Thursday, 15 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 14

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 14
സര്‍വ്വമേതദൃതം മന്യേ
യന്മാം വദസി കേശവ
ന ഹി തേ ഭഗവന്‍ വ്യക്തിം
വിദുര്‍ദേവാ ന ദാനവാഃ
ഹേ കേശവ, എന്നോട് അങ്ങു പറയുന്നതെല്ലാം സത്യമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയുടെ സമ്പൂര്‍ണ്ണ സ്വരൂപത്തെ ദേവന്മാരോ അസുരന്മാരോ ആരുംതന്നെ അറിയുന്നില്ല.
അങ്ങയുടെ ആദേശകിരണങ്ങള്‍ എന്‍റെ ഹൃദയത്തില്‍ പരന്നതോടെ ഋഷിമാര്‍ ചൂണ്ടിക്കാണിച്ച വഴികളൊന്നും അപരിചിതങ്ങളായി എനിക്ക് തോന്നുന്നില്ല. അവരുടെ ഉപദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്‍റെ ബീജങ്ങളായിരുന്നു. അത് എന്‍റെ ഹൃദയമാകുന്ന മണ്ണില്‍ ചൂഴ്ന്നിറങ്ങിയിട്ടുണ്ട്. അങ്ങയുടെ കൃപാജലം കൊണ്ടു കുതിര്‍ന്ന ഈ വിത്തുകള്‍ ദിവ്യമായ സംവാദരൂപേണ അങ്കുരിച്ച് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. അല്ലയോ അജേയനായ പ്രഭോ, ഞാന്‍ അങ്ങയുടെ ആനന്ദകരമായ സംവാദസാഗരമായി തീര്‍ന്നിരിക്കുന്നു. ഈ സാഗരത്തിലേക്ക് നാരദാദി മുനികളുടെ ഉപദേശങ്ങളാകുന്ന ഉറവകള്‍ ഒഴുകിയെത്തിയിരിക്കുന്നു. എന്‍റെ പൂര്‍വജന്മങ്ങളുടെ പുണ്യപ്രവൃത്തികള്‍കൊണ്ട് മുമ്പ് നേടാന്‍ കഴിയാതെപോയതെല്ലാം അങ്ങ് എനിക്ക് നേടിത്തന്നിരിക്കുന്നു. എന്‍റെ മുന്‍ഗാമികള്‍ അങ്ങയെ സ്തുതിച്ചുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അങ്ങയുടെ കാരുണ്യം എന്നില്‍ ചൊരിയുന്നതുവരെ അതേപ്പറ്റിയൊന്നും എനിക്കു മനസ്സിലായിരുന്നില്ല. ഭാഗ്യദേവത കടാക്ഷിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് അവന്‍റെ പ്രയത്നത്തിന്‍റെ ഫലം സിദ്ധിക്കുകയുളളു. ഒരുവന്‍ കേട്ടതും പഠിച്ചതുമെല്ലാം അനുഭവിച്ചറിയണമെങ്കില്‍ ഗുരുകൃപ ആവശ്യമാണ്. തോട്ടക്കാരന്‍ ചെടികളേയും വൃക്ഷങ്ങളേയും വെളളം നനച്ചു പരിപാലിക്കുന്നു. എന്നാല്‍ വസന്താഗമത്തോടെ മാത്രമേ പുഷ്പങ്ങളും ഫലങ്ങളും ഉണ്ടാവുകയുളളു. ജ്വരം ഇല്ലാതാകുമ്പോള്‍ മാത്രമേ ഒരു രോഗിക്കു ഭക്ഷണം ആസ്വദിക്കാന്‍ കഴിയൂ. ഇന്ദ്രിയങ്ങളും വാക്കും പ്രാണനും അതിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ചൈതന്യം ചൈതന്യവത്താകുമ്പോള്‍ മാത്രമാണ്. അപ്രകാരം വേദപഠനങ്ങളുടേയോ യോഗാദിസാധനങ്ങളുടേയോ പ്രയോജനം ഒരു ശിഷ്യനു ലഭിക്കുന്നത് അവന്‍റെ ഗുരുവിന്‍റെ കാരുണ്യം ഉണ്ടാകുമ്പോള്‍ മാത്രമാണ്.
ഭഗവാന്‍റെ അര്‍ജ്ജുനന്‍റെ സംശയങ്ങളേയെല്ലാം ദൂരീകരിച്ചിരിക്കുന്നു. അവന്‍ ആനന്ദനൃത്തം വെച്ചുകൊണ്ട് വീണ്ടും പറഞ്ഞു:
അല്ലയോ ഭഗവാന്‍, അങ്ങയുടെ വാക്കുകള്‍ എന്നില്‍ വിശ്വാസം ഉളവാക്കിയിരിക്കുന്നു. മോചകനായ അങ്ങ് ദേവന്മാര്‍ക്കും ദൈത്യന്മാര്‍ക്കുപോലും ദുര്‍ഗ്രാഹ്യനാണെന്ന് ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഉപദേശങ്ങള്‍ വഴി അങ്ങുതന്നെ അങ്ങയെ ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നില്ലെങ്കില്‍, ഞങ്ങളുടെ ബുദ്ധിമാത്രം ഉപയോഗിച്ച് അങ്ങയെ മനസ്സിലാക്കുന്നത് അസാധ്യമാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു.
വേദാന്തത്തില്‍ ഒരു വസ്തുതയുടെ സത്യാവസ്ഥ നിശ്ചയിക്കാനുള്ള വഴികള്‍ പ്രത്യക്ഷം (നേരിട്ടുള്ള നിരീക്ഷണം അഥവാ കാഴ്ച), അനുമാനം (കണ്ടതിനെ ആസ്പദിച്ചുള്ള നിഗമനം), ശബ്ദം (മുമ്പെ അറിഞ്ഞവര്‍ ഭാഷയിലൂടെ രേഖപ്പെടുത്തിയത്), അര്‍ഥാപത്തി (ഇതിങ്ങനെയാണെങ്കില്‍ അതിനെപ്പറ്റി വേറിട്ടു പറയാനുണ്ടോ എന്ന തരത്തിലുള്ള നിരൂപണം), അനുപലബ്ധി (അറിവിന്റെ അനുഭവത്തിലൂടെയുള്ള സ്ഫുടപാകം) എന്നിങ്ങനെ അഞ്ചാണ്. ഉറവിടത്തിന്റെ ആധികാരികത തീര്‍ച്ചപ്പെട്ടാല്‍ ശബ്ദം സത്യസാക്ഷ്യമാണ്. ഈശ്വരസ്വരൂപം ഈശ്വരനേ ശരിയായി അറിയാവൂ. വെളിപ്പെട്ടു കിട്ടുന്നത് ഈശ്വരനില്‍നിന്നുതന്നെ എന്ന് ഉറപ്പായാല്‍, പറയപ്പെട്ട അറിവു സത്യമായി. അസുരന്മാരോ ദേവന്മാരോ ഒന്നും അങ്ങയെ അറിയുന്നില്ല. 
(തുടരും..)

