ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 46
തപസ്വിഭ്യോഽധികോ യോഗീ
ജ്ഞാനിഭ്യോഽ പി മതോഽധികഃ
കര്‍മ്മിഭ്യശ്ചാധികോ യോഗീ
തസ്മാദ് യോഗി ഭവാര്‍ജ്ജുന
ജ്ഞാനിഭ്യോഽ പി മതോഽധികഃ
കര്‍മ്മിഭ്യശ്ചാധികോ യോഗീ
തസ്മാദ് യോഗി ഭവാര്‍ജ്ജുന
തപസ്സു ചെയ്യുന്നവര്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ കര്‍മ്മം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരെക്കാളും ധ്യാനയോഗി ശ്രേഷ്ഠനാകുന്നു വെന്നാണ് എന്റെ അഭിപ്രായം അതിനാല്‍ ഹേ അര്‍ജ്ജുന നീ മനസ്സിനെ സമനില അഭ്യസിപ്പിക്കുന്ന യോഗിയായി ഭവിച്ചാലും.
കര്‍മ്മനിഷ്ഠരായ ആളുകള്‍ ബ്രഹ്മത്തെ പ്രാപിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി ധൈര്യത്തെ അവലംബിച്ചുകൊണ്ട് അദ്ധ്യാപനം അദ്ധ്യയനം, യജനം, യാജനം ദാനം പ്രതിഗ്രഹം തുടങ്ങിയ ബാഹ്യമായ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ഇതേ ഉദ്ദേശത്തോടുകൂടി ജ്ഞാനികള്‍ ജ്ഞാനത്തിന്റെ കഞ്ചുകവും ധരിച്ച് ഐഹിക ജീവിതത്തിന്റെ പോര്‍ക്കളത്തില്‍ മല്‍പ്പിടുത്തം നടത്തുന്നു. ഇതേ ഇച്ഛയോടുകൂടി നിമ്നോന്നതമായി ക്ലിഷ്ടമായതും വഴുവഴുക്കുന്നതുമായ തപസ്സിന്റെ കൊടുമുടികള്‍ കയറുന്നതിന് തപസ്വികള്‍ ശ്രമിക്കുന്നു. പരബ്രഹ്മവുമായുള്ള ഐക്യം എല്ലാ ഉപാസകരുടേയും ആരാധനാ ലക്ഷ്യമാണ്. യജ്ഞകര്‍മ്മികള്‍ക്ക് അത് യജ്ഞസാമഗ്രിയാണ്. ജ്ഞാനികള്‍ക്ക് അതു ജ്ഞാനസാധനമാണ്. തപസ്വികള്‍ക്ക് അത് തപോദേവതയാണ്. എല്ലാ സത്യാന്വേഷികള്‍ക്കും എത്തിച്ചേരാവുന്ന ആ പരമസത്യവുമായി യോഗി താദാത്മ്യം പ്രാപിക്കുന്നു. യജ്ഞകര്‍മ്മികളെല്ലാം അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജ്ഞാനികള്‍ അദ്ദേഹത്തിന്റെ മഹത്വത്തെ അറിയുന്നു. തപസ്വികള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായി കരുതുന്നു. അദ്ദേഹം മനുഷ്യ ശരീരത്തില്‍ വസിക്കുകയാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഏകാഗ്രമായ മനസ്സ് ആത്മാവിനോട് ചേര്‍ന്ന് പരമാത്മാവില്‍ ലയിക്കുമ്പോള്‍ അദ്ദേഹം അതിനോടൊപ്പം മഹത്വമുള്ളവനായിത്തീരുന്നു. അങ്ങനെ യോഗത്തിന്റെ വീഥി ഇക്കാര്യത്തില്‍ താപസവൃത്തിയുടേയോ കര്‍മ്മകാണ്ഡത്തിന്‍റേയോ ധിക്ഷണാശക്തിയുടേയോ വീഥികളേക്കാള്‍ ശ്രേഷ്ഠതരമാണ്. ഈ കാരണങ്ങള്‍കൊണ്ടാണ് അല്ലയോ പാണ്ഡുപുത്രാ ഞാന്‍ നിന്നോട് ഹൃദയംഗമമായി പറയുന്നത് നീ ഒരു യോഗിയാകണമെന്ന്.
തപസ്സിന് പലപ്പോഴും പരമാത്മസ്വരൂപലയത്തില്‍ നിന്ന് അന്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകാറുണ്ട്; യോഗി ശ്രമിക്കുന്നത് സ്വരൂപത്തില്‍ ലയിക്കാന്‍ മാത്രവും. അതുകൊണ്ടാണ് മേന്മ. ജ്ഞാനി എന്നിവിടെ പറയുന്നത് വേദശാസ്ത്രങ്ങള്‍ കമ്പോടുകമ്പ് വശമാക്കിയ (പക്ഷേ, അതൊന്നും ദഹിക്കാത്ത) വിദ്വാനെയാണ്; ജ്ഞാനം അനുഭവമായിട്ടി ല്ലാത്ത ആള്‍. യോഗിയാകട്ടെ, പരമമായ ലയത്തിന്റെ ആദ്യരുചി യില്‍നിന്നാണ് തുടങ്ങുന്നത്. (അതിനാലാണ് യോഗവിഷയത്തിലുള്ള ജിജ്ഞാസപോലും പരമശ്രേഷ്ഠമാകുന്നത്). കര്‍മി എന്നു പറയുന്നത് വേദങ്ങളിലെ കര്‍മകാണ്ഡത്തിന്റെ നടത്തിപ്പുകാരനാകാനേ തരമുള്ളൂ; കര്‍മയോഗിയെ ഉദ്ദേശിച്ചാകാന്‍ ഇടയില്ല. കാരണം, കര്‍മയോഗവും (ജ്ഞാനയോഗവും) ധ്യാനയോഗവും എല്ലാം ഒന്നുതന്നെയെന്നാണ ല്ലോ ഗീതാപക്ഷം.
(തുടരും..)
No comments:
Post a Comment