ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12
- ഭക്തിയോഗം
- ശ്ളോകം-9
അഥ ചിത്തം സമാധാതും
ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതഃ
മാമിച്ഛാപ്തും ധനഞ്ജയഃ
ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതഃ
മാമിച്ഛാപ്തും ധനഞ്ജയഃ
ഹേ ധനഞ്ജയ, ചിത്തത്തെ സദാ
എന്നിലുറപ്പിച്ചു നിര്‍ത്തുന്നതിന് നിനക്കു കഴിയുന്നില്ലെങ്കില്‍ അഭ്യാസയോഗം
ശീലിച്ച് എന്നെ പ്രാപിക്കാന്‍ യത്നിക്കൂ.
എന്നാല്‍ സകലവാസനാരഹിതമായ നിന്‍റെ ചിത്തം സമ്പൂര്‍ണ്ണമായി
എന്നിലുറപ്പിക്കാന്‍ നിനക്കു കഴിയുന്നില്ലെങ്കില്‍, ഒരു ദിവസത്തിന്‍റെ
അഷ്ടപ്രഹരത്തില്‍ (ഇരുപത്തിനാലുമണിക്കൂര്‍) ഒരു നിമിഷമെങ്കിലും നീ നിന്‍റെ മനസ്സും
ബുദ്ധിയും എന്നില്‍ അര്‍പ്പിക്കുക. ഞാനുമായുള്ള സംഗമംകൊണ്ട് നീ അനുഭവിക്കുന്ന
ആനന്ദം എത്രത്തോളം സമയം നിലനില്‍ക്കുമോ അത്രത്തോളം സമയം നീ വിഷയസുഖങ്ങളില്‍
വിരക്തനായിരിക്കും.
ശരത്കാലത്തോടുകൂടി നദികളില്‍ വെള്ളംവറ്റുന്നതുപോലെ നിന്‍റെ
ചിത്തം പ്രപഞ്ചവ്യവഹാരങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു മുക്തനായിത്തീരും. പൗര്‍ണ്ണിചന്ദ്രന്‍
ഓരോ ദിവസവും ക്ഷയിച്ചുക്ഷയിച്ച് അമാവാസി ദിവസം നിശ്ശേഷം ഇല്ലാതെ
അപ്രത്യക്ഷമാകുന്നതുപോലെ, വിഷയസുഖങ്ങളോട്
വിരക്തിതോന്നി വിരമിക്കുന്ന നിന്‍റെ ചിത്തം ക്രമേണ നിന്നിലുറച്ച് ഞാനുമായി
താദാത്മ്യം പ്രാപിക്കുന്നു. ഇതാണ് അഭ്യാസയോഗമെന്നറിഞ്ഞാലും. ഇതിന്‍റെ സഹായത്തോടെ
സാധിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഈ യോഗം അനുഷ്ഠിക്കുന്നവരില്‍ ചിലര്‍
ആകാശത്തില്‍ സഞ്ചരിക്കുന്നു.
ചിലര്‍ വ്യാഘ്രങ്ങള്‍, സര്‍പ്പങ്ങള്‍
തുടങ്ങിയ ദുഷ്ടജന്തുക്കളെ കീഴടക്കുന്നു. ചിലര്‍ അപായംകൂടാതെ വിഷത്തെ ആഹരിക്കുന്നു.
ചിലര്‍ ജലത്തിന്‍റെ ഉപരിതലത്തില്‍കൂടി നടക്കുന്നു. മറ്റുചിലര്‍ ഈ യോഗത്തിന്‍റെ
സഹായത്തോടെ വേദങ്ങളെ വശംവദമാക്കിയിട്ടുണ്ട്. ഈ അഭ്യാസയോഗംകൊണ്ട് സ്വായത്തമാക്കാന്‍
പ്രയാസമുള്ളതായി ഒന്നും തന്നെയില്ല. ആകയാല്‍ ഈ യോഗത്തില്‍കൂടി എന്നെ കൈവരിക്കാന്‍
ഉദ്യമിക്കുക.
മേശപ്പുറത്തിരിക്കുന്ന പേന എടുക്കാന്‍ നാം കൈ നീട്ടുന്നു
എന്നിരിക്കട്ടെ. നമ്മുടെ കൈ കൃത്യമായും ഒരു നേര്‍രേഖയില്‍ പേനയുടെ അരികിലെത്തുന്നു
എന്നാണ് നമ്മുടെ വിചാരം. വാസ്തവത്തില്‍ സംഭവിക്കുന്നതോ? കൈയിന്റെ ചലനത്തെയും
പേനയുടെ സ്ഥാനത്തെയും കണ്ണ് നിരീക്ഷിച്ചുകൊണ്ടി രിക്കുന്നു. ശരിയായ ദിശയില്‍നിന്ന്
കൈ തെന്നിമാറുമ്പോഴൊക്കെ നിരീക്ഷണസ്ഥാനത്തുനിന്ന് തിരുത്തല്‍ ഓര്‍ഡറുകള്‍
പുറപ്പെടുന്നു.
നേര്‍രേഖയിലല്ല, തെന്നിത്തെന്നിയാണ് കൈ
നീങ്ങുന്നത്. ഈ ഏകോപനത്തിന് കാര്യക്ഷമത കുറയുന്ന പ്രായത്തിലും രോഗാവസ്ഥയിലും
മാത്രമേ നാം സംഗതിയുടെ യഥാര്‍ത്ഥചിത്രം കാണുന്നുള്ളൂ. തിരുത്തലിലൂടെ
ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റത്തിന്റെ ശാസ്ത്രമാണ് സൈബര്‍നെറ്റിക്‌സ് .
പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയില്‍ സാധ്യമാകുന്ന ഓരോ സന്തുലിതാവസ്ഥയും
ഉരുവപ്പെടുന്നതും നിലനില്‍ക്കുന്നതും നിതാന്തങ്ങളായ തിരുത്തലുകളിലൂടെയാണ്. അതിനാല്‍, ജീവപരിണാമത്തില്‍ ഈ
പ്രതിഭാസം വലിയ പങ്കു വഹിക്കുന്നു.
സ്വന്തം ചിത്തത്തെ ധ്യാനംകൊണ്ട് ആത്മസാരൂപ്യമെന്ന
ലക്ഷ്യത്തിലെത്തിക്കാനും ഈ രീതിയിലുള്ള പരിശീലനമാണ് മാര്‍ഗം. കടുംപിടുത്തംകൊണ്ട്
കാര്യമില്ല. തെന്നാന്‍ വിടുക, തെന്നുന്നേടത്തുനിന്ന്
തിരുത്തുക. വീണ്ടും സ്വതന്ത്രമാക്കുക, തെന്നുന്നെങ്കില്‍
പിന്നെയും തിരുത്തുക. നിത്യത്തൊഴില്‍ ആനയെയും എടുക്കും!
(തുടരും..)
No comments:
Post a Comment