Tuesday, 4 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 27

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 27
ഇച്ഛാദ്വേഷസമു‍ത്ഥേന
ദ്വന്ദ്വമോഹേന ഭാരത
സര്‍വ്വഭൂതാനി സമ്മോഹം
സര്‍ഗ്ഗേ യാന്തി പരന്തപ
അല്ലയോ ശത്രുതാപന, ഭരതകുലത്തില്‍ ജനിച്ചവനെ, ജനിക്കുമ്പോള്‍തന്നെ ഇച്ഛയില്‍നിന്നും ദ്വേഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശീതോഷ്ണ, സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ നിമിത്തമുണ്ടാകുന്ന അവിവേകത്താല്‍ സകല പ്രാണികളും സമ്മോഹാധീനരായിത്തീരുന്നു.
അഹംഭാവവും ദേഹവുംകൂടി പ്രേമബദ്ധരായപ്പോള്‍ അവര്‍ക്ക് ഇച്ഛയെന്നൊരു പുത്രി ജനിച്ചു. പ്രായപൂര്‍ത്തിയെത്തിയ അവളെ ദ്വേഷത്തിനു വിവാഹം ചെയ്തുകൊടുത്തു. സുഖദുഃഖങ്ങള്‍, സന്തോഷസന്താപങ്ങള്‍ തുടങ്ങിയ ദ്വന്ദ്വങ്ങള്‍ക്കു കാരണക്കാരനായ വ്യാമോഹം എന്നൊരു പുത്രന്‍ അവര്‍ക്കുണ്ടായി. ഈ പുത്രനെ മുത്തച്ഛനായ അഹംഭാവം വാത്സല്യത്തോടെ രക്ഷിച്ചുവളര്‍ത്തി. കാലക്രമത്തില്‍ അത്യാഗ്രഹമാകുന്ന പാലുകുടിച്ച് തളിര്‍ത്തുകൊഴുത്ത അവന്‍, ധൈര്യത്തിന്റെയും ഇന്ദ്രിയനിഗ്രഹത്തിന്റെയും ശത്രുവായിത്തീര്‍ന്നു. അസന്തുഷ്ടിയാകുന്ന വീഞ്ഞിന്റെ ലഹരിയില്‍ മതിമയങ്ങിയ അവന്‍ ഇന്ദ്രിയസുഖങ്ങളുടെ കൊട്ടാരത്തില്‍ കേളികളാടി ഉല്ലസിച്ചു. അവന്‍ ഭക്തിയു‍ടെ മാര്‍ഗ്ഗത്തില്‍ സംശയത്തിന്റെ മുള്ളുകള്‍ വിതച്ചു. ദുഷ്കര്‍മ്മങ്ങളുടെ ഊടുവഴികള്‍ തുറന്നു. തന്മൂലം മോഹാധീനരായി എഹികജീവിതത്തിന്റെ പച്ചിലക്കാടുകളില്‍ പെട്ടുപോയ ജീവിതങ്ങള്‍ ഭുരിതാനുഭവങ്ങളുടെ പീഡനമേറ്റു ഞെരിയുന്നു.
വിപരീതങ്ങളെക്കൊണ്ടുള്ള കളിയാണ് അതിന്റെ പ്രവര്‍ത്തനരീതി. നശിക്കുന്ന ജീവകോശങ്ങളെക്കാള്‍ അധികം നിര്‍മിക്കപ്പെ
ടുമ്പോഴാണ് ശരീരവളര്‍ച്ച. ആ വളര്‍ച്ചയ്ക്ക് സഹായകമായതെല്ലാം സുഖാനുഭവമായി തോന്നുന്നു. മറിച്ചും. ക്രമേണ മുന്നനുഭവങ്ങളി
