Saturday, 26 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 37

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 37

യഥൈധാംസി സമിദ്ധോഽഗ്നിഃ
ഭസ്മസാത് കുരുതേഽര്‍ജ്ജുന,
ജ്ഞാനാഗ്നി സര്‍വ്വ കര്‍മ്മാണി
ഭസ്മാത് കുരുതേ തഥാ

അല്ലയോ അര്‍ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം ആത്മജ്ഞാനസ്വരൂപമായി രിക്കുന്ന അഗ്നി സകല കര്‍മ്മങ്ങളേയും ഭസ്മമാക്കുന്നു.

മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന്‍ കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന്‍ കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള്‍ വിറകും വൈക്കോലുമിട്ട് അതണയ്ക്കുവാന്‍ പറ്റുമോ?

കര്‍മങ്ങളെ, ഇനിയും മുളപൊട്ടാനുള്ളത് (സഞ്ചിതം), പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത് (പ്രാരബ്ധം), ഇനിയും വിത്തു വീഴാനുള്ളത്(ആഗാമി) എന്നിങ്ങനെ മൂന്നായി തിരിച്ച് ഇപ്പറഞ്ഞ 'സര്‍വ' ത്തില്‍നിന്ന് പ്രാരബ്ധകര്‍മങ്ങളെ മിക്ക വ്യാഖ്യാതാക്കളും ഒഴിവാക്കിക്കാണുന്നു. ആ ഇനത്തില്‍പ്പെട്ട കര്‍മങ്ങള്‍ അനുഭവിച്ചുതന്നെ തീരണം എന്നാണ് വാദം. പക്ഷേ, ഏതുതരം വിറകാണെങ്കിലും കത്തിയിരിക്കും എന്നുതന്നെയാണ് ഋഷി ഉദ്ദേശിക്കുന്നത്. കര്‍മത്തിന് കാരണമായ അഹംബുദ്ധിയും ഞാന്‍ അറിയുന്നു എന്ന ബുദ്ധിയും രണ്ടല്ലെങ്കിലും ആ ബുദ്ധിയില്‍ തന്നെ ഞാന്‍ സച്ചിദാനന്ദഘനമാണ് എന്ന അനുഭവജ്ഞാനം പ്രകാശിച്ചു കഴിഞ്ഞാല്‍, കര്‍ത്തൃത്വബോധം തീര്‍ത്തും നശിക്കുന്നുവല്ലോ. പിന്നെ അയാള്‍എന്തെങ്കിലുമൊന്ന് ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യുന്നതെങ്ങനെ?

(തുടരും.....)

No comments:

Post a Comment