Wednesday, 14 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 12 & 13

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 12 & 13
അര്‍ജ്ജുന ഉവാച:
പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവമജം വിഭും.
ആഹുസ്ത്വാമൃഷയഃ സര്‍വേ
ദേവര്‍ഷിര്‍ന്നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ
സ്വയം ചൈവ ബ്രവീഷി മേ.
പരമമായ ബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും പരമ പവിത്രസ്വരൂപിയുമാണങ്ങ്. അങ്ങയെ ശാശ്വതദിവ്യപുരുഷന്‍, ആദിദേവന്‍, ജനനരഹിതന്‍, സര്‍വ്വവ്യാപി എന്നൊക്കെ സര്‍വ്വഋഷിമാരും ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വയമങ്ങും അതുതന്നെ എന്നോടു പറയുന്നു.
പ്രഭോ! വിശ്വനാഥാ! അങ്ങ് പരബ്രഹ്മമാണ്. പഞ്ചമഹാഭൂതങ്ങളുടെ തൊട്ടിലാണ്. പവിത്രമായ എല്ലാറ്റിലും വെച്ച് പവിത്രമാണ്. ത്രിമൂര്‍ത്തികളില്‍ അഗ്രേസരനാണ്. പരംപുരുഷനായ അങ്ങ് മായാതീതനാണ്. അങ്ങ് അനാദിയാണ്. അങ്ങേയ്ക്ക് ജനനമരണങ്ങളില്ല. അങ്ങ് ത്രികാലജ്ഞനാണ്. ഭാവിയുടേയും ഭൂതത്തിന്‍റേയും വര്‍ത്തമാനകാലത്തിന്‍റേയും ചരടുവലിക്കുന്നത് അവിടുന്നാണ്. ജീവന്‍ തുടിക്കുന്ന എല്ലാറ്റിന്‍റേയും കുലദേവതയാണ്. ഈ വിശ്വത്തിന്‍റെ നിയന്ത്രകനാണ്.
മറ്റുവിധത്തിലും ഈ സത്യങ്ങളൊക്കെ എനിക്കറിയാന്‍ ഇടയായിട്ടുണ്ട്. പൂര്‍വകാലങ്ങളില്‍ അങ്ങയെപ്പറ്റി ഇപ്രകാരമുളള കഥകള്‍ ഋഷിമാര്‍ ഞങ്ങളെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമേ അതിന്‍റെ സത്യാവസ്ഥ ബോധ്യമായുളളു. പ്രഭോ, ഇത് അങ്ങയുടെ കാരുണ്യം കൊണ്ട് മാത്രമാണ്. പൂജ്യനായ നാരദമഹര്‍ഷി ഞങ്ങളുടെ ഗൃഹം സന്ദര്‍ശിക്കുകയും അങ്ങയുടെ മാഹാത്മ്യമത്തെപ്പറ്റി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സംഗീതസുധാരസത്തിലാണ് ഞങ്ങള്‍ ആകൃഷ്ടരായിരുന്നത്. ആ ഗാനങ്ങളില്‍ അന്തര്‍ഭവിച്ചിരുന്ന ആഴമേറിയ അര്‍ത്ഥം ഞങ്ങള്‍ ഗൗനിച്ചില്ല. അരുണന്‍റെ പ്രകാശം അന്ധന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവന്‍ അതിന്‍റെ ചൂടറിയും. എന്നാല്‍ എങ്ങനെയാണ് പ്രകാശം കാണുന്നത്? അപ്രകാരം നാരദമുനി ആത്മതത്ത്വത്തെക്കുറിച്ച് ഞങ്ങള്‍ക്കു പ്രബോധനം നല്‍കിയപ്പോള്‍ ഞങ്ങളുടെ ഹൃദയതന്തുക്കളില്‍ തട്ടിയത് അദ്ദേഹത്തിന്‍റെ വീണയുടെ മധുരക്വാണമാണ്.
അങ്ങയുടെ ദിവ്യമായ മാഹാത്മ്യത്തെപ്പറ്റി അസിതനും ദേവലനും പുകഴ്ത്തുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് എന്‍റെ മനസ്സ് വിഷയസുഖങ്ങളുടെ വിഷംകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഉഗ്രമായ ഈ വിഷം മധുരമായ പരമാര്‍ത്ഥതത്ത്വത്തെ തിക്തമായും തിക്തമായ വിഷയസുഖങ്ങളെ മധുരമായും കരുതി ആസ്വദിക്കാന്‍ ഇടയാക്കുന്നു. എന്തിനു മറ്റുളളവരുടെ കാര്യം പറയുന്നു? വ്യാസന്‍പോലും ഞങ്ങളുടെ കൊട്ടാരത്തില്‍ വന്ന് അങ്ങയുടെ മഹത്തായ ജീവിതത്തെപ്പറ്റി വര്‍ണ്ണിച്ചിട്ടുണ്ട്. അന്നൊക്കെ, രാത്രിയില്‍ കാലില്‍തട്ടി വീണിട്ടും അറിയാതെ, പ്രഭാതത്തില്‍ വെളിച്ചം വീശിയപ്പോള്‍ മാത്രം താന്‍ ചവുട്ടി വീണത് ചിന്താമണിരത്നമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരുവനെപ്പോലെയായിരുന്നു ഞാന്‍. അപ്രകാരം വ്യാസാദി മഹര്‍ഷിമാരുടെ പ്രബോധനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്‍റെ രത്നഖനികളായിരുന്നെങ്കിലും ഞാന്‍ അതിനെ തളളിമാറ്റിക്കളഞ്ഞു. എന്നാല്‍ ഇപ്പോഴാകട്ടെ അങ്ങയുടെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ അവരുടെ പ്രബോധനങ്ങള്‍ വിലമതിക്കാനാവാത്തവയായിരുന്നുവെന്ന് മനസ്സിലാക്കുന്നു.
ഇതുവരെ കിട്ടിയ അറിവിന്റെയും ശിക്ഷണത്തിന്റെയും വെളിച്ചത്തില്‍ അര്‍ജുനന്‍ വലിയൊരു തിരിച്ചറിവിലെത്തുന്നു. തന്റെ കളിക്കൂട്ടുകാരനും സമവയസ്‌കനും സൂത്രക്കാരനായ ബന്ധുവും മാത്രമായി ഇതുവരെ കരുതിയ യാദവകൃഷ്ണനില്‍ പരമാത്മാവിനെ കാണുകയാണ്. പൂര്‍വികരായ മഹാത്മാക്കള്‍ പണ്ടേ അര്‍ജുനന്റെ മനസ്സില്‍ പാകിയതാണ് ഈ തിരിച്ചറിവിന്റെ വിത്ത്. ഇപ്പോഴേ മുളയ്ക്കുന്നുള്ളൂ എന്നു മാത്രം. ഭീഷ്മരുടെ വംശജന്‍ എന്ന നിലയിലും വൈദികബ്രാഹ്മണനായ ദ്രോണരുടെ ശിഷ്യനെന്ന നിലയിലും പൂര്‍വികരുടെ വാക്കുകള്‍ അര്‍ജുനന് പണ്ടേ പരിചയമുണ്ടല്ലോ. (ഇവിടെ ദേവര്‍ഷിമാരുടെ പ്രതിനിധിയായി നാരദന്‍ മാത്രമേ ഉള്ളൂ എന്നതും അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നിവര്‍ പ്രാഗ്‌വൈദികരായ ആദിമവംശക്കാരാണെന്നതും ശ്രദ്ധേയമാണ്.)
ഇവരൊക്കെ മുമ്പേ അരുളിച്ചെയ്തത് ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നതുകൊണ്ട് ബോധ്യമായി എന്നല്ല വിവക്ഷ. തനിക്ക് ഈ ഘട്ടത്തില്‍ സ്വയമേവ ബോധ്യമായ കാര്യം പണ്ടേ ഇവരെല്ലാം പറഞ്ഞതാണെന്നും ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നല്ലോ എന്നുമുള്ള ആശ്ചര്യം നിറഞ്ഞ കണ്ടെത്തലാണ് കാവ്യഹൃദയം. അതായത് വെറും ഉണക്ക അറിവു മാത്രമായിരുന്നത് അനുഭവംകൂടി ആയിരിക്കുന്നു എന്ന പുളകം. ഇതോടെ അപൂര്‍വമായ പ്രേമവും ആരാധനയും അര്‍ജുനന്റെ മനസ്സില്‍ ഉരുള്‍പൊട്ടുന്നു.
ഇപ്പോഴും അര്‍ജുനനിലെ ജ്ഞാനദീപം പരമാത്മസ്വരൂപത്തില്‍നിന്ന് ഭിന്നമാണെന്ന സൂചനകൂടി ഉണ്ട്. തികഞ്ഞ തന്മയീഭാവത്തോടെയുള്ള പ്രേമാരാധനകള്‍ രണ്ടെന്നില്ലാത്ത സച്ചിദാനന്ദത്തില്‍ പര്യവസാനിക്കുമല്ലോ. അത്രയ്ക്കായില്ല. അങ്ങോട്ടുള്ള യാത്ര സമംഗളം തുടങ്ങിയേ ഉള്ളൂ.
ഗീതാകാവ്യത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് വ്യാസര്‍ ഇവിടെ ഭംഗ്യന്തരേണ അടയാളപ്പെടുത്തുന്നുമുണ്ട്. പുനരാലോചനയുടെ മുന്‍കരുതലും അനുഭവത്തിന്റെ ജൈവാംശവും പുരാതന പാഠങ്ങളുടെ സ്വാംശീകരണത്തില്‍ നിര്‍ണായകഘടകങ്ങളാക്കുക എന്നതുതന്നെയാണ് അത്. ബ്രഹ്മസൂത്രത്തിലോ ഉപനിഷത്തുകളിലോ ഉള്‍പ്പെടാത്ത ഒരു പുതിയ പാഠവും ഗീത അവതരിപ്പിക്കുന്നില്ല. പുരാതനപാഠങ്ങളെ സംസ്‌കരിക്കുകയും അവയ്ക്ക് അനുഭവത്തിന്റെ ജീവന്‍ നല്കുകയും മാത്രം ചെയ്യുന്നു.
ശുഷ്‌കസത്യം അനുഭവസത്യമായി മാറിയെന്ന് അര്‍ജുനന്‍ സാക്ഷ്യപ്പെടുത്തുന്നു
(തുടരും..)