ല്‍നിന്ന് സുഖദുഃഖസങ്കല്പങ്ങള്‍ രൂപംകൊള്ളുന്നു. രാഗദ്വേഷങ്ങള്‍ ആഗ്രഹങ്ങളാവുന്നു, ചിന്തകള്‍ അതനുസരിച്ച് രൂപപ്പെടുന്നു, അവ കരണപ്രതികരണങ്ങളിലേക്ക് നയിക്കുന്നു. എല്ലാ പ്രവൃത്തികളുടെയും ഫലങ്ങളെ മുന്‍നിശ്ചിതങ്ങളായ ഇഷ്ടാനിഷ്ടങ്ങള്‍ തരംതിരിക്കുന്നു. ഇഷ്ടക്കൂടുതല്‍ നേടാനും അനിഷ്ടാനുഭവം കുറയ്ക്കാനും ബദ്ധപ്പെടുന്നു. ഇതുതന്നെ തൊഴിലാ
യിത്തീരുന്നു. മനസ്സ് രാഗദ്വേഷങ്ങളെന്ന ദ്വന്ദ്വങ്ങളുടെ കൂത്തരങ്ങാവുന്നു. മനസ്സിലെ വിക്ഷേപം ബുദ്ധിയില്‍ ആവരണമായി പരിണമിക്കയാല്‍ അവനവനിലെ ആത്മതത്ത്വം ആ മറയ്ക്കപ്പുറത്താ
യിപ്പോകുന്നു.ഈ ചിത്രത്തിന് ഒരു മറുവശവുമുണ്ട്. ഒരു ജന്മ
ത്തില്‍നിന്ന് ലഭിച്ച വാസനകളുടെ കര്‍മാവിഷ്‌കാരത്തിന് ഉതകിയ ഒരു പിറവിയും ശരീരവുമാണ് ജീവന്‍ എന്ന മോര്‍ഫൊജനറ്റിക് ഫീല്‍ഡ് അടുത്ത ജന്മത്തില്‍ തനിക്കായി കണ്ടെത്തി രൂപപ്പെടുത്തുന്നത്. ആ വാസനകള്‍ മനോഭാവമായും പ്രത്യേകമായ കര്‍മാഭിമുഖ്യമായും പുതുപ്പിറവിയില്‍ പ്രകടമാവും. ഈ തുടര്‍ച്ചയുടെ വളര്‍ച്ചയിലുമുണ്ട് വൈരുദ്ധ്യാത്മകത. ചാക്രികമായ തനിയാവര്‍ത്തനത്തിനുള്ള ത്വരയും പരിണമിക്കാനുള്ള ത്വരയും തമ്മിലാണ് അങ്കം. പരിണമിക്കാനുള്ള ത്വര ആത്മസ്വരൂപത്തിന്റെ ആവിഷ്‌കാരത്വരയാണ്.
ഇതിന്റെ എതിരാളി ഇതിനോടു പൊരുതാന്‍ കൂട്ടുപിടിക്കുന്നത് മേല്പറഞ്ഞ ദ്വന്ദ്വമോഹത്തെയാണ്.ഏതവസ്ഥയിലുള്ള ആരായാലും പിറവിയില്‍ തുടങ്ങിയ അജ്ഞാനസമ്പാദനം അവസാനിപ്പിക്കുകയാണ് വേണ്ടത് എന്നാണ് ഗീതാതാത്പര്യം.
അറിവും അറിവില്ലായ്മയും തമ്മിലുള്ള അങ്കത്തില്‍ അറിവിന് സേ്കാര്‍ ലഭിക്കട്ടെ. കുറച്ചെങ്കില്‍ കുറച്ച്. ആ ലീഡ് പിന്നെ ഒരിക്കലും നഷ്ടപ്പെടില്ല. ഈ കളിയില്‍ ജയിക്കാന്‍ വേറെ വഴിയൊന്നുമില്ല. വെറുതെ വീണുകിട്ടുന്നതുമല്ല ട്രോഫി.
(തുടരും..

No comments:

Post a Comment