Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-5

സത്ത്വം രജസ്തമ ഇതി
ഗുണാഃ പ്രകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ
ദേഹേ ദേഹിനമവ്യയം

ഹേ, മഹാബാഹോ! സത്ത്വം, രജസ്സ്, തമസ്സ് എന്ന പ്രകൃതിയില്‍ നിന്നുത്ഭവിക്കുന്ന ഗുണങ്ങള്‍ നാശരഹിതമായ ആത്മാവിനെ ഗുണകാര്യങ്ങളായ സുഖദുഃഖമോഹാദികളോട് ബന്ധിപ്പിക്കുന്നു.

സത്ത്വം, രജസ്സ്, തമസ്സ് എന്നറിയപ്പെടുന്ന ഈ മൂന്നു ഗുണങ്ങളും പ്രകൃതിയില്‍ നിന്ന് ജന്മമെടുക്കുന്നു. ഇതില്‍ സത്ത്വഗുണം ഉത്തമവും രാജോഗുണം മദ്ധ്യമവും തമോഗുണം അധമവുമാകുന്നു. ഒരേ ശരീരത്തില്‍ ബാല്യവും യൗവ്വനവും വാര്‍ദ്ധക്യവും സ്ഥിതിചെയ്യുന്നതുപോലെ ഒരുവന്‍റെ എല്ലാ അന്തഃകരണവൃത്തിയിലും ഈ മൂന്നു ഗുണങ്ങളും അന്തര്‍രഹിത വുമായി സ്ഥിതിചെയ്യുന്നു. സ്വര്‍ണ്ണത്തിനോടൊപ്പം മറ്റു ലോഹങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്‍റെ തൂക്കം വര്‍ദ്ധിക്കുമെങ്കിലും അതിന്‍റെ മാറ്റു കുറയുന്നു, ജാഗ്രതാവസ്തയ്ക്ക് ആലസ്യമുണ്ടാകുമ്പോള്‍ ഒരുവന്‍റെ ശ്രദ്ധ കുറയുന്നു. അപ്പോള്‍ ശരീരത്തോടെ തന്നെ ഉദാസീനഭാവം കൈക്കൊള്ളുകയും അവസാനം സുഖസുഷുപ്തിയില്‍ അമരുകയും ചെയ്യുന്നു. അപ്രകാരം അജ്ഞാനം മാനസികാവസ്ഥയെ കീഴ്പ്പെടുത്തുന്നു. സത്ത്വ രജോ ഗുണങ്ങളുടെ മദ്ധ്യമേഖലയെ അതിക്രമിച്ച് കടക്കുന്ന തമസ്സ് അവിടെ കൊടികുത്തി വാഴുന്നു. അല്ലയോ അര്‍ജ്ജുന, മനസ്സിന്‍റെ അവസ്ഥാഭേദങ്ങളാണ് ഗുണങ്ങള്‍ എന്നറിയുക. ഈ ത്രിഗുണങ്ങള്‍ എങ്ങനെയാണ് ആത്മാവിനെ ബന്ധനസ്ഥനാക്കുന്നതെന്നുള്ളതിന്‍റെ മര്‍മ്മത്തെപ്പറ്റി ഞാന്‍ നിനക്ക് പറഞ്ഞു തരാം.

ക്ഷേത്രജ്ഞനായ ആത്മാവു ശരീരത്തില്‍ പ്രവേശിച്ചു ജീവാത്മാവയിത്തീരുമ്പോള്‍ അതു ശരീരവുമായി താദാത്മ്യം പ്രാപിച്ച് താനാണു ശരീരമെന്നു ചിന്തിച്ചുതുടങ്ങുന്നു, തന്മൂലം ജനനം മുതല്‍ മരണം വരെ ദേഹര്‍മ്മങ്ങളോട് മമത്വം പുലര്‍ത്തുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതോടെ ജീവാത്മാവ് കെണിയിലകപ്പെട്ട കലമാനെപ്പോലെ ആയിത്തീരുന്നു. ദേഹധര്‍മ്മങ്ങളാകുന്ന ചരടില്‍ കോര്‍ത്തിട്ടിരിക്കുന്ന, മമത്വം കൊണ്ട് പൊതിഞ്ഞ അഹന്തയുടെ ചൂണ്ട വെട്ടി വിഴുങ്ങുന്നതോടെ, ആത്മാവു ഗുണങ്ങളുടെ വലയിലേക്ക് ആനയിക്കപെടുന്നു.

ഗുണപദത്തിന് 'കെട്ടിയിടാനുപയോഗിക്കുന്ന കയര്‍' എന്ന അര്‍ഥമുണ്ട്. ആ അര്‍ഥം, ഈ ഗുണങ്ങളെന്ന പ്രഭാവങ്ങള്‍ പ്രപഞ്ചനിര്‍മിതിയില്‍ എന്ത് ധര്‍മം നിര്‍വഹിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സമാവസ്ഥയെ ആസ്പദമാക്കി, അതിനിരുവശത്തേക്കും വികാസവും സങ്കോചവും ഉളവാകുന്നതു
കൊണ്ടാണ് മിടിപ്പുകള്‍ അവ്യക്തമാധ്യമത്തില്‍ നിലനില്ക്കുന്നത്. ഈ ഗുണങ്ങള്‍ ആത്യന്തികവും നിത്യവുമായ ഊര്‍ജത്തെ, സ്പന്ദനക്രിയയിലൂടെ അവ്യക്തമാധ്യമത്തില്‍ കുരുക്കി ഇടുന്നു എന്നു മാത്രമല്ല, പടിപടിയായി, സ്പന്ദങ്ങളുടെ കൂടുതല്‍കൂടുതല്‍ വലിയ കൂട്ടായ്മകള്‍ രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു.

(തുടരും..)

No comments:

Post a Comment