപ്പ് അതില്‍ അടങ്ങിയിരിക്കുന്നു. കുതിരയെ വെള്ളത്തിനരികിലേക്കു കൊണ്ടു ചെല്ലാനല്ലാതെ കുടിപ്പിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ. അലഞ്ഞു തിരിയേണ്ട, ശുദ്ധജ്ഞാനത്തിനരികിലേക്കു ഞാനിതാ കൊണ്ടുപോകാമെന്നാണ് ക്ഷണം.
അഥവാ അങ്ങെത്തിയില്ലെങ്കിലും ഈ വഴിയില്‍ മുന്നേറുന്ന ഓരോ ചുവടും അമൂല്യമാണെന്ന് നേരത്തേ പറഞ്ഞു. നേടുന്ന 'ക്രെഡിറ്റ്' ജന്മാന്തരത്തിലേക്കുള്ള ബാലന്‍സ് ഷീറ്റില്‍ വരുമെന്നതിനാല്‍, ഒരു ജന്മം കൊണ്ടായില്ലെങ്കില്‍ അടുത്തതിലെങ്കിലും അങ്ങെത്തുമെന്ന ഉറപ്പും തന്നു. ഓരോ അടിവെപ്പും വഴിയിലെ മഹാദുഃഖങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.
പരിണാമം ഇച്ഛാനുസാരമാണെന്ന് ഈ ശ്ലോകം പ്രഖ്യാപിക്കുന്നു. മനുഷ്യജന്മം കൊണ്ട് പരമപദപ്രാപ്തിയുടെ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഇവിടെ നട്ടംതിരിയണോ, പുറകോട്ടടിക്കണോ, അതോ മുന്നോട്ടു പോകണോ എന്ന തീരുമാനം നമ്മുടേതാണ്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും അതില്‍ നിന്നിളകുന്നതും നമ്മുടെ ഇഷ്ടം. ആ ഇഷ്ടത്തിനു പിന്നിലും പക്ഷേ, പൂര്‍വവാസനകള്‍ പ്രവര്‍ത്തിക്കുന്നു. പരമമായ സ്വാതന്ത്ര്യം ആത്മസ്വരൂപത്തിനു മാത്രമേ ഉള്ളൂ. അതുതന്നെയാണ് നമ്മുടെ യഥാര്‍ഥസ്വരൂപമെന്ന് തിരിച്ചറിയാനോ അറിയാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ് നമുക്കുള്ളത്.
(തുടരും..)

No comments:

Post a Comment