Friday, 15 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 14

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 14

ന കര്‍ത്തൃത്വം ന കര്‍മ്മാണി...
ലോകസ്യ സൃജതി പ്രഭുഃ
ന കര്‍മ്മഫലസംയോഗം
സ്വഭാവസ്തു പ്രവര്‍ത്തതേ


പരമാത്മാവ് ജീവലോകത്തിനുവേണ്ടി കര്‍ത്തൃത്വം സൃഷ്ടിക്കുന്നില്ല; കര്‍മ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഒരോ ജീവനും അംഗീകരിക്കുന്ന അതതിന്റെ സ്വഭാവം – അവിദ്യാലക്ഷണമായ പ്രകൃതി,
അല്ലെങ്കില്‍ മായ – ആണ് ഇതെല്ലാം പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ഈശ്വരനെപ്പറ്റി തത്ത്വദൃഷ്ടിയോടെ വിചിന്തിനം ചെയ്യുമ്പോള്‍ ഈശ്വരന്‍ കര്‍മ്മരഹിതനാണെന്നു കാണാം. എന്നാല്‍ വ്യവഹാരദൃഷ്ടിയോടെ ഈശ്വരനെപ്പറ്റി ചിന്തിക്കുമ്പോള്‍ സര്‍വ്വേശ്വരന്‍ വിശാലമായ ഈ പ്രപഞ്ചത്തിന്റെ ഹേതുഭൂതനാണെന്നു കാണാം. പക്ഷേ ദൈവം കര്‍മ്മത്തിന്റെ സ്പര്‍ശനംപോലും ഏല്‍ക്കാതെ കഴിയുന്നതുകൊണ്ടു കര്‍ത്താവെന്ന് ഈശ്വരനെ വിളിക്കാന്‍ സാദ്ധ്യമല്ല. കര്‍ത്താവെന്നു വിളിച്ചാല്‍ തന്നെ കര്‍മ്മത്തില്‍ ഉദാസീനനായതുകൊണ്ട് അത് ദൈവത്തെ സ്പര്‍ശിക്കുന്നില്ല. ഈശ്വരന്റെ കരണചരണാദികള്‍ ഒരിക്കലും കര്‍മ്മത്താല്‍ മലിനപ്പെടുന്നില്ല എന്നതുകൊണ്ട് യോഗനിദ്രയേയോ കര്‍മ്മരഹിതത്വത്തേയോ അതുബാധിക്കുന്നുമില്ല. എന്നിട്ടും പഞ്ചഭൂതഗണങ്ങളെ ജനിപ്പിക്കുന്നത് ദൈവമാണ്. എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ദൈവം അവയാലൊന്നിനാലും നിയന്ത്രിക്കപ്പെടുന്നി ല്ല. പ്രപഞ്ചം നിലവില്‍ വരുന്നതിനേയോ അവസാനിക്കുന്നതിനേയോ പറ്റി ഈശ്വരന്‍ ഒരിക്കലും ബോധവാനല്ല. പ്രപഞ്ചം നിലവില്‍ വന്നുവെന്നോ അവസാനിച്ചുവെന്നോ ഉള്ള വിചാരംപോലും ഈശ്വരനില്ല.

ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുന്നു. വേദങ്ങളുടെ കര്‍മകാണ്ഡത്തിലെ ഈശ്വരന്‍ എല്ലാമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച്, പുണ്യപാപങ്ങളുടെ കണക്കെടുത്ത് സൂക്ഷിച്ച്, അന്യൂനമായ നീതിബോധത്തോടെ വിധിക്കുകയും ആ വിധി കര്‍ക്കശമായി നടപ്പാക്കുകയും ചെയ്യുന്ന സര്‍വശക്തനാണ്. അദ്ദേഹം മനുഷ്യര്‍ക്കായി കര്‍മങ്ങളും കര്‍മഫലങ്ങളോട് വേഴ്ചയും കര്‍മത്തിനുള്ള അധികാരവും സൃഷ്ടിക്കുന്നു.

പക്ഷേ, ഉപനിഷത്തില്‍ ഈശ്വരനെക്കുറിച്ചുള്ള ധാരണ ഈ വിധത്തിലല്ല. സൃഷ്ടിയുടെ ബീജവും സ്രഷ്ടാവും ആയ പരമാത്മാവ് പരമാനന്ദസ്വരൂപനും ഗുണാതീതനുമാണ്. അത് പ്രപഞ്ചത്തിന്റെ ജീവനാണ്. (പ്രപഞ്ചത്തില്‍ നന്മതിന്മകളുടെ അടിസ്ഥാനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത ശ്ലോകത്തില്‍ ലഭിക്കാനിരിക്കുന്നു.)

എല്ലാമാകുന്ന ഒന്നില്‍നിന്ന് ഭേദം സംഭവിച്ചാണ് സൃഷ്ടിയുടെ തുടക്കം. ഒന്നായത് പലതാവുന്നു. അങ്ങനെ എല്ലാമായത് എല്ലാം തികയാത്തതായി (അപൂര്‍ണമായി) സ്വയം ഭവിക്കുന്നു. അതോടെ അജ്ഞാനം ജ്ഞാനത്തെ ആവരണം ചെയ്യുന്നു. പലതായതിന് വെവ്വേറെ സ്വഭാവവിശേഷങ്ങള്‍ ക്രമേണ ഉണ്ടാവുന്നു. (differentiation and evolution).

പ്രകൃതിയുടെ സ്വഭാവമനുസരിച്ചാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും നടക്കുന്നത്. ചരാചരങ്ങളുടെയെല്ലാം സൂക്ഷ്മശരീരം (രൂപനിര്‍മാണക്ഷേത്രം) നിലനില്‍ക്കുന്നത് പ്രകൃതിയിലാണ് (അക്ഷരബ്രഹ്മത്തിലാണ്). കാണപ്പെടുന്ന ദേഹങ്ങള്‍ ക്ഷരപ്രപഞ്ചത്തില്‍ അവയുടെ പരാവര്‍ത്തനങ്ങളാണ്. ആദിസ്പന്ദത്തിന്റെ അനുരണനസ്പന്ദങ്ങളിലൂടെ, കരണപ്രതികരണങ്ങളായി, പ്രകൃതി പ്രവര്‍ത്തിക്കുന്നു. കര്‍മങ്ങളും അവയോടുള്ള സംഗവും കര്‍ത്തൃത്വവും പ്രകൃതിയുടെ സൃഷ്ടികളാണ്. പ്രകൃതിയിലെതന്നെ എല്ലാ സൃഷ്ടികളും അവ വെവ്വേറെ ആകുന്ന മുറയ്ക്ക് വെവ്വേറെ സ്വഭാവവിശേഷങ്ങള്‍ പ്രകടമാക്കുന്നു. ഈ സ്വഭാവവിശേഷങ്ങള്‍ പ്രകൃതിയിലുള്ള ഓരോന്നിന്റെയും കര്‍മങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നു.

(തുടരും.....)

No comments:

Post a Comment