ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
13 ക്ഷേത്രക്ഷേത്രജ്ഞ
വിഭാഗയോഗം -ശ്ളോകം - 27
സമം സര്‍വ്വേഷു ഭൂതേഷു
തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം
യഃ പശ്യതി സ പശ്യതി.
തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം
യഃ പശ്യതി സ പശ്യതി.
സ്ഥാവരജംഗമങ്ങളായ സകല ചരാചരങ്ങളിലും ഒരുപോലെ
സ്ഥിതിചെയ്യുന്ന പരമേശ്വരനെ (പരമാത്മാവിനെ) നശ്വരവസ്തുക്കളില്‍ അനശ്വരമായി ഏവന്‍
കാണുന്നുവോ അവന്‍ സത്യം കാണുന്നു.
നെയ്തെടുത്ത വസ്ത്രം അതുണ്ടാക്കപ്പെട്ടിട്ടുള്ള
തന്തുവിന്‍റെ അവസ്ഥയിലല്ല. എന്നാല്‍ വസ്ത്രം ചക്ഷുഗോചാരമാകുന്നത് നൂലിന്‍റെ
സാന്നിദ്ധ്യം കൊണ്ടാണ്. ഇതുപോലെയാണ് പ്രകൃതിയും പുരുഷനും തമ്മിലുള്ള ഉഭയയോഗം. ഇത്
അഗാധമായ ഉള്‍ക്കാഴ്ചകൊണ്ടും വിചാരം കൊണ്ടും അറിയേണ്ടതാണ്. എല്ലാ ജീവികളും ഒരേ
ഉത്ഭവസ്ഥാനമായ പരമാത്മാവില്‍ നിന്ന്‍ ഉദ്ഭൂതമാകുന്നു. അത് ഒരേ വസ്തുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഈ സത്യം അനുഭവിച്ചാണ് അറിയേണ്ടത്. ഈ ജീവികള്‍ക്ക് വിവിധ നാമങ്ങളും
രൂപങ്ങളും നിറങ്ങളും വേഷങ്ങളും ഉണ്ട്. ഇവയുടെ പെരുമാറ്റവും പല രീതിയിലാണ്. ഈ
വൈവിധ്യങ്ങള്‍ കണ്ട് നിന്‍റെ മനസ്സ് ദ്വൈതകല്പനയിലെത്തിച്ചേരുക യാണെങ്കില്‍ നീ
കോടാനുകോടി ജന്മങ്ങളെടുത്താലും ഈ സംസാരജീവിതത്തില്‍ നിന്ന്‍ മോചിതനാവുകയില്ല.
വെള്ളരിയില്‍ വിവിധ വലിപ്പത്തിലും ആകൃതിയുലുമുള്ള
വെള്ളരിക്ക ഉണ്ടാകുന്നു. ലന്തമരത്തിന്‍റെ ശാഖകള്‍ വളഞ്ഞിരുന്നാലും മരം ഒന്ന്
തന്നെയാണ്. അതുപോലെ ജീവികള്‍ പലവിധത്തിലും ആകൃതിയിലും ഇരുന്നാലും അതിന്‍റെ പൊതു
ഉറവിടമായ പരബ്രഹ്മം ഏകീകൃതവും അമിശ്രിതവുമാണ്. വിവിധ തരത്തിലുള്ള
അഗ്നിസ്ഫുലിംഗങ്ങളുടെ ചൂട് ഒരേവിധത്തിലായിരിക്കുന്നതുപോലെ നാനാമുഖങ്ങളായ
ജീവജാലങ്ങളുടെ അന്തര്‍ഭാഗത്ത് കുടികൊള്ളുന്ന പരമാത്മാവ് ഒരെഒരെണ്ണം മാത്രമാണ്.
ആകാശത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ചൊരിയുന്ന മാരിയില്‍ ഒരേ ഗുണമുള്ള ജലമാണ്
ഉള്ളത്. അതുപോലെ ജീവജാലങ്ങള്‍ വിവിധരൂപത്തിലും ആകൃതിയിലും ആയിരുന്നാലും അതിലെല്ലാം
വസിക്കുന്ന ആത്മാവ് ഒന്നു തന്നെയാണ്. മണ്‍കുടവും തപോമണ്ഡപവും വിവിധ
ആകൃതിയിലാണെങ്കിലും അതില്‍ നിറഞ്ഞിരിക്കുന്ന ആകാശം ഒന്നുതന്നെയല്ലേ? അതുപോലെ
വ്യത്യസ്തരൂപങ്ങളിലും നിറങ്ങളിലും കാണുന്ന ജീവികളിലെല്ലാം ഒരേ ആത്മാവാണ്
സ്ഥിതിചെയ്യുന്നത്.