Tuesday, 13 January 2015

നാരദഭക്തിസൂത്രം Day70 എഴുപതാം ദിവസം

നാരദഭക്തിസൂത്രം Day70 എഴുപതാം ദിവസം
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നൊക്കെ പറയുന്നത്‌ മോശപ്പെട്ട കാര്യമായിട്ടാണ്‌ കാണുന്നത്‌. 
ആരോ തമാശയ്‌ക്കു പറഞ്ഞത്‌ ഓര്‍ക്കുകയാണ്‌ 
ഓട്ടോഗ്രാഫ്‌ എഴുതാന്‍ കൊടുത്തുകഴിഞ്ഞാല്‍ ചിന്മയാനന്ദസ്വാമിജി 
എല്ലാവര്‍ക്കും "വിത്ത്‌ ലൗ"എന്നെഴുതും. 
അപ്പോള്‍ ഇത്‌ എഴുതി മേടിക്കുന്നവര്‍ക്ക്‌ സ്വാമിജിയെ അറിയാം. 
പക്ഷേ വീട്ടില്‍കൊണ്ടുപോയാല്‍ ഭര്‍ത്താവിനറിയില്ലല്ലോ. 
അതുകൊണ്ട്‌ പലപ്പോഴും അത്‌ അവര്‌ കാണിക്കില്ലത്രേ. 
വളരെ രസമായിട്ടുള്ള കാര്യമാണ്‌.....
ഇദ്ദേഹത്തിന്റെ അഖണ്‌ഡമായ മുറിവില്ലാത്ത സ്‌നേഹം പേനത്തുമ്പിലൂടെ എനിക്കു പകര്‍ന്നു തന്നതാണ്‌......നിനക്കു തരാന്‍ ഇതു മാത്രമേ ഉള്ളൂ എന്നു പറയുകയാണ്‌. 
ഇതിനെ വീട്ടിലുള്ളവര്‍ എടുത്തു നോക്കിക്കഴിഞ്ഞാല്‍ ഈ ലൗ എന്നു പറയുന്നത്‌ എന്തോ ഒരു മോശപ്പെട്ട വികാരമാണെന്ന്‌ മനസ്സിലാക്കിയാലോ. അതുകൊണ്ട്‌ നമ്മെ സംബന്ധിച്ച്‌ ഒരു പുരുഷന്‌ ഒരു സ്‌ത്രീയോടു തോന്നുന്ന പ്രേമമെന്ന വികാരം അത്‌ കാമമാണ്‌ എന്നു പറയുകയാണ്‌. ഈ കാമത്തെ മാറ്റിയിട്ട്‌ അത്‌ പുതിയൊരു വേഷമണിഞ്ഞിട്ട്‌ നമ്മളതിനെ പ്രേമമെന്നു പറയും. അതാണ്‌ ലോകത്തിനു പറ്റിയിട്ടുള്ള വലിയ അബദ്ധം. 
ഈ നാരദഭക്തിസൂത്രം കാലോചിതമായി വ്യാഖ്യാനിക്കേണ്ടതാണ്‌. അല്ലെങ്കില്‍ ഇത്‌ അങ്ങേയറ്റം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. നാരദര്‌ എന്തു ഭംഗിയായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌ കാമനാരഹിതം - അതില്‍ കാമനയ്‌ക്കു സ്ഥാനമില്ല. മാത്രമല്ല അത്‌ പ്രതിക്ഷണവര്‍ദ്ധമാനം - ക്ഷണം പ്രതി വര്‍ദ്ധിക്കുന്നതാണ്‌. മറ്റേതങ്ങനെയല്ല. അത്‌ പ്രേമം. പിന്നെ പ്രേമം എവിടെയാണ്‌ അവസാനിക്കുന്നത്‌ വിവാഹത്തില്‍. അനന്തരം അതിന്റെ പരിണാമം വിവാഹമോചനത്തിലാണ്‌. അല്ലെങ്കില്‍ അവര്‌ പണ്ട്‌ വലിയ പ്രേമത്തിലായിരുന്നു. ഇപ്പോഴോ? നമ്മുടെ പ്രേമം വര്‍ദ്ധിക്കുന്നുണ്ടോ? ഇല്ല. വിവാഹാനന്തരം നോക്കൂ. മുമ്പുണ്ടായിരുന്നതുപോലെ ആണോ. പ്രേമിച്ചു വിവാഹം ചെയ്‌തിട്ടുള്ളവര്‍ക്കൊക്കെ അറിയാം. അതല്ല സ്വാമീ, സ്വാമി പറയുന്നതു ശരിയല്ല. ഞങ്ങളെ സംബന്ധിച്ച്‌ ഞങ്ങളുടെ പ്രേമം വിവാഹാനന്തരം അതങ്ങനെ പുഷ്‌പിച്ചു കായ്‌ച്ചു ഫലമായി ശാഖകളായി, അത്‌ അങ്ങനെ വളര്‍ന്നു പന്തലിച്ചു പോവുകയാണ്‌ എന്നാല്‍ സ്വാമി അവരെ നമസ്‌ക്കരിക്കുന്നു. 
ഇവിടെ എനിക്കുണ്ടായിരിക്കുന്ന പ്രേമമെന്ന ഭക്തി, അതെന്നില്‍ ആവിര്‍ഭവിച്ചാല്‍, ഞാനതിനു പാത്രീഭൂതനായിക്കഴിഞ്ഞാല്‍ പിന്നെയെന്താണ്‌ പ്രതിക്ഷണവര്‍ദ്ധമാനം - അതെനിക്കു എല്ലാറ്റിനോടും ഉണ്ടാകണമെന്നാണ്‌. ഇപ്പോള്‍ നമുക്കതുണ്ട്‌ പക്ഷേ നമ്മളുമായി ബന്ധപ്പെട്ടതിനോടേയുള്ളു മൃഗങ്ങളോടുണ്ട്‌, കുട്ടികളോടുണ്ട്‌, വൃക്ഷങ്ങളോടുണ്ട്‌ ഈ ജഡമായിട്ടുള്ളതിനോടെല്ലാമുണ്ട്‌. ഏതില്‍ എന്റെ പേരിലുള്ളതില്‍. അവിടുന്ന്‌ വിട്ടുകഴിഞ്ഞാലില്ല. എന്നാലിത്‌ അവിച്ഛിന്നമാകണം - മുറിവില്ലാത്തതാകണം. 
ഇത്‌ എന്റെ ആഴങ്ങളിലേക്കുള്ള പോക്കാണ്‌. അതുകൊണ്ട്‌ ഇത്‌ സൂക്ഷ്‌മതരം. മാത്രമല്ല അനുഭവരൂപം - അപ്പോള്‍ ഇത്‌ നെറ്റിയിലെ കുറിയുടെ വലിപ്പമോ, രാവിലെ എഴുന്നേല്‍ക്കുന്ന സമയത്തെയോ, സഹസ്രനാമാദികളെയോ ക്ഷേത്രദര്‍ശനത്തെയോ ഒന്നും ആശ്രയിച്ചു നിലകൊള്ളുന്നതല്ല. എനിക്ക്‌ എന്നോടുള്ള ഭക്തി ആ പ്രേമം തന്നെയാണ്‌. എനിക്കു ഈ വിശ്വത്തോട്‌, ഈശ്വരനോട്‌, പ്രകൃതിയോട്‌ ഒക്കെ ഉള്ള ഭക്തി അതാണ്‌ പ്രേമം. വേഷം കൊണ്ടോ, കാലം കൊണ്ടോ വസ്‌തുവിനെക്കൊണ്ടോ ഒന്നും പരിമിതപ്പെടാത്തതും അതേ സമയം ഗുണരഹിതം കാമനാരഹിതം പ്രതിക്ഷണവര്‍ദ്ധമാനം അവിച്ഛിന്നം സൂക്ഷ്‌മതരം അനുഭവരൂപം ഒക്കെയാണ്‌ ഭക്തി.
(തുടരും...)

നാരദഭക്തിസൂത്രം Day 69 അറുപത്തിഒമ്പതാം ദിവസം

നാരദഭക്തിസൂത്രം Day 69 അറുപത്തിഒമ്പതാം ദിവസം
54. "ഗുണരഹിതം കാമനാരഹിതം പ്രതിക്ഷണവര്‍ദ്ധമാനം 
അവിച്ഛിന്നം സൂക്ഷ്‌മതരം അനുഭവരൂപം"
പരിശുദ്ധമായ ഭക്തി ഗുണരഹിതവും കാമനകളോടും കൂടാത്തതും സദാ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും നിരന്തരവും അതിസൂക്ഷ്‌മവും അനുഭൂതിയോടുകൂടിയതുമാണ്‌. 
ഗുണരഹിതം - മലയാളത്തില്‍ പറയുന്ന ഗുണരഹിതം -ഒരു ഗുണവുമില്ലാത്ത എന്നല്ല...
ഗുണം എന്ന്‌ സംസ്‌കൃതത്തിലും,ഗീതയിലും,വേദാന്തശാസ്‌ത്രത്തിലും ഒക്കെ പറയുന്നതിന്റെ അര്‍ത്ഥം ത്രിഗുണങ്ങള്‍. സത്വം, രജസ്സ്‌, തമസ്സ്‌. 
ഈ സത്വരജസ്‌തമോ ഗുണങ്ങളില്‍ നിന്നാണ്‌ കാമമുണ്ടാകുന്നത്‌. 
അര്‍ജ്ജുനന്‍ മൂന്നാമധ്യായത്തില്‍ ഭഗവാനോട്‌ ചോദിക്കുന്നുണ്ട്‌. 
"അഥകേനപ്രയുക്തോ?യം പാപം ചരതി പൂരുഷഃ അനിച്ഛന്നപി "- 
ചോദ്യം ഗംഭീരമാണ്‌ ഹേ ഭഗവന്‍ ആരാല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു?
ആരാല്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു ?
ഈ പുരുഷന്‍ അല്ലെങ്കില്‍ ഓരോ മനുഷ്യരും ഓരോ ദുഷ്‌ചെയ്‌തികള്‍ ചെയ്യുന്നു.?മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതിന്‌ ആരാണവനെ പ്രേരിപ്പിക്കുന്നത്‌ ?
"അഥകേന പ്രയുക്തോയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി"
ആഗ്രഹിക്കുന്നില്ല എങ്കില്‍പ്പോലും, 
"ബലാദിവ നിയോജിത"-ആരോ ബലമായി അവനെക്കൊണ്ട്‌ ചെയ്യിക്കുന്നു,,
അവിടെ ഭഗവാന്‍ കൊടുക്കുന്ന ഉത്തരമെന്താണെന്നോ. 
"കാമഏഷ ക്രോധയേഷ രജോഗുണസമുദ്‌ഭവഃ"രജോ ഗുണത്തില്‍ നിന്ന്‌ ഉത്ഭവിച്ച കാമനയാണര്‍ജ്ജുനാ നിന്നെ ഇവിടെ നിര്‍ത്തിയത്‌. 
നീയെന്നല്ല ആരെക്കൊണ്ടും പാപം ചെയ്യിക്കുന്നതെന്താണ്‌? 
ഗുണത്തില്‍ നിന്നാവിര്‍ഭവിച്ച ആഗ്രഹങ്ങളാണ്‌. 
ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായിട്ടാണ്‌ ഈ നടക്കുന്ന യുദ്ധങ്ങള്‍ മുഴുവന്‍. 
നമ്മുടെ ഭൂമിയുടെ അല്ലെങ്കില്‍ നമ്മുടെ ഒരു മനുഷ്യചരിത്രം എടുത്തു പരിശോധിച്ചു കഴിഞ്ഞാല്‍ എത്രയോ യുദ്ധങ്ങളുണ്ടായിട്ടുണ്ട്‌. 
അയ്യായിരത്തിലേറെ യുദ്ധങ്ങുണ്ടായിട്ടുണ്ട്‌. 
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും അതിലേറെ ആഭ്യന്തരയുദ്ധങ്ങളും. 
ഇതൊക്കെ എവിടുന്നുണ്ടായി? കാമത്തില്‍ നിന്ന്‌.
ഗുണരഹിതം എന്നു പറയുന്ന സമയത്ത്‌ ഒരു ഗുണവും ഇല്ലാത്തത്‌ എന്നല്ല മറിച്ച്‌ ത്രിഗുണത്താല്‍ സ്വാധീനിക്കാത്തത്‌. 
കാമനാരഹിതം - ദേവര്‍ഷി മുമ്പു പറഞ്ഞു ന കാമയമാന അമൃതസ്വരൂപാത്‌ - അതുകൊണ്ടു സ്വാമി ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ ഇന്നു നാം പ്രേമമെന്നു പറയുന്നത്‌ അതിലുള്ളത്‌ കാമനയാണ്‌. ദേവര്‍ഷി നാരദന്റെ പ്രേമമെന്നത്‌ ദിവ്യമായ അല്ലെങ്കില്‍ ഭക്തിയെന്നത്‌ പരമമായ പ്രേമമാണ്‌. ആ പരമമായ പ്രേമത്തെ ദേവര്‍ഷി മുമ്പു തന്നെ പറഞ്ഞു. അമൃതസ്വരൂപാശ്ച ന കാമയമാന - അതില്‍ കാമത്തിന്റെ ഒരു കണികപോലും ഇല്ലാത്തതാണ്‌. പക്ഷേ ഇന്നു നമ്മള്‌ അറിഞ്ഞോ അറിയാതെയോ പഠിച്ചുവച്ചു ഇതാണ്‌ പ്രേമമെന്ന്‌. അതായത്‌ ആണിനും പെണ്ണിനും പരസ്‌പരം തോന്നുന്നതാണ്‌ പ്രേമമെന്ന്‌.
(തുടരും...)

