Friday, 25 December 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം - ശ്ളോകം-2


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം - ശ്ളോകം-2

ശ്രീ ഭഗവാനുവാച:

മയ്യാവേശ്യ മനോ യേ മാം
നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാ-
സ്തേ മേ യുക്തതമാ മതാഃ

ആരൊക്കെയാണോ മനസ്സിനെ എന്നില്‍ പൂര്‍ണ്ണമായി ഉറപ്പിച്ച് നിരന്തരസ്മരണയോടും പരമശ്രദ്ധയോടുംകൂടി എന്നെ ഉപാസിക്കുന്നത്, അവരാണ് ഉത്തമയോഗികള്‍ എന്നത്രെ എന്‍റെ അഭിപ്രായം.

ശ്രീ ഭഗവാന്‍ തുടര്‍ന്നു:

അല്ലയോ പാര്‍ത്ഥാ, പശ്ചിമചക്രവാളത്തിലേക്ക് സൂര്യന്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ രശ്മികളും അദ്ദേഹത്തോടൊപ്പം പോകുന്നു. വര്‍ഷകാലത്ത് നദി ജലംകൊണ്ടു നിറയുന്നു. അതുപോലെ, എന്നെ ആരാധിക്കുന്ന എന്‍റെ ഭക്തന്മാര്‍ക്ക് എന്നിലുള്ള വിശ്വാസം കൂടിക്കൂടിവരുന്നു. ശക്തമായി ഒഴുകുന്ന ഗംഗാനദി സമുദ്രത്തിലെത്തിച്ചേര്‍ന്നാലും അതിന്‍റെ ഒഴുക്കിന്‍റെ വേഗത മുമ്പത്തെപ്പോലെതന്നെ തുടരുന്നു. അതേവിധം എന്‍റെ ഭക്തന്മാര്‍ ഞാനുമായി തന്മയീഭവിക്കുമ്പോഴും അവരുടെ ഭക്തിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഈ ഭക്തന്മാര്‍ അവരുടെ ചിത്തം എന്നിലുറപ്പിച്ചുകൊണ്ട് ദിനരാത്രങ്ങളെന്ന ഭേദമില്ലാതെ എന്നെ ഭജിക്കുകയും അവരുടെ ജീവിതം മുഴുവനും എനിക്കുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവര്‍ ഉത്തമന്മാരായ യോഗയുക്തന്മാരാണെന്ന് ഞാന്‍ കരുതുന്നു.

പ്രപഞ്ചജീവനിലേക്കുതന്നെയാണ് മനസ്സിനെ പ്രവേശിപ്പിക്കേണ്ടത്. ഉപാസന ഏതു രീതിയിലുമാകാം, അതല്ല കാര്യം, എന്നു ധ്വനി. അവനവന്റെ സൗകര്യത്തിനും വഴിയുടെ സ്വഭാവത്തിനുമനുസരിച്ച് വാഹനം തിരഞ്ഞെടുത്തോളുക. പക്ഷേ, അങ്ങെത്താന്‍ ആവശ്യമായ പ്രധാനകാര്യങ്ങള്‍ വേറെയാണ്. അവയെപ്പറ്റി പറയുന്നു:

ഒന്ന്:- മനസ്സ് ധ്യാനവിഷയത്തില്‍ ഉറപ്പിക്കണം. അന്യൂനമായ ലക്ഷ്യബോധമാണ് വിവക്ഷ. എന്തെങ്കിലുമൊന്ന് എവിടെയെങ്കിലും ഉറയ്ക്കണമെങ്കില്‍ അത് ആ ലക്ഷ്യത്തില്‍ 'തുളച്ചു കയറണം'. അരികിലെത്തിയാല്‍ പോരാ, തല്‍ക്കാലത്തേക്ക് ഒട്ടി നിന്നാലും പോരാ. പരമാത്മബോധത്തില്‍ ഉറച്ചു നില്ക്കുക എളുപ്പമല്ല. കാരണം, ഏറെ തപ്പിത്തിരഞ്ഞാലേ അതിന്റെ സ്പര്‍ശംപോലും സാധിക്കൂ. അവിടെ ഉറച്ചു കഴിഞ്ഞാലോ, 'ഞാന്‍' ഇല്ലാതെയാകും. പറയാന്‍ എളുപ്പമെന്നാലും പൊരുത്തപ്പെടാന്‍ വിഷമമുള്ള ഒര വസ്ഥയാണത്. ''ഞാന്‍ അനുഭവിക്കുന്നു, ആലോചിക്കുന്നു, തീരുമാനിക്കുന്നു, പറയുന്നു, ചെയ്യുന്നു''

