Monday, 1 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം പ്രാരംഭം

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം പ്രാരംഭം
വിദ്യകളിലും രഹസ്യങ്ങളിലും രാജപദവിയുള്ളതാണ് ഈ അധ്യായത്തില്‍ വിസ്തരിക്കുന്ന യോഗം. രഞ്ജിപ്പിക്കുന്ന ആളെന്നാണ് രാജാവെന്ന വാക്കിന്റെ അര്‍ഥം. എല്ലാ വിദ്യകളെയും രഞ്ജിപ്പിക്കുന്ന വിദ്യയാണ് ബ്രഹ്മവിദ്യ. എല്ലാ രഹസ്യങ്ങളെയും രഞ്ജിപ്പിക്കുന്ന പരമരഹസ്യവുമാണ് അത്.
അറിയപ്പെടേണ്ടതിനെയാണ് വിദ്യ എന്നു പറയുന്നത്. എന്തറിഞ്ഞാല്‍ പിന്നെ അറിയാന്‍ ഒന്നും ശേഷിക്കുന്നില്ലയോ അതാണ് ബ്രഹ്മവിദ്യ. അതിനാല്‍ അത് വിദ്യകളുടെ രാജാവ്. മറഞ്ഞു കിടക്കുന്നതെന്തോ അതെല്ലാം രഹസ്യം. മറകള്‍ നീക്കാനുള്ള ഉപായങ്ങളും മറഞ്ഞുതന്നെ കിടക്കുന്നു. എന്തുപായംകൊണ്ട് എല്ലാ മറകളും അപ്പാടെ നീങ്ങുമോ അത് രഹസ്യങ്ങളില്‍ പരമം അഥവാ രഹസ്യരാജന്‍.
ഈ വിദ്യയും രഹസ്യവും നമ്മെ നയിക്കുന്നത് ധീരമായ പുതിയ നിലപാടിലൂടെ വിപ്ലവകരമായ തിരുത്തലുകളിലേക്കാണ്. അന്ധമായ വിഗ്രഹാരാധന, വേദങ്ങളിലെ കര്‍മകാണ്ഡം, മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍, പരമ്പരാഗതങ്ങളായ ആരാധനകള്‍, ഭിന്നവിശ്വാസങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, സ്വര്‍ഗനരകങ്ങള്‍ എന്നിങ്ങനെയുള്ള യാതൊന്നിനും ഈ അറിവിനു മുന്നില്‍ നിലനില്പില്ലാതാകുന്നു.
ഗീത രചിക്കപ്പെട്ട കാലത്തെ സമൂഹത്തെപ്പറ്റി ഈ അധ്യായത്തിലും സൂചനകളുണ്ട്. യാഗയജ്ഞാദികള്‍ വ്യാപകമായി നടന്നിരുന്നു. എണ്ണമറ്റ ആരാധനാസമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നു. ജന്മംകൊണ്ടുള്ള പതിത്വവും മേന്മയും സാധൂകരിക്കുന്ന ചാതുര്‍വര്‍ണ്യം നടപ്പിലിരുന്നു. സ്ത്രീകളില്‍ അധമപദവി ആരോപിക്കപ്പെട്ടിരുന്നു. കീഴ്ജാതിക്കാര്‍ക്ക് അറിവും വെളിവും നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ക്ക് ഒരു കാലത്തും ഒരു വിധത്തിലും ഈശ്വരസാമീപ്യം സാധ്യമല്ലെന്നായിരുന്നു വിധി. പുണ്യ-പാപ, സ്വര്‍ഗ-നരകസങ്കല്പങ്ങള്‍ നിര്‍ണായകങ്ങളാ യിരുന്നു. ദൈവത്തിനായിട്ടെന്ന പേരില്‍ പുരോഹിതര്‍ അളവറ്റ സമ്പത്ത് ദാനമായി സ്വീകരിച്ചിരുന്നു. പരമമായ നേരറിവ് തീര്‍ത്തും വിസ്മൃതമായിരുന്നു.
സ്വതന്ത്രനിലപാടില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യാനുള്ള പ്രേരണയാണ് ഗീത പാകുന്ന വിപ്ലവത്തിന്റെ വിത്ത്. ഉത്തരം ലഭിക്കാന്‍ ഇടയാകുന്നത് തത്ത്വദര്‍ശികളായവരില്‍നിന്നോ അവനവന്റെ അന്തരാത്മാവില്‍നിന്നുതന്നെയോ ആണ്. ആ മറുപടികളെയും നിശിതമായ വിമര്‍ശത്തിന് വിധേയമാക്കാനാണ് അവയോടൊപ്പമുള്ള നിര്‍ദേശം. ഒരു വിശ്വാസവും നിലപാടും അന്ധമായി സ്വീകരിക്കരുത്.അര്‍ജുനന്റെ ചോദ്യത്തിനായി കാത്തുനില്‍ക്കാതെയാണ് ഈ അധ്യായത്തില്‍ വിഷയപ്രതിപാദനം - ആത്മസ്വരൂപം സ്വയം പ്രസരിക്കുന്നപോലെ, അകത്തുനിന്ന് ആത്മസൂര്യന്‍ പ്രകാശിക്കുന്നപോലെ.
(തുടരും..)

No comments:

Post a Comment