Friday, 31 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 22

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 22
സ തയാ ശ്രദ്ധയാ യുക്ത-
സ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്‍
മയൈവ വിഹിതാന്‍ ഹി താന്‍.
അചഞ്ചലമായ ദൃഢവിശ്വാസത്തോടെ അവരുടെ ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതുവരെ അവര്‍ ഇഷ്ടദേവതകളെ ഉപാസിക്കുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്രകാരം ലഭിക്കു്ന്ന ഫലം ഞാന്‍മാത്രമാണ് നല്‍കുന്നത്.
ആ (മേല്പറഞ്ഞ) ഭക്തന്‍ അപ്രകാരമുള്ള (ദൃഢമായ) വിശ്വാസത്തോടെ അതിനെ (ആ ദേവതയെ) ആരാധിക്കുന്നു. അതില്‍നിന്ന് (ആ ദേവത മുഖേന) അവന് ഞാന്‍തന്നെ നല്കുന്ന ഇഷ്ടഫലങ്ങള്‍ കിട്ടുകയും ചെയ്യുന്നു എന്ന് സ്പഷ്ടം.
എല്ലാ കര്‍മങ്ങളും ബ്രഹ്മത്തില്‍നിന്ന് ഉണ്ടാകുന്നവയാണ്. ('കര്‍മ ബ്രഹ്മോത്ഭവം വിദ്ധി' - 3, 15). ആത്യന്തിക ഊര്‍ജം ബ്രഹ്മമായതുതന്നെ കാരണം. അനുഭവങ്ങള്‍ക്കും ആസ്പദം ബ്രഹ്മംതന്നെ. ഉപാസകന്‍ സകാമിയായാലും ഭജനം ഊര്‍ജസിദ്ധിക്ക് ഹേതുവായി ഭവിക്കുന്നു. അതായത്, ഭജിക്കുന്നവന്റെ അഭീഷ്ടം ഇഷ്ടദേവത വഴിയായി സഫലീകരിക്കുന്നത് പരമാത്മാവുതന്നെയാണ്.
നാനാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഭൂലോകത്ത് സഹവര്‍ത്തിക്കുന്നു. പശു മുതല്‍ ഉപ്പുമാങ്ങയിലെ കൂത്തന്‍ വരെയും നവഗ്രഹങ്ങള്‍ മുതല്‍ കല്‍ത്തുണ്ടു വരെയും കുട്ടിച്ചാത്തന്‍ മുതല്‍ മലമുത്തി വരെയും ആരാധിക്കപ്പെടുന്നു. ഈ ബഹുസ്വരതയുടെ പിന്നിലെ ഏകത്വമാണ് ഗീത അനാവരണം ചെയ്യുന്നത്. എല്ലാം ഒരേ തിരക്കഥയിലെ സീനുകളാണ്. സംവിധായകന്‍ ഒന്നേ ഉള്ളൂ. ഭജനം ശരിയായാല്‍ എല്ലാ ആരാധനയും ഫലവത്താണ്.
(തുടരും..)

No comments:

Post a Comment