ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
13 ക്ഷേത്രക്ഷേത്രജ്ഞ
വിഭാഗയോഗം -ശ്ളോകം - 28
സമം പശ്യന്‍ ഹി സര്‍വ്വത്ര
സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം
തതോ യാതി പരാംഗതീം.
സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം
തതോ യാതി പരാംഗതീം.
എന്തെന്നാല്‍ സകല പ്രാണികളിലും സമമായി നശിക്കാത്ത
രൂപത്തോടു കൂടിയിരിക്കുന്ന ഈശ്വരനെ കാണുന്നവര്‍ തന്‍റെ ആത്മാവിനാല്‍ ആത്മാവിനെ
(തന്നെത്താന്‍) നശിപ്പിക്കുന്നില്ല. അവന്‍ അതുകൊണ്ട് മോക്ഷത്തെ പ്രാപിക്കുകയും
ചെയ്യുന്നു.
വാതപിത്തകഫങ്ങളാകുന്ന ത്രിദോഷങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ
ദേഹക്ഷേത്രം പഞ്ചഭൂതങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്. ത്രിഗുണങ്ങളേയും
ഇന്ദ്രിയങ്ങളേയും ഉള്‍ക്കൊള്ളുന്ന നേര്‍ത്ത ഒരു സഞ്ചിയാണിത്. കൂര്‍ത്തമൂര്‍ത്ത
അഞ്ചു പുച്ഛങ്ങളോടുകൂടിയ ഒരു തേളിനെപോലെയാണ് ഇത്. ഇതിനെ പഞ്ചാഗ്നികള്‍ ചുറ്റി
വളഞ്ഞിരിക്കുന്നു. ഈ ശരീരത്തില്‍ കെണിയില്‍പെട്ടുപോയ സിംഹത്തെപ്പോലെ ആത്മാവു
കുടുങ്ങിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കില്‍ ആരാണ് ആത്മജ്ഞാനത്തിന്‍റെ കഠാരികൊണ്ട്
അജ്ഞാനമാകുന്ന അനിത്യഭാവത്തിന്‍റെ ഉദരത്തെ (പ്രകൃതിയെ) കുത്തിക്കീറിമായയ്ക്ക്
ഒരറുതി വരുത്തി, അത്മ്മാവിനെ
ദര്‍ശിക്കാന്‍ മുതിരാത്തത്? എന്നാല്‍
യഥാര്‍ത്ഥജ്ഞാനം കൊണ്ട് എല്ലായിടത്തും വിളങ്ങുന്ന പരമാത്മാവിനെ അറിയുകയും
അനുഭവിക്കുകയും ചെയ്യുന്ന ജീവാത്മാവിന് പരമാത്മാവിനെതിരായോ അതിന്
മങ്ങലേല്ക്കത്തക്കവണ്ണമോ ഒന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. അവന്‍റെ
ഐഹികജീവിതാവസനത്തില്‍ അത് പരമാത്മാവില്‍ ലയിക്കുന്നു.
കോടാനുകോടി ജന്മങ്ങളിലൂടെ യോഗജ്ഞാനപ്രൌഡി ആര്‍ജ്ജിച്ച
യോഗികള്‍ അളന്നറിവാനസാദ്ധ്യമായ ആ പരബ്രഹ്മത്തിന്‍റെ കയങ്ങളിലേക്ക് കുതിച്ച്
ചാടുന്നു. അവിടെനിന്നും തിരിച്ചുവരവില്ലാത്തതുകൊണ്ട് അവരും തിരിച്ചുവരികയില്ലെന്ന്
അവകാശപ്പെടുന്നു. ആ പരബ്രഹ്മം നാമരൂപാദികള്‍ കൊണ്ടറിയപ്പെടുന്ന ദൃശ്യപ്രപഞ്ചത്തില്‍
നിന്ന് അതി വിദൂരമാണ്. അത് ശബ്ദാതീതമായ അനാഹതത്തിന്‍റെ മറുകരയാണ്. അത് തുര്യാവസ്ഥയുടെ
പവിത്രസ്ഥാനമാണ്. മുക്തിയിലേക്കും മോചനത്തിലേക്കും മറ്റുമുള്ള എല്ലാ ലക്ഷ്യങ്ങളും, ഗംഗാനദി അതിന്‍റെ
സാങ്കേതസ്ഥാനമായ സാഗരത്തിലെത്തി മുഴുകുന്നതുപോലെ, ഇവിടെയെത്തി നിര്‍വൃതി
അടയുന്നു.
വിവിധത്വമാര്‍ന്ന ജീവജാലങ്ങളുടെ ഏകത്വം ഗ്രഹിക്കുകയും
അതുമായി തന്‍റെ ആത്മാവിനെ താദാത്മ്യം പ്രാപിപ്പിക്കുകയും ചെയ്യുന്ന ഒരുവന് അവന്‍
ജീവിച്ചിരിക്കുമ്പോള്‍തന്നെ ബ്രഹ്മാനുഭവത്തിന്‍റെ ആനന്ദാനുഭൂതി കൈവരിക്കാന്‍
കഴിയുന്നു. വിളക്കുകള്‍ വിവിധ രീതിയിലാണെങ്കിലും അവ ചൊരിയുന്ന പ്രകാശം ഒന്ന്
തന്നെയാണ്. അതുപോലെ ഏകമായ പരമാത്മാവു എല്ലായിടത്തും വസിക്കുന്നു. എല്ലാ സൃഷ്‌ടിജാലങ്ങളിലും
ഏകത്വം ദര്‍ശിക്കാന്‍ കഴിയുന്ന ഒരുവന്‍ ജനനമരണ ങ്ങളുടെ പിടിയില്‍പെട്ടുഴലാന്‍
ഇടവരുകയില്ല. അതുകൊണ്ടാണ് ജീവിതത്തില്‍ സമദര്‍ശിത്വം സ്ഥായിയായി പാലിക്കുന്നവന്‍
ഭാഗ്യദേവതയുടെ പ്രീതിഭാജനമാണെന്നു പറഞ്ഞ് വീണ്ടുംവീണ്ടും ഞാന്‍ അവനെ
ശ്ലാഘിക്കുന്നത്.
നിജസ്ഥിതി അറിയുന്നവര്‍ പ്രപഞ്ചത്തില്‍, തന്‍േറതെന്നല്ല, ഒന്നിന്റെയും ദേഹ-ദേഹി
ബന്ധത്തിന്റെ സൗഷ്ഠവത്തെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ല. സ്വശരീരത്തെ
ഉപദ്രവിക്കുന്ന തപസ്സോ സാധനകളോ ഏറ്റെടുക്കില്ല. സ്വാഭാവികമായി ജീവിക്കാന്‍ എല്ലാ
ജീവജാലങ്ങളെയും അനുവദിക്കും. ഒരു മരവും മുറിക്കില്ല, വായുവോ വെള്ളമോ ഭൂമിയോ
മലിനമാക്കില്ല. ഈ വിശുദ്ധിയുടെ ഫലം പരമാത്മസാരൂപ്യമാണ്.
ഈ സാരൂപ്യം ജീവിച്ചിരിക്കെ സാധ്യമാണോ ? കാരണം, പലപ്പോഴും ബലപ്രയോഗവും
ജീവനാശവും ചെയ്യേണ്ടിവരില്ലേ ?
(തുടരും..)
No comments:
Post a Comment