ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 19
യസ്യ സര്‍വ്വേ സമാരംഭാഃ
കാമ സങ്കല്പ വര്‍ജ്ജിതാഃ
ജ്ഞാനാഗ്നിദഗ്‍ദ്ധ കര്‍മ്മാണം
ത മാഹുഃ പണ്ഡിതം ബുധാഃ
യസ്യ സര്‍വ്വേ സമാരംഭാഃ
കാമ സങ്കല്പ വര്‍ജ്ജിതാഃ
ജ്ഞാനാഗ്നിദഗ്‍ദ്ധ കര്‍മ്മാണം
ത മാഹുഃ പണ്ഡിതം ബുധാഃ
ഏതൊരുവന്റെ സര്‍വ്വസമാരംഭങ്ങളും സകല കര്‍മ്മങ്ങളും കാമസങ്കല്പ രഹിതങ്ങളാണോ, ഫലേച്ഛാരഹിതങ്ങളാണോ, ജ്ഞാനാഗ്നിയില്‍ കര്‍മ്മം ദഹിച്ചുപോയ അവനെ വിദ്വാന്മാര്‍ പണ്ഡിതനെന്നു പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ക്കു കര്‍മ്മം ചെയ്യുന്നതില്‍ നിന്ന് വിരക്തിയോ ഉദാസീനതയോ ഉണ്ടാകുന്നില്ല. അവന്‍ ലൗകികമായ കര്‍മ്മങ്ങളില്‍ പ്രവര്‍ത്തിക്കുന്നവനാണെങ്കില്‍ ലോകസംഗ്രഹത്തിനായും, അതല്ല ലൗകികത്തില്‍ നിന്നു വിരമിച്ചവനാണെങ്കില്‍ ജീവനത്തിനു മാത്രമായും കര്‍മ്മം ചെയ്യുന്നു. എന്നാല്‍ പ്രവൃത്തിയില്‍ നിന്ന് എന്തെങ്കിലും ഫലം ലഭിക്കണമെന്ന് അശേഷം ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും കര്‍മ്മം പുതുതായി ചെയ്യണമെന്നോ ചെയ്തുകൊണ്ടിരിക്കുന്നു കര്‍മ്മം പൂര്‍ത്തിയാക്കണമെന്നോ ഉള്ള ചിന്ത അവന്റെ മനസ്സിനെ അലട്ടുകയില്ല. നിര്‍വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന്‍ എന്നുള്ള ജ്ഞാനമാകുന്ന അഗ്നിയില്‍ അവന്റെ കര്‍മ്മങ്ങള്‍ ദഹിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവനെ ജീവന്മുക്തന്‍ എന്നു പറയുന്നു. അവന്‍ മനുഷ്യാകാരണത്തിലാണെങ്കിലും പരബ്രഹ്മം തന്നെയാകുന്നു.
(മുന്നനുഭവത്തിന്റെ സംസ്‌കാരത്താല്‍ ഇന്ദ്രിയാനുഭൂതിക്കായുള്ള ഇച്ഛ കാമം, ആ അനുഭൂതിയുടെ കൊതിപ്പിക്കുന്ന മാനസികചിത്രം സങ്കല്പം. കര്‍മത്തിന്റെ ബന്ധനത്തില്‍ അകപ്പെടാന്‍ ഇതുരണ്ടും കാരണങ്ങളായിത്തീരുന്നു.) മുന്‍പറഞ്ഞ അറിവില്‍ നിലയുറപ്പിച്ച് കര്‍മം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പ്രേരണയും പ്രചോദനവും വരുന്നത് മനോബുദ്ധ്യഹങ്കാരങ്ങളില്‍ നിന്നല്ല, അതിനുമപ്പുറത്തെ അവബോധത്തില്‍ നിന്നാണ്. അപ്പോള്‍ അവന്റെ പുറപ്പാട് കാമവും സങ്കല്പവും തീണ്ടാതെ ആയിത്തീരുന്നു.