Monday, 12 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 11

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 11
തേഷാമേവാനുകമ്പാര്‍ത്ഥം
അഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥഃ
ജ്ഞാനദീപേന ഭാസ്വതാ.
ബുദ്ധിയോഗം നേടിയ ആ ഭക്തരുടെ നന്മയെ ലക്ഷ്യമാക്കിത്തന്നെ ഞാന്‍ അവരുടെ ഉളളിലിരുന്നു കൊണ്ട് ജ്ഞാനദീപം ജ്വലിപ്പിച്ച് അവരുടെ അജ്ഞാനത്തില്‍ നിന്നുണ്ടായ ഇരുട്ടിനെ നിശ്ശേഷം ഇല്ലാതാക്കുന്നു.
നിരന്തരവും നിസ്തന്ദ്രവുമായ ഭക്തികൊണ്ട് എന്നെ ശരണം പ്രാപിച്ചിട്ടുളളവരും എന്നെ ജീവിതത്തില്‍ കേന്ദ്രബിന്ദുവായി അംഗീകരിച്ചിട്ടുളളവരും മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാത്തവരുമായ വിജ്ഞാനസമ്പന്നന്മാരുടെ മുന്നില്‍, അവരുടെ ദീപയഷ്ടി വാഹകനായി കര്‍പ്പൂരദീപം കൊളുത്തി പകല്‍ വെളിച്ചത്തില്‍പോലും നടക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഈ ഭക്തന്മാരുടെ അജ്ഞതയാകുന്ന അന്ധകാരം നീക്കിക്കളഞ്ഞ് അവര്‍ക്ക് ശാശ്വതമായ വെളിച്ചം ഞാന്‍ നല്‍കുന്നു.
ഭക്തവത്സലനായ പരമപുരുഷന്‍ ഇപ്രകാരം പ്രസ്താവിച്ചു കഴിഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു :
എന്‍റെ ആഗ്രഹങ്ങളെല്ലാം ഇന്നു സഫലമായിരിക്കുന്നു. പ്രഭോ, ഭൗതികജീവിതത്തിന്‍റെ മാലിന്യങ്ങള്‍ എന്‍റെ മനസ്സില്‍ നിന്ന് അങ്ങ് തൂത്തെറിഞ്ഞിരിക്കുന്നു. ജനനമരണങ്ങളുടെ പരിവൃത്തിയില്‍നിന്ന് അങ്ങ് എന്നെ മോചിപ്പിച്ചിരിക്കുന്നു. എന്‍റെ ജീവിതലക്ഷ്യത്തെപ്പറ്റി ഞാന്‍ ഇന്നു ബോധവാനായിരിക്കുന്നു. അനശ്വരമായ ജീവിതം എനിക്ക് കരഗതമായിരിക്കുന്നു. ഞാന്‍ സംതൃപ്തനായിരിക്കുന്നു. അങ്ങയുടെ പവിത്രമായ വാക്കുകള്‍ നേരില്‍ കേള്‍ക്കുന്നതിനുളള കാരുണ്യം അങ്ങ് എന്നോടു കാണിച്ചിരിക്കുന്നു. അങ്ങയുടെ അമൃതവാണിയുടെ വെളിച്ചത്തില്‍ അജ്ഞതയുടെ അന്ധകാരം എന്നെ വിട്ടകന്നിരിക്കുന്നു. അങ്ങയുടെ യഥാര്‍ഥ പൊരുള്‍ മനസ്സിലാക്കിയ ഞാന്‍ പരമഭാഗ്യവാനായിത്തീര്‍ന്നിരിക്കുന്നു.
പരമമായ അറിവ് നമ്മില്‍ കുടികൊള്ളുന്നു. പക്ഷേ, 'മണ്‍കുടത്തിലെരിയുന്ന മണിപ്രദീപം' എന്ന സ്ഥിതിയിലാണ് നമ്മില്‍ മിക്കവരിലും അത്. ഒന്നു ഞേടി ഒരു തുളയുണ്ടാക്കാന്‍ പറ്റിയാല്‍ ശേഷം മുറപോലെ നടന്നോളും. ആ തുളയിലൂടെ വരുന്ന വെളിച്ചംതന്നെ മണ്‍കുടത്തിന്റെ ബാക്കി ഭാഗങ്ങള്‍ നമുക്കു നന്നായി കാണിച്ചു തരും. മാത്രമല്ല, ജീവിതയാത്രയില്‍ ഏതു ദിശയിലാണ് നമുക്കു പോകാനുള്ളതെന്നുകൂടി ആ വെളിച്ചത്തില്‍ കാണാറാവും. നട്ടംതിരിച്ചില്‍ അവസാനിക്കും.
പരമാത്മാവിന്റെ അനുഗ്രഹം അഥവാ അനുകമ്പ സവിശേഷമായി ചിലരില്‍ ഉണ്ടാകുമോ എന്നു സംശയിക്കേണ്ട. ആ അനുഗ്രഹം അഥവാ അനുകമ്പ പ്രപഞ്ചം മുഴുക്കെ നിറഞ്ഞു നില്‍ക്കുന്നു. അതിനു നാം പാത്രമായിത്തീരണോ വേണ്ടയോ എന്ന് നാംതന്നെ നിശ്ചയിച്ചാല്‍ മതി. ''എന്നെ തല്ലണ്ട, അമ്മാമാ, ഞാന്‍ നേരെയാവില്ല'' എന്നാണ് നിലപാടെങ്കില്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയെന്ത്!
അകത്തെ വിളക്കിന്റെ സാന്നിദ്ധ്യം വെളിപ്പെട്ടാല്‍ അതിനെ നന്നായി എരിയിക്കാന്‍കൂടി നാം ശ്രമിക്കേണ്ടതുണ്ട്. ആ വിളക്കിനെ ആചാര്യസ്വാമികള്‍ വിസ്തരിച്ച് വര്‍ണിക്കുന്നുണ്ട്: ''ഭക്തികൊണ്ട് സിദ്ധിച്ച ഈശ്വരപ്രസാദമാണ് ജ്ഞാനദീപത്തിലെ എണ്ണ. ബ്രഹ്മചര്യം മുതലായ സാധനകളുടെ സംസ്‌കാരത്താല്‍ ഉണ്ടായ പ്രജ്ഞ അതിലെ തിരിയാണ്. അഭിനിവേശത്തോടെ ചെയ്യുന്ന ഈശ്വരധ്യാനം ദീപത്തെ പ്രകാശിക്കാന്‍ സഹായിക്കുന്ന വായു.... ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയോടെ ഇരിക്കുന്ന അന്തഃകരണമത്രേ ആ ദീപത്തിന് ആധാരം.... നിത്യം ശീലിക്കപ്പെടുന്ന ഏകാഗ്രധ്യാനത്തില്‍നിന്നുണ്ടായ സമ്യഗ്ദര്‍ശനത്തില്‍ ആ ദീപം സദാ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു.''
ഇത്രയുമായപ്പോഴേക്ക് അര്‍ജുനനിലെ 'ദീപം' തെളിയുന്നു.
(തുടരും..)

Sunday, 11 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 10
തേഷാം സതതയുക്താനാം
ഭജതാം പ്രീതിപൂര്‍വ്വകം
ദദാമി ബുദ്ധിയോഗം തം
യേന മാമുപയാന്തി തേ
എല്ലായ്പോഴും എന്നില്‍ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ എന്നെ ഭജിക്കുന്ന അവര്‍ക്ക് ബുദ്ധിയോഗം (ബുദ്ധികൊണ്ട് എന്നെ കണ്ടനുഭവിക്കാനുളള കഴിവ്, അഥവാ സവികല്പസമാധി) ഞാന്‍ നല്‍കുന്നു. അതുവഴി ആ ഭക്തന്മാര്‍ എന്‍റെ സമീപത്ത് എത്തിച്ചേരുന്നു.
അല്ലയോ അര്‍ജ്ജുന, ഞാന്‍ അവര്‍ക്കു കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന പാരിതോഷികം എന്തുതന്നെ ആയാലും അവര്‍ അതിനേക്കാളേറെ ഉത്കൃഷ്ടമായ ഉപഹാരം തിരഞ്ഞെടുത്തിരിക്കുന്നു. എന്നിലെത്താനായി അവര്‍ യാത്രചെയ്യുന്ന രാജവീഥി പരിഗണിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കും മോചനത്തിലേക്കുമുളള പാതകള്‍ വെറും ചിറ്റടിപാതകള്‍ മാത്രമാണ്. അവര്‍ക്ക് എന്നോടുളള അന്യൂനമായ പ്രേമവായ്പാണ് ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന പ്രതിഗ്രഹം. ഞാന്‍ ഇത് അവര്‍ക്കു ദാനം ചെയ്യണമെന്ന് വിചാരിക്കുന്നതിനു മുമ്പുതന്നെ അവര്‍ അത് കൈവശപ്പെടുത്തിക്കഴിഞ്ഞു. എന്‍റെ ഇപ്പോഴത്തെ ഒരേ ആഗ്രഹം അവര്‍ക്ക് എന്നോടുളള പ്രേമവായ്പ് വര്‍ദ്ധിച്ചുവരണമെന്നും അതിന് കാലത്തിന്‍റെ ദൃഷ്ടിദോഷം സംഭവിക്കരുതെന്നുമാണ്.
ഒരമ്മ തന്‍റെ കുഞ്ഞിന്‍റെ പിന്നാലെ നടന്ന് ശിശുസഹജമായ ചേഷ്ടിതങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുപോലെ എന്‍റെ ഭക്തന്മാരുടെ പ്രേമവായ്പിനെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്നത് എനിക്ക് ആഹ്ലാദകരമായ ഒരു കൃത്യമാണ്. അവര്‍ എന്നിലെത്തുന്നതിനായി അവലംബിക്കുന്ന പ്രത്യേകമായ ഉപാസനാമാര്‍ഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നതാണ്. എന്‍റെ ഭക്തന്മാര്‍ അവരുടെ അനന്യഭക്തികൊണ്ട് എന്നെ വശത്താക്കിയിരിക്കുന്നതുപോലെ, ഞാന്‍ അവരില്‍ അങ്ങേയറ്റം ആസക്തനായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇതുപോലെ പ്രേമവായ്പോടുകൂടിയ ഭക്തന്മാര്‍ എന്‍റെ ഗേഹത്തില്‍ വളരെ വിരളമാണ്. സാധാരണക്കാരായ ഭക്തന്മാര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കും മുക്തിയിലേക്കും നടന്നുതെളിഞ്ഞ വഴികള്‍ ഞാന്‍ തുറന്നുകൊടുത്തിട്ടുണ്ട്.
ആദിശേഷനും ലക്ഷ്മീദേവിക്കും എന്‍റെ ശരീരം മാത്രമേ ഞാന്‍ കൊടുത്തിട്ടുളളു. എന്നാല്‍ എല്ലാറ്റിനും ഉപരിയായിട്ടുളള ആത്മജ്ഞാനത്തിന്‍റെ പരമാനന്ദം ഞാന്‍ എന്‍റെ ഉറ്റഭക്തന്മാര്‍ക്കു വേണ്ടി പ്രത്യേകം നീക്കിവെച്ചിരിക്കുകയാണ്. അല്ലയോ അര്‍ജ്ജുന, ഇപ്രകാരം ഞാന്‍ എന്റെ ഉപാസകരെ സ്നേഹിക്കുകയും അവരെ എന്നോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രേമവായ്പിനെപ്പറ്റി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ അശക്തമാണ്.
മറ്റുള്ളവര്‍ക്കില്ലാത്ത സിദ്ധികള്‍ നേടാനുള്ള ഉപാധിയായല്ല ഗീത ഈശ്വരസേവയെയും ഈശ്വരാന്വേഷണത്തെയും അവതരിപ്പിക്കുന്നത്. ആത്മസാക്ഷാല്‍ക്കാരത്തിലേക്കുള്ള വഴിയായാണ്. ബുദ്ധിയത്രെ മനുഷ്യനു കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളില്‍ ഏറ്റവും വലുത്. ആ ബുദ്ധി ശരിയായി പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ പരമാത്മസ്വരൂപത്തിലെത്തിയേ നില്‍ക്കൂ. വഴിയിലെ ബാധകളില്‍നിന്ന് ഒഴിവാകാന്‍ വെളിച്ചമാകേണ്ടതും ആ ബുദ്ധി മാത്രം. ഗതി ശരിയായാല്‍ പിന്നെ മുന്നേറാനുള്ള ആവേശം ഈശ്വരപ്രേമംതന്നെ. അങ്ങെത്തിയാല്‍ സച്ചിദാനന്ദമല്ലാതെ ഒരു ട്രോഫിയും കിട്ടാനില്ല. ഇടതടവില്ലാത്ത ആ ആനന്ദംതന്നെ അമരത്വം. മരിച്ചാലേ അതൊക്കൂ എന്നില്ല. പ്രാപഞ്ചികമായ മരണവുമായി അതിന് ഒരു ബന്ധവുമില്ല.ആത്മാന്വേഷണത്തിന്റെ പാതയില്‍ എവിടന്ന് എന്തു വെളിച്ചം കിട്ടുമെന്ന് തെളിച്ചു പറയുന്നു-
(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-9

