ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 43
ശ്ളോകം 43
പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാന്‍
ന ത്വത്സമോƒസ്ത്യഭ്യധികഃ കുതോƒന്യോ
ലോകത്രയേƒപ്യപ്രതിമപ്രഭാവ
ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാന്‍
ന ത്വത്സമോƒസ്ത്യഭ്യധികഃ കുതോƒന്യോ
ലോകത്രയേƒപ്യപ്രതിമപ്രഭാവ
അതുല്യപ്രഭാവനായ ഭഗവാനേ, അങ്ങ് ചരവും അചരവുമായ ഈ
ലോകത്തിന്‍റെ പിതാവാണ്. അങ്ങ് ലോകത്തിനു പൂജ്യനും സര്‍വ്വോല്‍കൃഷ്ടനായ ഗുരുവുമാണ്.
മൂന്നുലോകത്തിലും അങ്ങേയ്ക്കു തുല്യനായി ആരുമില്ല. അങ്ങയേക്കാള്‍ ശ്രേഷ്ഠനായ
മറ്റൊരുവനെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ.
അല്ലയോ ഭഗവാനേ, അങ്ങയുടെ യഥാര്‍ത്ഥ
മഹത്വം എനിക്ക് അനുഭവപ്പെട്ടിരിക്കുന്നു. ചരവും അചരവുമായ എല്ലാ വസ്തുക്കളുടേയും
ലോകം അങ്ങില്‍നിന്ന് ജനിച്ചതാണ്. ഹരിയും ഹരനും ഉള്‍പ്പടെയുള്ള എല്ലാം ദേവന്മാരുടേയും
ദേവാധിദേവനാണങ്ങ്. അങ്ങ് ആദി ഗുരുവാണ്. അങ്ങില്‍നിന്നാണ് വേദങ്ങള്‍ക്കു വെളിച്ചം
ലഭിച്ചത്. അല്ലയോ രാമാ, അങ്ങ്
അജ്ഞേയനാണ്; നിഷ്ണാതനാണ്; പരമാത്മാവാണ്; എല്ലാ ജീവജാലങ്ങളിലും
സമദൃഷ്ടിയുള്ളവനാണ്. അങ്ങ് നന്മയുടെ പ്രതിരൂപമാണ്. അങ്ങയുടെ മഹത്തായ പരിപൂര്‍ണ്ണതയെ
മറ്റൊന്നിനോടും തുലനം ചെയ്യാന്‍ സാദ്ധ്യമല്ല. രണ്ടാമതൊന്നില്ലാത്ത പരംപൊരുളാണങ്ങ്.
അങ്ങു സൃഷ്ടിച്ച ആകാശം ലോകത്രയങ്ങളെ ഉള്‍ക്കൊള്ളുന്നു. അങ്ങയോടു
തുല്യമായിട്ടുപോലും മറ്റൊന്നില്ലാത്തപ്പോള്‍ പിന്നെ അങ്ങയെക്കാള്‍ ശ്രേഷ്ടമായിട്ട്
മറ്റെന്തെങ്കിലും ഉണ്ടെന്നു പറയാന്‍ കഴിയുമോ? അങ്ങയുടെ ദിവ്യമായ
മാഹാത്മ്യം വര്‍ണ്ണനാതീതമാണ്.
ജീവാത്മാവ് ശിഷ്യനും പരമാത്മാവ് പരമഗുരുവുമെന്നൊരു
സങ്കല്പം ഉപനിഷത്തില്‍ കാണാം. ഭക്തിവിശ്വാസങ്ങളില്‍ അദ്വിതീയനായ ശിഷ്യന് ഗുരു സര്‍വപ്രമുഖനാണ്
(ഗരീയാന്‍ ഗുരു). സൃഷ്ടികര്‍ത്താവായതിനാല്‍ പരമാത്മാവ് ജീവാത്മാവിന്റെ പിതാവുമാണ്.
(അച്ഛന്‍തന്നെ ഗുരുവായിരിക്കുന്നത് ഉപനിഷത്തില്‍ പതിവാണ്.)
പരബ്രഹ്മത്തിന്റെ അന്യാദൃശത്വത്തിനും
പരമപ്രാമാണ്യത്തിനും അടിത്തറയായി ഈ പദ്യത്തെ കാണാനാണ് ആചാര്യസ്വാമികള്‍
ഇഷ്ടപ്പെടുന്നത്. തുല്യമായി മറ്റൊന്നില്ല എന്നതിനാല്‍ സര്‍വോത്തമം. കൂടുതല്‍ മഹത്ത്വം
അവകാശപ്പെടാന്‍ മറ്റൊന്നും അപ്പോള്‍ ഇല്ല. അതിനാല്‍ മഹത്തമം. ഏകം, അദൈ്വതം.
(തുടരും..)
No comments:
Post a Comment