അങ്ങനെയാണെങ്കില്‍ മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനുള്ള ആസൂത്രണവും പ്രയത്‌നനവും ഒന്നും പണ്ഡിതന് പാടില്ലെന്നാണോ? ഒരിക്കലുമല്ല. ആ ഭാവി തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ഇന്ദ്രിയസുഖാനുഭവങ്ങള്‍ കിട്ടാനുള്ളതോ അതോ ലോകസുഖത്തിനായിട്ടോ എന്നതാണ് നിയാമകം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ഒരാള്‍ വഴിവക്കില്‍ മാവുനടുന്നത് തനിക്ക് തണലോ മാങ്ങയോ കിട്ടാനല്ലല്ലോ. അല്ല, എന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് എനിക്ക് അത്യാവശ്യമുള്ളത് ഞാന്‍തന്നെ നട്ടുണ്ടാക്കുകയാണെങ്കിലും മനസ്സില്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും മാങ്ങയുടെ രുചിയും കൂത്താടാതിരുന്നാല്‍ ധാരാളമായി.
ഇവിടെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുമാണ്. സര്‍വഭൂതങ്ങള്‍ക്കും ഹിതകരമായി വേണം കര്‍മാനുഷ്ഠാനം എന്നാണ് സാമാന്യനിയമം. കര്‍മം ചെയ്യുന്ന ആളുടെ ഹിതം ഇതില്‍ തുല്യപ്രാധാന്യമുള്ളതാണ്. അത്രയുമല്ല, കര്‍മണ്യതയാണ് അകര്‍മണ്യതയല്ല ഉപദേശിക്കപ്പെടുന്നത്. സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള അഭിനിവേശം കര്‍മാഭിമുഖ്യം നിലനില്‍ക്കാനും വളരാനുമുള്ള അടിത്തറയാണ്. ആ അഭിനിവേശം ആര്‍ത്തിയായും ക്രോധമായും വാരിക്കൂട്ടാനുള്ള ആസക്തിയായും രൂപാന്തരപ്പെടരുതെന്നാണ് വിവക്ഷ. ദൂഷിതമായാല്‍ സ്നേഹംപോലും സ്നേഹിക്കുന്നവനും സ്നേഹിക്കപ്പെടുന്നവര്‍ക്കും അഹിതമായാണ് തീരുകയെന്ന് സ്പഷ്ടമാണല്ലോ. ഇതേ വാസനകള്‍തന്നെയാണ് മറ്റുള്ളവരുടെ സന്തോഷവും ക്ഷേമവും മുന്‍നിര്‍ത്തി കര്‍മം ചെയ്യാന്‍ ഉത്സാഹിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അവയെ നല്ല രീതിയിലുള്ള കര്‍മചോദനകളായി വിനിയോഗിക്കയാണ് അധ്യാത്മവിദ്യ അഭ്യസിക്കുന്ന സാധകന്‍ ചെയ്യേണ്ടത്. അടിസ്ഥാനപരമായ ചോദനകളെ അടിച്ചമര്‍ത്തി പ്രയോജനരഹിതമായ അന്തര്‍മുഖത്വത്തിനും ചിലപ്പോള്‍ വിഷാദരോഗത്തിനും ഇരയാകാതിരിക്കയാണ് അഭികാമ്യം. വാസനകള്‍ എരിഞ്ഞുതീരുകയാണ് വേണ്ടത്. തല്ലിക്കെടുത്തുകയോ മൂടിവെക്കുകയോ അല്ല. കര്‍മാനുഷ്ഠാനത്തിലൂടെയാണ്, കര്‍മവൈമുഖ്യത്തിലൂടെ അല്ല, യോഗാരൂഢന്‍ തന്റെ പരിശീലനം മുന്നോട്ടുകൊണ്ടുപോകുന്നത്.
(തുടരും.....)
No comments:
Post a Comment