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-9
മച്ചിത്താ മദ്ഗതാപ്രാണാ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച.
എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവരും എന്നില്‍ അര്‍പ്പിക്കപ്പെട്ട ജീവനത്തോടു കൂടിയവരുമായ വിവേകികള്‍ എന്നെപ്പറ്റി അന്യോന്യം ബോധിപ്പിക്കുന്നവരും കീര്‍ത്തനം ചെയ്യുന്നവരുമായി എപ്പോഴും സന്താഷിക്കുകയും രമിക്കുകയും ചെയ്യുന്നു.
ഞാനുമായി ഏകത്വം പ്രാപിച്ചവരുടെ അന്തരംഗം സംതൃപ്തിയടയുന്നു. ആത്മജ്ഞാനസമ്പാദനത്തിലുളള അദമ്യമായ ആഗ്രഹത്താല്‍ ജനനമരണങ്ങളെ അവര്‍ വിസ്മരിക്കുന്നു. ആത്മജാഞാനം കൊണ്ടുണ്ടായ ചിത്തഹര്‍ഷത്തോടു കൂടി അവര്‍ നൃത്തം വയ്ക്കുന്നു. അവര്‍ അന്യോന്യം ഭഗവല്‍കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും അവര്‍ക്ക് സ്വയം തെളിഞ്ഞുകിട്ടിയിട്ടുളള തത്ത്വരഹസ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു.
തൊട്ടുകിടക്കുന്ന രണ്ട് ജലാശയങ്ങളില്‍ ജലം നിറഞ്ഞ് അന്യോന്യം കവിഞ്ഞഴുകുമ്പോള്‍ അവയിലെ തിരകള്‍ പരസ്പരം കെട്ടിപ്പിണയുന്നതുപോലെ, ആത്മജ്ഞാനികളായ ഭക്തന്മാര്‍ ഒത്തുകൂടുമ്പോള് അവരുടെ ആഹ്ലാദകരമായ ആനന്ദം പിന്നിച്ചേര്‍ന്ന് ഒന്നാവുകയും ഒരുവന്‍റെ ആത്മജാഞാനത്തിന്‍റെ മാഹാത്മ്യം മറ്റവന്‍റെ ആത്മജ്ഞാനത്തിന്‍റെ അലങ്കരണംകൊണ്ട് കൂടുതല്‍ മോടിപിടിക്കുകയും ചെയ്യുന്നു. ഒരു പ്രഭാകരന്‍ പ്രമുദിതമായ ആരാധനയൊടെ മറ്റൊരു പ്രഭാകരന്‍റെ മുന്നില്‍ ദീപാരാധന നടത്തുന്നതുപോലെ, അഥവാ ഒരു സുധാകരന്‍ മറ്റൊരു സുധാകരനെ ആശ്ലേഷിക്കുന്നതുപോലെ, അഥവാ ഒരേ വേഗതയുളള രണ്ടുപുഴകള്‍ ഒരുമിച്ചു കൂടിക്കലര്‍ന്ന് ഒഴുകുന്നതുപോലെ ഈ ആനുഗൃഹീതരായ ആത്മാക്കള്‍ തമ്മില്‍ ചേരുമ്പോള്‍ അതു വിശ്വോത്തരജീവിതത്തിന്‍റെ പവിത്രമായ അരുവികള്‍ തമ്മിലുളള സംഗമമായിത്തീരുന്നു.
സാത്വികഭാവമാകുന്ന ഇലകള്‍ ഈ ജലപ്പരപ്പില്‍ നീന്തിക്കളിക്കുന്നു. ബ്രഹ്മസുഖം നിറഞ്ഞുതുളുമ്പിയൊഴുകുന്ന അവര്‍ ദേഹബുദ്ധി വിസ്മരിക്കുന്നു.
ഒരു ഗുരു ഏകാന്തതയില്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി മാത്രം ഉപദേശിച്ചു കൊടുക്കുന്ന പരമസത്യം, ഞാനുമായി ഐക്യം പ്രാപിച്ചതിലുളള ഉന്മത്തമായ ആനന്ദംകൊണ്ട്, അവര്‍ മേഘനാദത്തില്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു. എന്നാല്‍ മറ്റു ചിലപ്പോള്‍ എന്നില്‍ സമ്പൂര്‍ണ്ണമായി ലീനരായിരിക്കുന്നതു കൊണ്ടുളള ആനന്ദലഹരിയില്‍ മൌനികളായിത്തീരുന്നു. ഉല്ഫുല്ലമാകുന്ന താമരമൊട്ടിന് അതിന്‍റെ പരിമളം ഉളളിലടക്കാന്‍ കഴിയാതെ നൃപനും നിര്‍ധനനും ഒരേരീതിയില്‍ ലഭിക്കത്തക്കവണ്ണം പ്രസരിക്കുന്നതുപോലെ, ഈ ആരാധകര്‍ എന്‍റെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് പൂര്‍ണ്ണതൃപ്തി കൈവരിച്ച് ലോകത്തുളള എല്ലാവര്‍ക്കും നിരന്തരാനന്ദത്തിനു വഴിതെളിക്കുന്നു. ഇപ്രകാരമുളള എന്‍റെ ഭക്തന്മാര്‍ രാത്രിയെന്നോ പകലെന്നോ ഉളള ഭേദമില്ലാതെ ദേഹചിന്ത ഉപേക്ഷിച്ച് ഞാനുമായി ഐക്യം പ്രാപിച്ച് അവാച്യമായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരി ക്കുന്നു.
ഈശ്വരനിലും സ്വജീവനിലുമുള്ള സത്ത ഒന്നുതന്നെ എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ തന്റെ മനസ്സിലും ബുദ്ധിയിലും എന്തെന്ത് വികാരവിചാരങ്ങള്‍ ഉടലെടുത്താലും ഒരു ചുവട് പിന്മാറി അവയ്ക്കു പിന്നിലുള്ള ബോധസത്തയില്‍ നിരന്തരം മനസ്സുറപ്പിച്ചു നില്‍ക്കാന്‍ സത്യാന്വേഷിക്ക് ക്ലേശമുണ്ടാവില്ല. ഇടതടവില്ലാത്ത ആ പരംപൊരുളോര്‍മയെയാണ് മച്ചിത്താ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതുപോലെ, പഞ്ചേന്ദ്രിയങ്ങള്‍ ഏതെല്ലാം കൊള്ളക്കൊടുക്കലുകളില്‍ ഏര്‍പ്പെടുമ്പോഴും ഏതു വിഷയവുമായുള്ള സംയോഗത്തിലും അതിനെ പ്രകാശിപ്പിക്കുന്ന ബോധസത്തയെ ഓര്‍മിക്കുന്ന ശീലമുള്ളവരെയാണ് മദ്ഗതപ്രാണന്മാര്‍ എന്നു വിശേഷിപ്പിക്കുന്നത്.
ഒരേ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മേളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആശയവ്യക്തത അന്യൂനമായിക്കിട്ടുന്നു. ഇത് ബ്രഹ്മവിദ്യ പരിശീലിക്കുന്നവര്‍ക്ക് പ്രധാനമായ ചര്യയായി ഗണിക്കപ്പെടുന്നു. (കമ്പൈന്‍ഡ് സ്റ്റഡി എല്ലാ വിദ്യക്കാരും പതിവാണല്ലോ.) (തത് ചിന്തനം തത്കഥനം അന്യോന്യം തത് പ്രബോധനം ഏകദേകപരത്വം ച ബ്രഹ്മാഭ്യാസം വിദുര്‍ബുധാഃ - പഞ്ചദശി 7, 106.)
(കളിക്കുമ്പോഴെന്നപോലെ) രസിക്കുന്നു, രമിക്കുന്നു എന്നതിലെ 'കളി'യും 'രതി'യും ലൗകികാര്‍ഥത്തിലുള്ള തല്ല. പരംപൊരുളുമായുള്ള ഒളിച്ചുകളിയുടെ രസവും പരംപൊരുളിന്റെ അല്പസ്പര്‍ശം ലഭിക്കുമ്പോഴുള്ള ഉപരതിയുമാണ്. രണ്ടും അവാച്യമായ ആനന്ദാനുഭൂതി കളാണ്, ദുഃഖസംയോഗവിയോഗങ്ങളാണ്. ഈ അനുഭൂതിയും രതിയും രുചിച്ചവര്‍ക്ക് പിന്നെ സങ്കടമെന്ന ഒന്ന് ഇല്ലേ ഇല്ല. പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ ലഹരിയാണത്. ഇതൊരു വെറും മനോവിഭ്രാന്തി (hallucination) അല്ലെന്നതിന് തെളിവ് ശ്രീരാമകൃഷ്ണപരമഹംസരെപ്പോലെ ഉള്ളവരുടെ സാക്ഷ്യം തന്നെ.
തുടരും..)

