ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
13 ക്ഷേത്രക്ഷേത്രജ്ഞ
വിഭാഗയോഗം -
ശ്ളോകം - 22
ശ്ളോകം - 22
ഉപദ്രഷടാനുമന്താ ച
ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ
ദേഹോഽസ്മിന്‍ പുരുഷഃ പരഃ
ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ
ദേഹോഽസ്മിന്‍ പുരുഷഃ പരഃ
ഈ ദേഹത്തില്‍ വിളങ്ങുന്ന പരമപുരുഷനെ സാക്ഷിയെന്നും
അനുമതി നല്‍കുന്നവനെന്നും ഭരിക്കുന്നവനെന്നും ഭോക്താവ് എന്നും മഹേശ്വരനെന്നും
പരമാത്മാവെന്നുമൊക്കെ പറയുന്നു.
മുല്ലവള്ളിക്ക് പടരാന്‍ തേന്മാവു വേണം. എന്നാല്‍
മുല്ലവള്ളിയുടെ പ്രകൃതത്തിനോട് തേന്മാവിന് യാതൊരു ബന്ധവുമില്ല. അതുപോലെ പുരുഷന്‍
ഉദ്ധതമായിനിന്ന് പ്രകൃതിയെ താങ്ങി നിര്‍ത്തുന്നു. അതേ സമയത്ത് പുരുഷന്‍റെയും
പ്രകൃതിയുടെയും സ്വഭാവം തമ്മില്‍ ഭൂമിയും ആകാശവുംപോലെ വ്യത്യസ്തമാണ്.
പ്രകൃതിയാകുന്ന നദിക്കരയില്‍ നില്‍ക്കുന്ന മഹാമേരു പര്‍വതമാണ്
പുരുഷന്‍. പര്‍വതത്തിന്‍റെ നിഴല്‍ നദിയില്‍ പ്രതിഫലിക്കുമെങ്കിലും അതിനെ
ഒഴുക്കികൊണ്ട് പോകാന്‍ നദീപ്രാവാഹത്തിന് സാദ്ധ്യമല്ല. പ്രകൃതി ഉണ്ടാവുകയും
അഴിയുകയും ചെയ്യുന്നു. പക്ഷേ പുരുഷന്‍ ശാശ്വതനായി നിലനില്‍ക്കുന്നു. ആകയാല്‍ അവന്‍
സൃഷ്ടിജാലങ്ങളിലെ ഉറുമ്പ് മുതല്‍ ബ്രഹ്മാവ്‌വരെയുള്ള എല്ലാറ്റിന്‍റെയും ഭരണകര്‍ത്താവാണ്.
പ്രകൃതി പുരുഷന്‍ ഹേതുവായി മാത്രം നിലനില്‍ക്കുകയും അവന്‍റെ
പ്രഭാവത്തില്‍കൂടി മാത്രം ജഗത്തിന് ജന്മംകൊടുക്കയും ചെയ്യുന്നു. ആകയാല്‍ പുരുഷന്‍
പ്രകൃതിയുടെ ഭര്‍ത്താവാണ്.
അനാദികാലം മുതല്‍ പ്രകൃതിയാല്‍ സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം
ഓരോ കല്പാന്തത്തിലും പുരുഷനില്‍ ലയിക്കുന്നു. അവന്‍ പ്രകൃതിയുടെ നാഥനാണ്.
മഹത്ബ്രഹ്മമെന്നറിയപ്പെടുന്ന പുരുഷന്‍ പ്രപഞ്ചത്തിന്‍റെ സൂത്രധാരനാണ്.
എല്ലാറ്റിലും വ്യാപരിക്കാന്‍ കഴിയുന്ന അവന്‍ ലോകത്തിന്‍റെയും ലോകവ്യവഹാരങ്ങളുടെയും
മൂല്യം നിര്‍ണ്ണയിക്കുന്നു. എല്ലാ ശരീരത്തിലും വസിക്കുന്ന ഇവന്‍ പരമപുരുഷന്‍
എന്നറിയപ്പെടുന്നു. പാണ്ഡുപുത്രാ, പ്രകൃതിയുടെ പരിധിക്കു
മപ്പുറത്ത് ഉണ്ടെന്ന് വിശ്വസിക്കുന്ന പുരുഷന്‍ ഈ പുരുഷനാണ്.
ഞാന്‍ ദേഹം മാത്രമാണ് എന്ന അവിവേകം നീങ്ങിപ്പോകെ
പരമാത്മപ്രഭാവം പടിപടിയായി എവ്വിധമെല്ലാം അനുഭവമാകുമെന്നുകൂടി ഈ പദ്യം
വിശദമാക്കുന്നു. കാര്യാകാര്യവിവേകം ഉണ്ടാകുന്ന മുറയ്ക്ക്, ഒന്നും ചെയ്യുന്നത്
യഥാര്‍ഥത്തില്‍ താനല്ലെന്നും താനൊരു സാക്ഷി മാത്രമെന്നും അനുഭവമാകും. കരണങ്ങള്‍
നിയന്ത്രണാധീനങ്ങളാകലാണ് അടുത്ത പടി. അപ്പോള്‍, താന്‍ സാക്ഷിതന്നെ
എന്നാലും, തന്റെ
അനുമോദനവും അനുവാദവും ലഭിച്ചാലേ കരണങ്ങള്‍ പ്രവര്‍ത്തിക്കൂ എന്ന ഘട്ടം വരും.
ആത്മനിയന്ത്രണം കുറച്ചുകൂടി പുരോഗമിച്ചാല്‍, സ്വന്തം
ഇച്ഛയ്ക്കനുസരിച്ചേ എപ്പോഴും കരണങ്ങള്‍ പ്രവര്‍ത്തിക്കയോ പ്രവര്‍ത്തിക്കാതിരിക്കയോ
ചെയ്യൂ എന്നാവും. ഇത്രയുമായാല്‍ കാര്യകരണസംഘാതത്തിന്മേലുള്ള ഭര്‍തൃഭാവം
അനുഭവിക്കാം. സമാധിയിലെത്താന്‍ കഴിവുള്ള യോഗിയുടെ സ്ഥിതിയാണ് ഇത്. തുടര്‍ന്ന്
ഇടതടവില്ലാത്ത ആത്മാനന്ദാനുഭവം കിട്ടുന്നു. ഈ അര്‍ഥമെടുക്കുമ്പോള്‍ ഇതാണ്
ഭോക്തൃഭാവം. (അല്ലാതെ വിഷയഭോഗാനുഭവമല്ല).
പ്രപഞ്ചസീമകളും കടന്ന് നിത്യശുദ്ധമായ അദ്വയപരമാത്മാവാണ്
താനെന്ന അനുഭവമാണ് സാക്ഷാത്കാരം. ദേഹവുമായി കഴിയവേതന്നെ ഈ നിലകളിലെല്ലാം ആര്‍ക്കും
ആത്മാനുഭവം നേടാന്‍ സാധിക്കുമെന്നു കാണിക്കാനാണ് 'ദേഹേസ്മിന്‍' എന്നു പറയുന്നത്.
(തുടരും..)
No comments:
Post a Comment