കണ്ഠാഭരണങ്ങളും കൈവളകളും വിവിധ ആകൃതിയിലും രീതിയിലും
തീര്‍ത്തിട്ടുള്ളവയാണെങ്കിലും അതില്‍ ഒരേ മാറ്റിലുള്ള സ്വര്‍ണ്ണം അടങ്ങിയിരിക്കും.
ഈ ആഭരണങ്ങളുടെ രൂപം മാറ്റിയാലും സ്വര്‍ണ്ണത്തിന്‍റെ മാറ്റിന് മാറ്റം
ഉണ്ടാവുകയില്ല. അതുപോലെ, മായികവും
ഭൂമികവുമായ ജീവജാലങ്ങളെല്ലാം നശിച്ചാലും അതില്‍ സ്ഥിതിചെയ്യുന്ന ആത്മാവ്
അനശ്വരനായി നില്‍ക്കുന്നു. ജീവജാലങ്ങളുടെ സഹജമായ ഗുണങ്ങളൊന്നുമില്ലാതെ, ആത്മാവ് അവയില്‍ നിന്ന്
വേറിട്ടു നില്‍ക്കുന്നുവെന്നും എന്നാല്‍ ജീവധര്‍മ്മരഹിതമായ ആത്മാവ് എല്ലാ
ജീവികളിലും വ്യാപരിച്ചിരിക്കുന്നുവെന്നും മനസ്സിലാക്കുന്നവനാണ് ജ്ഞാനി. അവന്‍റെ
നയങ്ങള്‍ സുനയനങ്ങളാണ്. അവന്‍ സത്യത്തെ കണ്ടെത്തുന്നു. ഞാന്‍ വെറുതെ അവനെ
സ്തുതിക്കുകയല്ല. അപ്രകാരമുള്ള ഒരുവന്‍ ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയാണ്.
പ്രപഞ്ചയാഥാര്‍ഥ്യം എന്തെന്ന് ആരായലാണല്ലോ സത്യാന്വേഷണം.
ആകാശംപോലെ, സര്‍വത്ര
സമവും മാറ്റമില്ലാത്തതുമായ ഒരു വസ്തുവിലാണ് പ്രപഞ്ചക്കാഴ്ചകളെല്ലാം ഉണ്ടായി
മറയുന്നത്. ശുദ്ധശൂന്യമായ ഈ ആകാശം ഇതിനൊക്കെ എങ്ങനെ ഉറവിടമാകും ? അപ്പോള്‍, ആകാശത്തിന്റെ
ശൂന്യസ്ഥിതിയെപ്പോലും അനുഭവിക്കുന്ന ഒരു ഉണ്മ ആകാശത്തിനുപോലും ആസ്പദമായി ഉണ്ടായേ
തീരൂ. ആ വസ്തുവിന്റെ ആദ്യപ്രതിഭാസമായ ആകാശംതന്നെ സര്‍വത്ര സമമാണെങ്കില്‍, ആ ഉണ്മ സര്‍വത്ര
സമമായി നിറഞ്ഞു നില്‍ക്കുന്നു എന്ന് വിശേഷിച്ച് പറയേണ്ടതില്ല. അതാണ് പ്രകൃതി അഥവാ, അക്ഷരമാധ്യമം.
അതിനേക്കാള്‍ സൂക്ഷ്മവും അതിനും ആധാരവുമാണ് പരമാത്മാവ് അഥവാ ആനന്ദഘനമായ നിത്യവസ്തു.
ആര്‍ക്കും അതിന്റെ സാന്നിധ്യം തന്റെയുള്ളില്‍ കണ്ടെത്താം. തുടര്‍ന്ന്, അത് സര്‍വത്ര സമമായി
വ്യാപിച്ചിരിക്കുന്നതായി അനുഭവിക്കാം. ഉണ്ടായി നശിക്കുന്നതിനുപിന്നിലെ നിത്യസത്തയെ
ഇങ്ങനെ തന്നില്‍ തെളിയിച്ചെടുക്കലാണ് സത്യദര്‍ശനം.
(തുടരും..)
No comments:
Post a Comment