Friday, 9 January 2015

നാരദഭക്തിസൂത്രം Day 68 അറുപത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 68 അറുപത്തിഎട്ടാം ദിവസം
53. "പ്രകാശതേ ക്വാപി പാത്രേ"
പൂര്‍ണ്ണയോഗ്യതയും അര്‍ഹതയും ഉള്ള ചില അതിദുര്‍ലഭരായ ഭക്തന്മാരില്‍ ഈ ദിവ്യപ്രേമഭക്തി വ്യക്തമായി പ്രകാശിക്കാറുണ്ട്‌. 
ഇതിന്‌ മൂകാസ്വാദനവത്‌ - മൂകന്‍ മധുരം ആസ്വദിക്കുന്നതുപോലെ എന്നൊക്കെ പറയുന്നുണ്ട്‌. പക്ഷേ അതിന്റെ അപ്പുറത്താണ്‌ മൗനത്തിന്റെ ആസ്വാദനം. മൂകന്റെ ആസ്വാദനം അത്‌ അയാളെ സംബന്ധിച്ചിടത്തോളം ഒരു ബലഹീനതയാണ്‌. 
പക്ഷേ അതല്ല മൗനത്തിന്റെ ആസ്വാദനം, 
എനിക്കു വാചാലനാവാന്‍ സാധിക്കും, 
അതുകൊണ്ടാണല്ലോ "മൂകം കരോതി വാചാലം".....
ശരിക്കും മനസ്സിലാക്കണം. 
"വാചാലം കരോതി മൂകം - മൂകം കരോതി വാചാലം "രണ്ടു വിധത്തിലും പറയാം. 
ആഴങ്ങളില്‌ അതിന്റെ ആസ്വാദനം. 
"പ്രകാശതേ ക്വാപി പാത്രേ" - പ്രകാശതേ - ഈ പരമമായ, ദിവ്യമായ പ്രേമം, അതിന്റെ പ്രകടനം പ്രകാശം. ക്വാപി - വളരെ ദുര്‍ല്ലഭമായി, പാത്രേ - സംഭവിക്കുന്നു. 
ഈ അനുഭവത്തിന്‌ പാത്രീഭൂതരാകുന്നത്‌ ദുര്‍ല്ലഭമാണ്‌. 
അത്‌ ഒരു അനുഗ്രഹമമാണ്‌. 
ആ അനുഗ്രഹത്തിന്‌ പാത്രീഭൂതരായി തീരാന്‍ ശ്രമിക്കൂ....
നാമാകുന്ന ഈ നിശബ്‌ദതയെ, ആ നിശബ്‌ദതയുടെ സൗന്ദര്യം നുകരാന്‍.......
രാത്രിയായിക്കഴിഞ്ഞാല്‍ ഇത്‌ സാധിക്കുന്നതാണ്‌......
ചെറിയ ചീവിടിന്റെ ശബ്‌ദം ....
എല്ലാ ശബ്‌ദവീചികളുടെയും ഇടയില്‍ ഒരു ശബ്‌ദമില്ലായ്‌മ ഉണ്ട്‌. ........
ഒരു ഇടവേള ഉണ്ടാകും......
എന്തായാലും കിട്ടുമത്‌ ഏതു കച്ചേരിയിലായാലു കിട്ടുമത്‌......
ഒരു വേള അതിനെ ആസ്വദിക്കാന്‍ പഠിച്ചാലുണ്ടല്ലോ 
വലിയ ഒരു കലയാണ്‌ നിശബ്‌ദതതയെ ആസ്വദിക്കുക എന്നുള്ളത്‌.,
ദേവര്‍ഷി നാരദന്‍ ഭക്തിയുടെ പരമമായ അല്ലെങ്കില്‍ ദിവ്യമായ അതിന്റെ ശരിയായ ഭാവം പല പ്രകാരത്തില്‍ സൂചിപ്പിച്ചു. ഈ സൂക്തങ്ങളെല്ലാം തന്നെ ഉപനിഷത്തിന്റെയും ഭഗവദ്‌ഗീതയുടെയും ദര്‍ശനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടുള്ളതാണ്‌. ഇവിടെ നാരദര്‌ പറയുന്നു വിഷയത്തിന്റെ സംഗം, ആ സംഗം ഹേതുവായിട്ടുണ്ടാകുന്ന കാമം പിന്നെ അതില്‍ നിന്നുള്ള ക്രോധം, പിന്നെ സ്‌മൃതി ഭ്രംശം, ബുദ്ധിനാശം, സര്‍വ്വനാശം, നമുക്കിന്നുണ്ടായിക്കൊണ്ടിരിക്കുന്ന എന്തൊക്കെ നാശങ്ങളുണ്ടോ അല്ലെങ്കില്‍ നാം അനുഭവിക്കുന്ന എന്തൊക്കെ വ്യഥകളുണ്ടോ അതെല്ലാം തന്നെ നാം തന്നെ വരുത്തിവയ്‌ക്കുന്നതാണ്‌. കാരണങ്ങള്‍ പലതാണ്‌. അതുകൊണ്ട്‌ വിഷയധ്യാനം അതിന്‌ ഉപായങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്‌. സദാ സമയം ദുസ്സംഗത്തെ ത്യജിക്കേണ്ടതുണ്ട്‌. ദുസ്സംഗം വരുന്ന വഴികളൊക്കെ പറഞ്ഞു തന്നു. നാരദര്‌ തന്നെ പറഞ്ഞു. ചെറിയ തിരമാലയായിട്ട്‌ അത്‌ സമുദ്രമായി മാറുന്നു. അതുകൊണ്ട്‌ വളരെ സൂക്ഷിക്കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ പ്രേമത്തെ വീണ്ടും ദേവര്‍ഷി വിവരിക്കുന്നു. 
അനിര്‍വചനീയം പ്രേമസ്വരൂപ - അനിര്‍വചനീയം - വാക്കുകള്‍ക്കപ്പുറത്താണ്‌. നമ്മള്‍ കണ്ടു ഉപനിഷത്തില്‌, യത്‌ വാചാ അനഭ്യുദിതം. ഏനവാഗഭ്യുദ്യതേ. യാതൊന്നാണോ വാക്കുകൊണ്ട്‌ പറയാന്‍ പറ്റാത്തത്‌ നാരദര്‌ പ്രേമത്തെ വചിക്കാന്‍ പറ്റില്ല എന്നു പറയുമ്പോള്‍ ഉപനിഷത്തില്‌ ഋഷി നിസ്സഹായനാവുകയാണ്‌. യദ്‌ വാചാ അനഭ്യുദിതം - യാതൊന്നാണോ വാക്കു കൊണ്ട്‌ വിവരിക്കാന്‍ പറ്റാത്തത്‌. യാതൊന്ന്‌ ഹേതുവായി വാക്കുണ്ടാവുന്നു. ഇവിടെ അതിന്റെ ആസ്വാദനം എന്നുള്ളത്‌ മൂകാസ്വാദനവത്‌ - മൂകന്റെ ആസ്വാദനമെന്നും മൗനമാകുന്ന ആസ്വാദനമെന്നും. ഇവിടെ ചിന്മയാനന്ദ സ്വാമിജി പറഞ്ഞിട്ടുണ്ട്‌ മൂകന്‌ വളരെ സ്വാദിഷ്‌ടമായ എന്തെങ്കിലും കൊടുത്തുകഴിഞ്ഞാല്‍ മൂകന്‌ അതിനെപ്പറ്റി പറയാന്‍ പറ്റില്ല. ഇതാണ്‌ ഭക്തിയുടെ ഒരു അനുഭവം എന്നു പറയുന്നത്‌. വാക്കുകള്‍ക്കപ്പുറം അത്‌ അനുഭവയോഗ്യമാണ്‌. പ്രകാശതേ ക്വാപി പാത്രേ. പ്രകാശതേ - പരമമായ ഭക്തി ചിലപ്പോള്‍ ചിലരില്‍ സംഭവിച്ചേക്കാം. ഇനി ഭക്തിയുടെ ലക്ഷണത്തെപ്പറ്റി നമുക്കു നോക്കാം. ഇത്‌ എത്ര നമ്മുടെ ഉള്ളിലുണ്ട്‌ ഇതിന്റെ നേട്ടമെന്താണ്‌ എന്നൊക്കെ നമുക്കു നോക്കാം.
(തുടരും...)

