ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
14- ഗുണത്രയവിഭാഗയോഗം
- ശ്ളോകം-11
സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്
വിവൃദ്ധം സത്ത്വമിത്യുത.
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്
വിവൃദ്ധം സത്ത്വമിത്യുത.
ഈ ദേഹത്തില്‍ സര്‍വ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനാത്മകമായ
പ്രകാശം എപ്പോഴുണ്ടാകുന്നവോ അപ്പോള്‍ സത്ത്വഗുണം വര്‍ദ്ധിച്ചിരി ക്കുന്നുവെന്നു
അറിയേണ്ടതാകുന്നു.
അല്ലയോ പാര്‍ത്ഥ! രജസ്സിനെയും തമസ്സിനേയും
കീഴ്പ്പെടുത്തി സത്ത്വഗുണം മുന്നിട്ടു നില്‍ക്കുമ്പോള്‍ ഒരുവനില്‍ പ്രകടിതമാവുന്ന
ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്നു ഞാന്‍ പറയാം .
വസന്തകാലത്തില്‍ സരസീരുഹങ്ങള്‍വിടര്‍ന്നു അവയുടെ സൗരഭ്യം
എല്ലായിടത്തും പരക്കുന്നതുപോലെ, ഒരുവന്‍റെ ഉള്ളില്‍
നിറഞ്ഞു നില്‍ക്കുന്ന പ്രജ്ഞാപ്രകാശം പുറത്തേക്ക് കവിഞ്ഞൊഴുകുന്നു. അവന്‍റെ സര്‍വ്വേന്ദ്രിയങ്ങളുടെയും
അങ്കണത്തില്‍ വിവേകം ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നു. കരചരണാദികള്‍ക്കുപോലും
അപ്പോള്‍ കാഴ്ചശക്തി ലഭിച്ചതായി തോന്നും. രാജഹംസം തന്‍റെ ചുണ്ട് കൊണ്ട് പാലും
വെള്ളവും തമ്മില്‍ തരം തിരിക്കുന്നതുപോലെ, ഇന്ദ്രിയ
നിഗ്രഹാഭ്യാസംകൊണ്ട് വിവേകശക്തി നേടിയ അവന്‍റെ ഇന്ദ്രിയങ്ങളുടെ സഹായത്തോടെ അവന്‍
ദോഷത്തെയും ഗുണത്തെയും, പാപത്തെയും
പുണ്യത്തെയും തമ്മില്‍ തരം തിരിക്കുന്നു. അവന്‍റെ കാതുകള്‍ അന്തഃപ്രേരിതമായി കേള്‍ക്കാന്‍
പാടില്ലാത്തതൊക്കെ വര്‍ജ്ജിക്കുന്നു; കാണേണ്ടതല്ലാത്തതെല്ലാം
കണ്ണുകള്‍ തള്ളിക്കളയുന്നു; സംസാരിക്കാന്‍
പാടില്ലത്തതൊക്കെ നാക്ക് ഒഴിവാക്കുന്നു. വിളക്കിന്‍റെ മുന്നില്‍ നിന്ന് അന്ധകാരം
പറന്നുപോകുന്നതുപോലെ, ഇന്ദ്രിയ
നിഗ്രഹം അനുഷ്ടിക്കുമ്പോള്‍ നിഷിദ്ധകര്‍മ്മങ്ങള്‍ ഇന്ദ്രിയങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍
ധൈര്യപ്പെടാതെ ഓടിയൊളിക്കുന്നു.
'എന്റെ കണ്ണില്‍ ഇരുട്ടു
കയറിപ്പോയി', 'എനിക്ക് ദിക്കറിയാതായി', 'എനിക്ക് ഒന്നും ഓര്‍മ
ഇല്ലാതായി' എന്നിങ്ങനെ
'എനിക്കു
ബോധം നഷ്ടപ്പെട്ടു' എന്നുവരെ
ഉള്ള അവസ്ഥകള്‍ക്ക് വിപരീതമായ സ്ഥിതിയെയാണ് ഇപ്പറയുന്നത്. 'എന്റെ എല്ലാ
ധാരണോപാധികളും ജാഗരൂകങ്ങളായിരിക്കുന്നു' എന്ന നില. സമനില
തെറ്റാതിരുന്നാലേ ഈ നില കൈവരൂ. 'ദ്വാര'ശബ്ദത്തിന് വ്യുല്പത്തി
'ദ്വാരയതി
ഇതി' എന്നാണ്.
അപരിചിതരെ തടയുന്നത് എന്നര്‍ഥം. ശരിയായ അറിവിന് അയഥാര്‍ഥജ്ഞാനം അപരിചിതമാണ്.
ഗുണനിയന്ത്രണത്തിലൂടെയേ സ്വഭാവനിയന്ത്രണം സാധിക്കൂ.
പക്ഷേ, ഗുണങ്ങള്‍
പ്രത്യക്ഷങ്ങളല്ല, ഫലം
കണ്ടേ അവയുടെ പ്രാമുഖ്യം നിശ്ചയിക്കാനാവൂ. അതിനാല്‍, വിവിധ ഗുണങ്ങളുടെ
ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം.
തുടരും...
തുടരും...
No comments:
Post a Comment