Friday, 25 December 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 13 & 14


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 13 & 14

അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മ്മമോ നിരഹങ്കാരഃ
സമദുഃഖ സുഖഃ ക്ഷമീ

സന്തുഷ്ട സതതം യോഗീ
യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിര്‍
യോ മദ്ഭക്തഃ സ മേ പ്രിയ

ഒരു ജീവനേയും വെറുക്കാത്തവനും എല്ലാ ജീവികളോടും മൈത്രിയും കരുണയുമുള്ളവനും മമതയും അഹന്തയും ഇല്ലാത്തവനും സുഖത്തിലും ദുഃഖത്തിലും സമനിലപുലര്‍ത്തുന്നവനും ക്ഷമാശീലനും സദാ സന്തുഷ്ടനും മനസ്സിനെ ഏകാഗ്രമാക്കി എപ്പോഴും ആത്മാനുഭവത്തില്‍ വര്‍ത്തിക്കുന്നവനും ദൃഡനിശ്ചയമുള്ളവനും മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിച്ചവനും എന്തിനും എന്നെ ആശ്രയിക്കുന്നവനുമായ എന്‍റെ ഭക്തന്‍ ആരോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

ഇപ്രകാരമുള്ള ഭക്തന്മാര്‍ സര്‍വ്വവ്യാപിയായ ചൈതന്യമായതുകൊണ്ട് അവര്‍ക്ക് വ്യത്യസ്തഭാവങ്ങളില്ല. എന്‍റേതെന്നോ അവന്‍റേതെന്നോ ഉള്ള ഭേദം കാണുകയില്ല. തന്മൂലം യാതൊരുജീവജാലങ്ങളോടും അവര്‍ക്ക് വിദ്വേഷം ഉണ്ടായിരിക്കുകയില്ല.

ഭൂമീദേവി ഉത്തമമായത് ധരിക്കുകയും അധമമായത് ഉപേക്ഷിക്കുകയും ചെയ്യാത്തതുപോലെ, ദയാമയനായ പ്രാണന്‍ നൃപന്‍റെ ശരീരത്തിലല്ലാതെ നിര്‍ധനന്‍റെ ശരീരത്തില്‍ വസിക്കുകയില്ല എന്നു പറയാത്തതുപോലെ, ഒരു പശുവിന്‍റെ ദാഹം തീര്‍ക്കണമെന്നും വ്യാഘ്രത്തിന് വിഷമായിത്തീരണമെന്നും വെള്ളം ചിന്തിക്കാത്തതു പോലെ ഈ ഭക്തന്മാര്‍ എല്ലാ ജീവികളോടും തുല്യനിലയിലുള്ള സൗഹൃദം പുലര്‍ത്തുന്നു. അവര്‍ ഭൂതദയയുടെ സ്രോതസ്സാണ്. അവരുടെ അന്തരംഗത്തില്‍ ഞാനെന്നോ അവനെന്നോ ഉള്ള ചിന്തയേ ഇല്ല. അവര്‍ ഒന്നുംതന്നെ അവരുടെ സ്വന്തമെന്നുകരുതുന്നില്ല. അവര്‍ക്ക് സുഖവും ദുഃഖവും ഒരുപോലെയാണ്. ഭൂമീദേവിയെപ്പോലെ അവര്‍ ക്ഷമാശീലരാണ്. അവര്‍ അവരുടെ ഉത്സംഗത്തില്‍ത്തന്നെ സന്തോഷമാളിക നിര്‍മ്മിച്ച് ആനന്ദത്തെ അതില്‍ കുടിയിരുത്തിയിരിക്കുന്നു.

ഗീത പൂര്‍വികമായ ധാരണകള്‍ക്കുണ്ടായ അപചയത്തെ തിരുത്തുകയും ആ ധാരണകളുടെ മൂല്യം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു. ഭക്തിയെ പുനഃപ്രവചനം ചെയ്യുകയാണ് ഈ അധ്യായത്തില്‍. പരമമായ ഭക്തി എന്നാല്‍ സര്‍വോത്തമവും അത്യുന്നതവുമായ മൂല്യത്തെ ഇടവിടാതെ ധ്യാനിക്കലാണ്. (മറ്റൊന്നുമല്ല.) ഭക്തന്‍ ദൈവത്തില്‍ സങ്കല്പിക്കുന്ന മഹാഗുണങ്ങള്‍ ക്രമേണ ഭക്തനില്‍ വിളയുന്നു. താന്‍ സച്ചിദാനന്ദസ്വരൂപംതന്നെ എന്ന് ധ്യാനിക്കുന്ന ഒരുവനെ ആ ധ്യാനംതന്നെ ജ്ഞാനിയാക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനപോഷകമായ ധ്യാനംതന്നെ ഭക്തി. ആരില്‍ അറിവും ഭക്തിയും വേര്‍പിരിയാതെ ഒന്നിക്കുന്നുവോ അവനില്‍ യോഗം ഉറച്ചിരിക്കുന്നു.
ആ യോഗയുക്തനെ എങ്ങനെ തിരിച്ചറിയാം?

എന്‍റെ അന്തഃകരണത്തില്‍ സ്ഥാനം ലഭിച്ചിട്ടുള്ള ഭക്തന്മാരുടെ ലക്ഷണത്തെപ്പറ്റി ഞാന്‍ പറയാം ശ്രദ്ധിച്ചു കേട്ടോളൂ.

(തുടരും..)

No comments:

Post a Comment