നാരദഭക്തിസൂത്രം അറുപത്തിഏഴാം ദിവസം Day 67

നാരദഭക്തിസൂത്രം അറുപത്തിഏഴാം ദിവസം Day 67

മൗനമാകുന്ന സംഭാഷണം ദക്ഷിണാമൂര്‍ത്തി സനകാദികള്‍ക്കു കൊടുക്കുന്നുണ്ട്‌. ആചാര്യസ്വാമികള്‍ വളരെ മനോഹരമായിട്ടാണ്‌ അതിനെ വര്‍ണ്ണിച്ചിരിക്കുന്നത്‌.
മൗനമായി വ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്നു, ശിഷ്യരില്‍ ഒരല്‌പം പോലും സംശയത്തിന്‌ ഇടനല്‍കാത്ത വിധം, സംശയത്തിന്റെ ഒരു കണികപോലും അവശേഷിക്കാത്ത വിധത്തിലാണ്‌ അത്‌ നിര്‍വഹിക്കുന്നത്‌. ബുദ്ധന്‍ കുറെക്കാലം അങ്ങനെയാണ്‌ ചെയ്‌തുകൊണ്ടിരുന്നത്‌. അവരങ്ങനെ ഇരിക്കും എന്നിട്ട്‌ ആരോടെങ്കിലും നോക്കി ചിരിക്കും. 
മണിക്കൂറുകള്‍ അങ്ങനെ ഇരുന്നിട്ടുണ്ട്‌. 
ചിലരൊക്കെ വരും എന്നിട്ട്‌ അവിടെ ഇരിക്കും. 
ചിന്മയാനന്ദസ്വാമിജിയുടെ മെഡിറ്റേഷന്‍ ക്ലാസ്സില്‍ ഒരിക്കല്‍ സ്വാമിജി വന്ന്‌ അവിടെ ഇരുന്നു. ഓരോരുത്തരും വന്നിരിക്കും. 
എപ്പോഴോ സ്വാമിജി എഴുന്നേറ്റ്‌ പോയി. 
എല്ലാവരും എഴുന്നേറ്റു പോയി. 
പലരും പറഞ്ഞു ഓ! സ്വാമിജീ ഇന്നത്തെ മെഡിറ്റേഷന്‍. 
എന്താ, ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ.?
എന്തൊക്കെയോ സ്വാമിജി എന്നോട്‌ പറഞ്ഞു. 
എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിച്ചു. 
വല്ലാത്ത ഒരു സാന്നിധ്യമായിരുന്നു..........
മഹര്‍ഷിമാരൊക്കെ തപസ്സു ചെയ്‌ത ഹിമാലയത്തില്‍ പോവുക. 
നമ്മളതിന്‌ തയ്യാറാവുക ഹിമാലയത്തിലെ പ്രഭാതം ,ആ ഭൂപ്രദേശം, അവിടെയൊക്കെ പോയി ഇരിക്കുമ്പോഴ്‌, രാത്രി പന്ത്രണ്ടു മണിക്കൊക്കെ, നിങ്ങള്‍ ആരെങ്കിലുമൊക്കെ പോവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അനുഭവിക്കാം.........
ഹിമവാന്റെ അല്ലെങ്കില്‍ ഗംഗയുടെ സാമിപ്യം ആസ്വദിക്കണം.
അതിനെന്തുവേണം ഒറ്റയ്‌ക്കു പോയിട്ട്‌ അതിന്റെ തീരത്തിരിക്കണം. 
ഒരു അഞ്ചുമിനിട്ടെങ്കില്‍ ഒരു അഞ്ചു മിനിട്ട്‌. 
ഭയത്തോടുകൂടി പോകരുത്‌ ഗംഗയുടെ മൗനം ആസ്വദിക്കണം. 
ആ ഭൂപ്രേദേശത്തിന്‌ നമ്മളെ എങ്ങോട്ടേയ്‌ക്കൊക്കെയോ കൊണ്ടുപോകാന്‍ സാധിക്കും. 
സ്ഥിരം നമ്മുടെ വീട്‌ കണ്ട്‌ കണ്ട്‌ നമുക്കു ഒന്നും തോന്നില്ല പലപ്പോഴും. 
അതിന്റെ കോലം കാണുമ്പോള്‍ തന്നെ കാരണം വീട്ടിലേക്കു കയറുമ്പോള്‍ കാണുന്നത്‌ അങ്ങേരുടെ ഷര്‍ട്ട്‌ തൂങ്ങിക്കിടക്കുന്നതാണ്‌. അപ്പോള്‍ അങ്ങേരെക്കുറിച്ച്‌ ഒരോര്‍മ്മ വരും. അല്ലെങ്കില്‍ ഇങ്ങനെ ഓരോ ഓര്‍മ്മകള്‌. എല്ലാം നമുക്കു അലോസരം സൃഷ്‌ടിക്കുന്നതാണ്‌. കുട്ടികള്‌ അലക്ഷ്യമായി ഇട്ടിട്ടുളള അവരുടെ പാഠപുസ്‌തകങ്ങള്‌, അവരുടെ ബാഗ്‌, അല്ലെങ്കില്‍ ജോലിക്കാരി മര്യാദയ്‌ക്കു ചെയ്യാതെ പോയത്‌ എവിടെ നോക്കിയാലും നമുക്കു കാണാന്‍ ഇതാണ്‌. അതില്‍ നിന്നും തികച്ചും ഭിന്നമായ നമ്മുടേതല്ലാത്ത ഒരു ഭൂമി. അതിനെ നമുക്കു ആസ്വദിക്കാന്‍ പറ്റും. അതിവിടെയല്ലെങ്കില്‍, എപ്പോഴെങ്കിലും ഈ പ്രകൃതിയിലേക്ക്‌, ഈ മൗനത്തെ ആസ്വദിക്കാന്‍ സമയം കണ്ടെത്തണം. 
മൂകാസ്വാദനവത്‌ - സംസാരിക്കാന്‍ പറ്റാത്തവന്റെ അവസ്ഥ എന്നല്ല.
(തുടരും...)

നാരദഭക്തിസൂത്രം Day 66 അറുപത്തിആറാം ദിവസം

നാരദഭക്തിസൂത്രം Day 66 അറുപത്തിആറാം ദിവസം
51. "അനിര്‍വചനീയം പ്രേമസ്വരൂപം"
ഭഗവത്‌പ്രേമഭക്തിയുടെ സ്വതഃസിദ്ധമായ സ്വഭാവം അനിര്‍വചനീയവും അവര്‍ണ്ണനീയവുമാണ്‌. 
പ്രേമസ്വരൂപം - പ്രേമത്തിന്റെ സ്വരൂപം 
അനിര്‍വചനീയം - പറയാന്‍ പറ്റാത്തത്‌. 
ഇവിടെ നാരദര്‌ അനിര്‍വചനീയം പ്രേമസ്വരൂപം എന്നു പറയുമ്പോള്‍ ഉപനിഷത്തിലെ ഋഷി എങ്ങനെയാ പറയുക യാതൊന്നാണോ വാക്കു കൊണ്ട്‌ പറയാന്‍ പറ്റാത്തത്‌ എന്നാല്‍ യാതൊന്നിനാല്‍ വാക്ക്‌ പ്രകടമാവുന്നു. 
"യതോ വാചോ നിവര്‍ത്തന്തേ". എവിടെയാണോ വാക്ക്‌ മനസ്സോടുകൂടി തിരിച്ചുവരുന്നത്‌, വാക്കുകള്‍ പ്രവേശിക്കാത്തത്‌ അതുകൊണ്ട്‌ നാരദര്‌ പറയുന്നു. 
ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ഇതിനെ സംബന്ധിക്കുന്നതല്ല. 
ഒരു ശ്രമം നടത്തിയതാണ്‌ ശ്രമം നടത്തിയപ്പോള്‍ തന്നെ അധികം ശ്രമിക്കാത്തതാണ്‌ നല്ലത്‌. അനിര്‍വചനീയം - അത്‌ വചിക്കാന്‍ പറ്റുന്നതല്ല. അതിന്റെ സ്വരൂപം. പിന്നെ അതിനുള്ളതോ ഒറ്റ വഴിയേ ഉള്ളു. 
52. "മൂകാസ്വാദനവത്‌" 
ഒരു ഊമയുടെ മധുരപദാര്‍ത്ഥത്തിന്റെ ആസ്വാദനം പോലെയാണ്‌. 
മൂകാസ്വാദനവത്‌ - മൂകന്‍ എന്നു പറഞ്ഞാല്‍ സംസാരിക്കാന്‍ കഴിവില്ലാത്തവന്‍. 
അതിന്റെ ഒരു ആസ്വാദകന്‍ അതായത്‌ സംസാരമില്ലാത്ത ഒരു ആസ്വാദനം. 
അത്‌ ശരിക്കുള്ള ആസ്വാദനമാണ്‌. അതായത്‌ നമ്മളെന്തെങ്കിലും ആസ്വദിക്കുന്ന സമയത്ത്‌ ആരെങ്കിലും ബഹളം വച്ചാല്‍ നമുക്ക്‌ ഇഷ്‌ടപ്പെടുമോ? 
നമ്മുടെ ചില പഴയ കാരണവന്മാര്‌, നമ്മുടെ ഓര്‍മ്മയിലുള്ളൊരാള്‌
അയാള്‌ ചോറു കഴിക്കുന്ന സമയത്ത്‌ സംസാരിക്കുകയാണെങ്കില്‍ നല്ല വഴക്കു തരും. 
ചോറു കഴിക്കുന്ന സമയത്ത്‌ ആര്‍ക്കും സംസാരിക്കാന്‍ പാടില്ല
അത്‌ അദ്ദേഹത്തിന്‌ ആസ്വദിക്കണം. 
ഈ കുട്ടികള്‍ക്കൊക്കെ സംശയമാണ്‌ 
ഭക്ഷണം കഴിക്കുന്നവരല്ലേ സംസാരിക്കാന്‍ പാടില്ലാത്തത്‌.?
അല്ലാത്തവര്‍ സംസാരിക്കുന്നതുകൊണ്ടെന്താ കുഴപ്പം ?
എന്നാല്‍ ആ ആസ്വാദനത്തിനു തടസ്സം ഉണ്ടാക്കുന്നതാണ്‌ മറ്റുള്ളവരുടെ സംസാരം. ആസ്വദിക്കുന്ന സമയത്ത്‌ മറ്റുള്ള ശബ്‌ദവീചികള്‍ തന്നെ നമുക്കു തടസ്സമാണ്‌. 
ഈ മൗനത്തില്‍ നിന്നുള്ള ഒരു ആസ്വാദനം, മൗനമാകുന്ന സംഭാഷണം ദക്ഷിണാമൂര്‍ത്തി സനകാദികള്‍ക്കു കൊടുക്കുന്നുണ്ട്‌. ആചാര്യസ്വാമികള്‍ വളരെ മനോഹരമായിട്ടാണ്‌ അതിനെ വര്‍ണ്ണിച്ചിരിക്കുന്നത്‌.
(തുടരും...)