എന്നിങ്ങനെയുള്ള നിലപാടുകളുടെ ലോകത്തുനിന്നു മാറി, പ്രപഞ്ചജീവന്‍ ഇതെല്ലാം ചെയ്യുന്നു എന്ന രീതിയിലേക്ക് കടക്കുകയാണ്. ആ ഇടവേള ഒരു വലിയ വെല്ലുവിളിതന്നെ.

അതിനെ വിജയകരമായി നേരിടാന്‍ കൂടിയുള്ള ഉപാധിയായാണ് രണ്ടാമത്തെ കാര്യം വരുന്നത്.
ധ്യാനവിഷയവുമായുള്ള (സം)'യോഗം' നിത്യമായിരിക്കണം. വല്ലപ്പോഴും കയറിയിറങ്ങിയാല്‍ പോരാ, സ്ഥിരമായി അവിടെ ഇരിപ്പുറയ്ക്കണം. മനസ്സ് ചഞ്ചലവും അസ്ഥിരവുമാണ്. ('ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ്ദൃഢം' - 6, 34.) അതു ധ്യേയവസ്തുവില്‍നിന്ന് തെന്നിപ്പോകാന്‍ ഉഴറിക്കൊണ്ടേ ഇരിക്കും. എന്നാലോ, മനസ്സ് ബലവത്തും ദൃഢവുംകൂടി ആണ്. അതായത്, ഒരിടത്ത് ഉറച്ചു കിട്ടിയാല്‍ 'ആന പിടിച്ചാലും' ഇളകില്ല. സ്നേഹബന്ധങ്ങളുടെ കാര്യത്തിലും മറ്റും നമുക്കിത് പരിചയമുണ്ടല്ലോ. ഉഴറുന്ന പ്രകൃതം അതിന്റെ അന്വേഷണോന്മുഖതയുടെ ഫലമാണ്. അങ്ങനെ ഉഴറി അതു സത്യം കണ്ടെത്തുന്നതോടെ രണ്ടാമത്തെ കാര്യം പ്രസക്തമാവുന്നു.

രണ്ട്:- പരമമായ ശ്രദ്ധയോടെ വേണം ഉപാസന. വിശ്വാസം എന്ന ഒഴുക്കന്‍ അര്‍ഥമാണ് ശ്രദ്ധ എന്ന വാക്കിനു പറയാറ്. പക്ഷേ, ശ്രദ്ധ വെറും വിശ്വാസമല്ല. പുതുതായി അറിഞ്ഞ കാര്യത്തില്‍ സത്യബോധമുദിച്ച് ആ ബോധം സ്വന്തം പരിചിന്തനത്തിന്റെ ഫലമായി സ്വാനുഭവത്തില്‍ ബോധ്യപ്പെട്ട് അടിയുറച്ചുണ്ടാകുന്ന വിശ്വാസമാണ് ശ്രദ്ധ.

ആദ്യമൊക്കെ ആരുടെ കൈ പിടിച്ചു നടന്നാലും പിന്നീട് താന്‍ അടി വെക്കുന്നിടം താന്‍തന്നെ നിരീക്ഷിച്ച് ബോധ്യപ്പെട്ടതാവണം

(തുടരും..)

No comments:

Post a Comment