Friday, 2 May 2014

ശ്രീമദ് ഭഗവദ് ഗീത ... ആരംഭം.....

"ഹരി ഓം"
"പൂജനീയരായ എല്ലാ ഗുരുപരമ്പരകൾക്കും സാഷ്ടാംഗപ്രണാമം"
"ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ:"
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹംഗണനായകം
"ഓം നമോ ഭഗവതേ വാസുദേവായ"
"ലോകാ സമസ്താ സുഖിനോ ഭവന്തു"
ശ്രീ മദ് ഭഗവദ്ഗീതാ പഠനം
സന്ദർഭം
പരാശര മഹർഷിയുടെയും സത്യവതിയുടെയും പുത്രനായ വേദവ്യാസ മഹർഷിയാണ് മഹാഭാരതം രചിച്ചത്. വേദവ്യാസ മഹർഷിയുടെ പുത്രന്മാരാണ് പാണ്‍ഡുവും ധൃതരാഷ്ട്രരും. ധൃതരാഷ്ടർ ജന്മനാ അന്ധനായിരുന്നു. പാണ്‍ഡു ആയിരുന്നു രാജ്യം ഭരിച്ചിരുന്നത് .
ധൃതാരഷ്ടർക്ക് 100 പുത്രന്മാരും പാണ്‍ഡുവിനു 5 പുത്രന്മാരും ഉണ്ടായി.
പന്ത്രണ്ടു വർഷത്തെ ആരണ്യവാസവും ഒരു കൊല്ലത്തെ അജ്ഞാത വാസവും അഭംഗുരം അനുഷ്ടിച്ച് പാണ്ഡവർ തിരിച്ചുവന്നു. ഇനി തങ്ങൾക്കു അവകാശപ്പെട്ട പകുതി രാജ്യം തിരിച്ചു വാങ്ങണം. അതിനായി ശ്രീകൃഷ്ണഭഗവാനെ ദൂതനായിട്ട്, അവർ ഹസ്തിനപുരിയിൽ, ദുര്യോധന സന്നിധിയിലേക്ക് അയച്ചു.
എന്നാൽ ദൂത് ദയനീയമായി പരാജയപ്പെട്ടു. സൂചി കുത്തുവാനുള്ള സ്ഥലംപോലും പാണ്ഡവർക്കു കൊടുക്കുകയില്ല എന്ന് ദുര്യോധനൻ തീർത്തു പറഞ്ഞു കൂടാതെ, ജഗന്മയനായ ഭഗവാനെ ബന്ധിക്കുവാൻ കൂടി ദുര്യോധനൻ ദുശ്ശാസനനോട് ആജ്ഞാപിച്ചു.
ദൂത് പരാജയപ്പെട്ടപ്പോൾ യുദ്ധം അനിവാര്യമായിത്തീർന്നു. രണ്ടു കൂട്ടരും (പാണ്ഡവരും കൗരവരും ) യുദ്ധത്തിനു സന്നദ്ധരായി. ശ്രീകൃഷ്ണനെ രണ്ടു പക്ഷക്കാരും സഹായത്തിനായി ക്ഷണിച്ചു. അർജ്ജുനനും ദുര്യോധനനും ദ്വാരകയിൽ എത്തി. ഒടുവിൽ പാണ്ഡവരുടെ പക്ഷത്ത് യുദ്ധം ചെയ്യാതെയും ആയുധം ധരിക്കാതെയും നിന്നുകൊള്ളുവാൻ സുയോധനൻ സമ്മതിച്ചു.
ഭഗവാൻ യുദ്ധം ചെയ്തില്ലെങ്കിലും ആയുധമില്ലാതെയായാലും തങ്ങളുടെ പക്ഷത്ത് നിന്നാൽ മാത്രം മതിയെന്ന് പാണ്ഡവരും സമ്മതിച്ചു.
യുദ്ധത്തിനായി പുണ്യഭൂമിയായ കുരുക്ഷേത്രത്തിലെ വിസ്തൃതമായ മൈതാനം ധർമ്മക്ഷേത്രം തന്നെ ഇരുകൂട്ടരുടേയും സമ്മതത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. കാർത്തികമാസത്തിലെ കറുത്തവാവ് ദിവസ്സം സൂര്യഗ്രഹണമായിരുന്നു. ഗ്രഹണം കഴിഞ്ഞുള്ള പുണ്യകാലത്തിൽ, യുദ്ധസന്നദ്ധരായി രണ്ടു കൂട്ടരും രണാങ്കണത്തിൽ പ്രവേശിച്ചു. ഏതാണ്ട് ബി.സി.3136 നവംബറിലാണ് ഇത്. താൻ ആയുധം ധരിക്കുകയോ യുദ്ധം ചെയ്യുകയോ ഇല്ലെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ സത്യം ചെയ്തിട്ടുള്ളതിനാൽ സാരഥിയായി അർജ്ജുനൻറെ രഥം തെളിയിക്കുവാൻ ഭഗവാൻ തന്നെ സ്വയം നിയുക്തനായി.
അങ്ങനെ ഭഗവാൻ
വെള്ളക്കുതിരകളെ പൂട്ടിയതും ശ്രീ ഹനുമാന്റെ ചിത്രവുമുള്ള കൊടികൾ പാറി പറക്കുന്നതുമായ മനോഹരമായ രഥത്തിൽ, ഇടത്തെ കയ്യിൽ കടിഞ്ഞാണും വലത്തെ കയ്യിൽ ചമ്മട്ടിക്കോലുമായ് പ്രപഞ്ചസാരഥിയായ വാസുദേവൻ‌ കയറി നിന്നു. ഗാന്ധീവ-ധനുസ്സും, അസ്ത്രങ്ങളും ആവനാഴിയും ധരിച്ചു പാർഥനും പിന്നാലെ പ്രവേശിച്ചു. മയൂരപിഞ്ചരങ്ങളാൽ സമലംകൃതമായ മണിരത്നങ്ങൾ നിറഞ്ഞ മനോഹര കിരീടവും ചൂടി ഗോപീചന്ദനക്കുറികൾ ചാർത്തി, ഗണ്ഡമണ്ഡലങ്ങളിൽ മകര കുണ്ഡലമണിഞ്ഞു വനമാല തുളസിമാല കൗസ്തുഭ രത്നമാല്യങ്ങളും തുടങ്ങിയ ചാരുഹാസങ്ങൾ ശ്രീ വൽസാങ്കിത വക്ഷസ്സിൽ ധരിച്ച്, പീതാംബരം ഭംഗിയായി ഞൊറിഞ്ഞുടുത്ത്, കനക കിങ്ങിണികൾ, വളകൾ, മോതിരങ്ങൾ അണിഞ്ഞ് തിളങ്ങി പ്രകാശിച്ചുകൊണ്ടിരിക്കുന്ന നീലിമയാർന്ന കണ്ണുകളാൽ നാലു പാടും വീക്ഷിച്ചും അരവിന്ദസുന്ദരമായ പൂന്തിങ്കൾ വദനത്തിൽ അനുകമ്പാർദ്രമായ മന്ദ സ്മേരവും പൊഴിച്ചും അങ്ങനെ നയനാനന്ദ സുന്ദരരൂപഭംഗിയോടെ സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ പാർഥസാരഥിയായി വിളങ്ങിനിന്നു.
..........ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം............

No comments:

Post a Comment