ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10
"വിഭൂതിയോഗം"
- ശ്ളോകം 39
യച്ചാപി സര്‍വ്വഭൂതാനാം
ബീജം തദഹമര്‍ജ്ജുന
ന തദസ്തി വിനാ യത് സ്യാ-
ന്മയാ ഭൂതം ചരാചരം.
ബീജം തദഹമര്‍ജ്ജുന
ന തദസ്തി വിനാ യത് സ്യാ-
ന്മയാ ഭൂതം ചരാചരം.
അല്ലയോ അര്‍ജ്ജുന, സര്‍വ്വബീജങ്ങള്‍ക്കും
ബീജം യാതൊന്നോ അതു ഞാനാണ്. ചരമോ അചരമോ ആയ ഒന്നും തന്നെ എന്നെക്കൂടാതെ ഇല്ലേയില്ല.
എന്‍റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അവസാനമില്ല. ഇപ്പോള്‍ പറയപ്പെട്ട വിഭൂതികളുടെ ഈ
വിവരണം വെറും സംക്ഷേപരൂപത്തിലുളളതാണ്.
അല്ലയോ അര്‍ജ്ജുന, മഴത്തുളളികളേയോ
ഭൂമിയിലെ പുല്‍ക്കൊടികളേയൊ ആര്‍ക്കെങ്കിലും എണ്ണാന്‍ കഴിയുമോ? ആഴിയിലുണ്ടാകുന്ന അലകളെ
ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതുപോലെ എന്‍റെ സ്വഭാവാനുരൂപമായ
സവിശേഷതകളെ ആര്‍ക്കും നിര്‍ണ്ണയിക്കാന്‍ കഴിയുന്നതല്ല. എന്നിട്ടും ഞാനുള്‍ക്കൊളളുന്ന
പ്രധാനപ്പെട്ട എഴുപത്തിയഞ്ച് വ്യത്യസ്തമായ വിഭൂതികളെപ്പറ്റി നിനക്കു വിശദീകരിച്ചു
തന്നു. എന്നാല്‍ ഏതുദ്ദേശത്തോടെയാണോ നീ എന്നോടു ചോദിച്ചത്, ആ ഉദ്ദേശം സഫലമായെന്നു
തോന്നുന്നില്ല.
ബീജം യാതൊന്നോ അത് എന്നു പറയുമ്പോള്‍ ബീജമായി
ഇരിക്കുന്നു എന്നല്ല ബീജഭാവത്തില്‍ കുടികൊള്ളുന്നു എന്നേ അര്‍ഥമുള്ളൂ. വിത്തും
മരവും തമ്മിലോ കോഴിയും മുട്ടയും തമ്മിലോ ഉള്ള ബന്ധമല്ല പുരുഷോത്തമനും പ്രപഞ്ചവും
തമ്മില്‍ ഉള്ളത്. വിത്തുകാരണവും വൃക്ഷം കാര്യവുമാണ്. ഇതു രണ്ടും ഒന്നായി
ഇരിക്കുന്ന അവസ്ഥയാണ് പുരുഷോത്തമനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തില്‍
വിവക്ഷിക്കപ്പെടുന്നത്.
ഇതുമായി ഏറെക്കുറെ സാമ്യതയുള്ള ഒരു സംഗതി നോക്കാം. നാം
ഗാഢനിദ്രയില്‍ ആയിരിക്കെ നമ്മുടെ അറിവും വ്യക്തിത്വവും സംസ്‌കാരവും ബോധവുമെല്ലാം
നമ്മില്‍ എവിടെയോ ബീജരൂപത്തില്‍ ഇരിക്കുന്നു എന്നു പറയാം. ആ ബീജവും നാമും അപ്പോള്‍
ഒന്നുതന്നെയാണുതാനും. നാം ഉണരുമ്പോള്‍ ഒരു ചെടി വളര്‍ന്നുവരുന്നപോലെ ഇതൊക്കെ പുനര്‍ജനിക്കുന്നു.
പ്രപഞ്ചവികാസവും സൃഷ്ടിയും ഇതുപോലെ എന്നു ധരിക്കുക.
ഈ അര്‍ഥത്തില്‍ പ്രളയാവസ്ഥയെ വിശ്വത്തിന്റെ ബീജാവസ്ഥ
എന്നു പറയാം. കാലാന്തരത്തില്‍ വിടര്‍ന്നുവരാനിരിക്കുന്ന എല്ലാറ്റിന്റെയും മൊത്തമായ
ഈ ബീജാവസ്ഥയെ ഉപനിഷത്തുകള്‍ ഹിരണ്യഗര്‍ഭനെന്നു വിളിക്കുന്നു. ചരാചരങ്ങളുടെയെല്ലാം
പ്രഭവസ്ഥാനം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പരമാത്മസ്വരൂപം, കാര്യകാരണനിബദ്ധവും
വൈരുധ്യാത്മകവുമായ പ്രകൃതി അഥവാ മായ എന്ന അക്ഷരമാധ്യമമായി ഭവിച്ച് അതില്‍നിന്നാണ്
പരിണാമിയായ പ്രപഞ്ചം ഉണ്ടാകുന്നത്. അതേസമയം, ദൃശ്യപ്രപഞ്ചത്തിലെ
ദ്വന്ദ്വങ്ങളിലും കാര്യകാരണനൂലാമാലകളിലും പരംപൊരുള്‍ സന്നിഹിതവുമാണ്.
തുടരും..)
No comments:
Post a Comment