Wednesday, 29 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 20

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 20
കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ
പ്രപദ്യന്തേഽ ന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രക‍ത്യാ നിയതാ സ്വയാ.
തങ്ങളുടെ സ്വഭാവത്തില്‍ (പൂര്‍വജന്മകര്‍മ്മവാസനയാല്‍ ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ ജനങ്ങള്‍ വിവിധ നിയമങ്ങളെ സ്വീകരിച്ച് ഇതര ദേവന്മാരെ ഭജിക്കുന്നു.
തങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം തങ്ങള്‍ക്കു വേണമെന്നുള്ള ആഗ്രഹം മനസ്സില്‍ കടന്നുകൂടുന്നതോടുകൂടി ജ്ഞാനത്തിന്റെ പ്രകാശം അണയുന്നു. അപ്രകാരം അകത്തും പുറത്തും അജാഞാനാന്ധകാരം പടര്‍ന്നുപിടിക്കുമ്പോള്‍ അവന്‍ എന്നെ വിസ്മരിക്കുകയും ഔത്സുക്യത്തോടെ മറ്റു ദേവന്മാരുടെ ഉപാസനയില്‍ ഹൃദയംഗമമായി മുഴുകുകയും ചെയ്യുന്നു. അപ്രകാരമുള്ളവര് മായയുടെ അടിമകളായിത്തീരുകയും ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പാഞ്ഞു തരംതാഴുകയും ചെയ്യുന്നു. ഭൗതികസുഖങ്ങളില്‍ ആസക്തരായിത്തീരുന്ന അവരെപ്പറ്റി എന്തുപറയാനാണ് ? ഈ ദേവതകളുടെ ഉപാസനയ്ക്കുവേണ്ട ആരാധനാക്രമങ്ങളൊക്കെ ഉറപ്പുവരുത്തിയും അവര്‍ക്ക് അര്‍പ്പിക്കേണ്ട വഴിപാടുകള്‍ എന്തൊക്കെയെന്നു നിശ്ചയിച്ചും അതിലേക്കാവശ്യമായ വ്രതങ്ങള്‍ അനുഷ്ഠിച്ചുമാണ് അവര്‍ ഇഷ്ടദേവതമാരെ ഭജിക്കുന്നത്.
'പ്രകൃതി' എന്നാല്‍ ജന്മാന്തരങ്ങളില്‍ സമ്പാദിച്ച സംസ്‌കാരവിശേഷം എന്ന് അര്‍ഥം പറഞ്ഞുകൊണ്ട് ആചാര്യസ്വാമികള്‍ തുടരുന്നു: ''പുത്രപശുസ്വര്‍ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേകവിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന് അന്യന്മാരായ ദേവന്മാരെ ശരണം പ്രാപിക്കുന്നു. അവര്‍ തങ്ങളുടെ പ്രകൃതിക്ക് വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക് പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു.''
എന്തിലെയും സത്തായ പ്രകാശമാണ് അതിലെ ദേവത. ഏത് ദേവതയെ പ്രീതിപ്പെടുത്താനുദ്ദേശിക്കുന്നുവോ അതിനു പ്രത്യേകം ഉപാധികളും കീഴ്‌വഴക്കങ്ങളും നിയമങ്ങളും നിലവില്‍ വരുന്നു. യാഗാദി കര്‍മങ്ങളെ മാത്രമല്ല എല്ലാ പരാവിദ്യകളെയും ദേവതോപാസനകളായി കരുതാം. ഓരോ ശരണവിഷയവും അതിനോട് വേഗത്തില്‍ ഇണങ്ങുന്ന വാസനയെ ഉദ്ദീപിപ്പിക്കുന്നു. ഈ ഉദ്ദീപനത്താല്‍ കൊടുങ്കാറ്റിനാലെന്ന മട്ടില്‍ നയിക്കപ്പെടുന്നത് ഒരുമാതിരി മനോരോഗം ബാധിച്ചപോലെയാണ്. ആ പ്രേരണയെയാണ് മനഃശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നത്. ഇതുവേറെ, ആത്മസ്വരൂപദര്‍ശനത്തിലേക്ക് ആകൃഷ്ടമാകുന്ന വഴിയും മുറയും വേറെ. ശരിയായ അറിവിന്റെ അഭാവമാണ് കാതലായ വ്യത്യാസം.
ആര്‍ത്തന്മാരും അര്‍ഥാര്‍ഥികളും ചിലപ്പോള്‍ ജിജ്ഞാസുക്കള്‍പോലും ('ഒക്കുമോ എന്നറിയണ്ടേ?' എന്നും 'ഒത്താലായല്ലോ!' എന്നും) ഇത്തരം ഇടത്താവളത്തില്‍ കുടുങ്ങിപ്പോകുന്നു. പൂജാവിധികളും ആരാധനക്രമങ്ങളുമായി ഇക്കൂട്ടരുടെ ജന്മം കഴിയുന്നു.
താന്താങ്ങളുടെ ഉപാസനയില്‍ ഇവര്‍ക്കുള്ള വിശ്വാസദാര്‍ഢ്യത്തിന് എന്താണ് അടിസ്ഥാനം?
(തുടരും..)

No comments:

Post a Comment