നാരദഭക്തിസൂത്രം Day 65 അറുപത്തിഅഞ്ചാം ദിവസം

നാരദഭക്തിസൂത്രം Day 65 അറുപത്തിഅഞ്ചാം ദിവസം
കെ. എസ്‌. ആര്‍. ടി. സി ബസ്റ്റാന്റില്‍, പണ്ട്‌ ഗുരുവായൂര്‍ക്ക്‌ ഓടിക്കൊണ്ടിരുന്ന ബസ്സാണ്‌. ഗുരുവായൂര്‍ എന്ന്‌ ബോര്‍ഡൊക്കെ ഉണ്ട്‌. ഇതിലങ്ങട്ട്‌ കയറി ഇരിക്കുകയാണ്‌. എന്നിട്ട്‌ നാരായണ നാരായണ ജപിക്കുക. ആരോ പറഞ്ഞു ഇത്‌ പോവില്ലാന്ന്‌. അല്ല ഇതില്‍ എഴുതി വച്ചിട്ടുണ്ടല്ലോ. ഓടുന്ന ബസ്സില്‍ കയറുക. ടിക്കറ്റ്‌ എടുക്കുക. അവിടെ ഇറങ്ങുക. വീണ്ടും പോവുക. അകത്തേക്കു പോവുക വീണ്ടും മുന്നിലേക്ക്‌ പോവുക വീണ്ടും അകത്തേക്കു പോവുക. എന്നാലെ ഗുരുവായൂര്‌ എത്തുകയുള്ളു. അല്ലെങ്കില്‍ ഗുരുവായൂരുള്ളവര്‍ക്കും ബുദ്ധിമുട്ടാകും. പോകുന്ന നമുക്കും ബുദ്ധിമുട്ടാകും. 
അതുകൊണ്ട്‌ വേദാനപി സന്യസ്യതി എന്നു പറഞ്ഞ്‌ ഈ കിത്താബൊക്കെ മടക്കി വയ്‌ക്കാം. ഇത്ര ധൈര്യത്തോടുകൂടി ഈ ശാസ്‌ത്രത്തിലല്ലാതെ വേറൊരിടത്തും പറഞ്ഞിട്ടില്ല. ബാക്കിയുള്ളതിലൊക്കെ അത്‌ മുറുകെപ്പിടിച്ചുകൊള്ളാനാണ്‌ പറഞ്ഞത്‌. അതിനെയാണ്‌ സ്വാമിജി പോള്‍വാള്‍ട്ട്‌ എന്നു പറയുന്നത്‌. ഗംഭീരമായിട്ടുള്ള ഉദാഹരണം. പോള്‍വാള്‍ട്ട്‌ ജംബിംഗ്‌ . അതിലെ പോളാണ്‌ ഇതെന്നു പറയുകയാണ്‌. പോള്‍ എന്തിനുള്ളതാണ്‌. ലക്ഷ്യത്തിലേക്കു നമ്മെ ഉയര്‍ത്താന്‍. അവിടെ നിന്നിട്ടു നമ്മള്‍ പറയുകയാണ്‌. എന്റെ പോളേ, നീയല്ലേ എന്നെ ഇവിടെ വരെ എത്തിച്ചത്‌. ഇവിടെ വച്ച്‌ നിന്നെ ഉപേക്ഷിക്കുക എന്നു പറഞ്ഞാല്‍ എനിക്കു ആലോചിക്കാന്‍ വയ്യ. അതുകൊണ്ടു നിന്നെ വിടില്ല എന്നു പറഞ്ഞ്‌ പോളോടുകൂടി ചാടിയാലോ. അവന്റെ കഥ അതോടുകൂടി തീര്‍ന്നു. അവിടെ വച്ച്‌ പോളിന്റെ ഉപേക്ഷയാണ്‌ സ്വീകരണം എന്നു സ്വാമിജി പറയുന്നത്‌. അവിടെയാണ്‌ ആ പോളിനെ സ്വീകരിക്കുന്നത്‌ ശരിക്കു പറഞ്ഞാല്‍. അതുകൊണ്ട്‌ വേദാനപി സന്യസ്യതി - ഈ പറഞ്ഞ എല്ലാറ്റില്‍ നിന്നുമുള്ള വിടുതല്‍. കേവലം അവിച്ഛിന്നാനുരാഗം ലഭതേ - പിന്നെയാണ്‌ കൈവല്യ പ്രാപ്‌തി, അവിച്ഛാന്നാനുരാഗം - അഖണ്‌ഡമായ, മുറിവില്ലാത്ത, മഹര്‍ഷിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആജ്യധാരയാ സ്രോതസ്സാസമം. നെയ്യ്‌ ഒഴുകുന്നതുപോലെ, നദി ഒഴുകുന്നതുപോലെ ലഭതേ - ലഭിക്കുന്നു. അവന്‍ ജയിക്കുന്നു. ലോകത്തില്‍ നിന്ന്‌. 
50. സഃ തരതി സഃ തരതി സഃ ലോകാംസ്‌താരയതി
അയാള്‍ തരണം ചെയ്യുന്നു. തീര്‍ച്ചയായും തരണം ചെയ്യുന്നു. മറ്റുള്ളവരെ മായയില്‍ നിന്നു കരകയറ്റുവാന്‍ സഹായിക്കുകയും ചെയ്യുന്നു. 
സഃതരതി - സഃ - അവന്‍, യഃ - യാതൊരുവന്‍, അത്‌ ആരോ ആകട്ടെ അപ്പോള്‍ നാരദര്‌ പറഞ്ഞ ഈ ഒരു കാര്യം മാനവനെ സംബന്ധിക്കുന്നതാണ്‌. അവിടെ ഇസ്ലാമികമോ ഹൈന്ദവികമോ, ക്രൈസ്‌തവമോ ഇല്ല. ഓര്‍ത്തുകൊള്ളുക. അയ്യോ ക്രിസ്‌ത്യാനികള്‍ക്കു വഴി വേറെയാണ്‌, മുസ്ലീങ്ങള്‍ക്കു വഴി വേറെയാണ്‌, ഹൈന്ദവര്‍ക്കു വഴി വേറെയാണ്‌ അല്ല ഇതൊരു വഴിയാണ്‌. ഇതാണ്‌ രാജപാത, രാജവീഥി എന്നു പറയുന്നത്‌. ഈ വഴികളിലൂടെയാണത്രേ ഉപനിഷത്തിലെ ആചാര്യന്മാര്‌ നടക്കുന്നത്‌. ഇതിലായിരിക്കണം നടപ്പ്‌. അതുകൊണ്ട്‌ സഃതരതി - അവന്‍ ജയിക്കുന്നു. സഃ ലോകാന്‍ താരയതി - അവന്‍ ലോകത്തെ ജയിക്കുന്നു. അല്ലെങ്കിലോ ലോകത്താല്‍ അവന്‍ പരിക്ഷീണിതനാവുന്നു. ലോകം അവനെ ഏല്‌പിച്ചതാണോ അല്ല. പിന്നെയോ അവന്‍ ഏറ്റെടുത്തതാണ്‌. അവന്‍ ഏറ്റെടുത്ത ദുരന്തം അവന്‍ തന്നെ ഉപേക്ഷിക്കേണ്ടതുണ്ട്‌. ആരും തന്നതല്ല ദുരിതങ്ങള്‍. നമ്മള്‌ പറയുന്നു അവരു തന്നു ഇവരു തന്നു എന്ന്‌. ആരും തന്നില്ല. നമ്മളേറ്റെടുത്തതാണ്‌. ചിലര്‍ക്കൊരു ജലദോഷം വന്ന്‌ ശബ്‌ദമൊന്ന്‌ മാറിയാല്‍ തന്നെ അവര്‍ക്കു വിഷമമാണ്‌ പുറത്തിറങ്ങാന്‍. ഇവിടെ മൂക്കു തന്നെ പോയവന്‌ വിഷമമില്ല. അതുകൊണ്ട്‌ അവന്‍ ജയിക്കുന്നു.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-8

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-8
അഹം സര്‍വ്വസ്യ പ്രഭവോ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാഃ
ഞാന്‍ സകല ജഗത്തിന്‍റേയും ഉല്പത്തിക്കു ഹേതുവാകുന്നു. എന്നില്‍നിന്നു തന്നെ (ബുദ്ധി, ജ്ഞാനം, അസമ്മോഹം മുതലായ) സകലവും പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം അറിഞ്ഞ് വിവേകികള്‍ പ്രീതിയോടുകൂടിയവരായി എന്നെ ഭജിക്കുന്നു.
അല്ലയോ പാണ്ധുപുത്ര, ഈ പ്രപഞ്ചത്തിന്‍റെ ഉല്‍പത്തിയുടേയും നിലനില്‍പിന്‍റേയും ഉറവിടം ഞാന്‍ മാത്രമാണ്. തിരമാലകളുടേ പ്രവാഹം തന്നെ നോക്കുക. അവ വെളളത്തില്‍ ഉയരുന്നു. വെളളത്തെത്തന്നെ ആലംബമാക്കുന്നു. വെളളത്തില്‍തന്നെ നിലനില്‍ക്കുന്നു. തിരമാലകളുടെ എല്ലാ അസ്തിത്വലും ജലത്തില്‍ ആയിരിക്കുന്നതുപോലെ ഞാനല്ലാതെ മറ്റൊരു പൊരുള്‍ ഈ പ്രപഞ്ചത്തിലില്ല. ഇതറിയുന്ന ആത്മജ്ഞാനികള്‍ എന്‍റെ സര്‍വ്വവ്യാപകമായ ഭാവം മനസ്സിലാക്കി യഥാര്‍ത്ഥഭക്തിയോടും പ്രേമവായ്പോടുംകൂടി, ദേശകാലവര്‍ത്തമാന ചിന്തകളില്ലാതെ, വിഹായസ്സില്‍ വായു അലിഞ്ഞു ചേരുന്നതുപോലെ, എന്‍റെ സത്വത്തില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് എന്നെ ഭജിക്കുന്നു. ഇപ്രകാരമുളളവര്‍ എന്നെ നിധിപോലെ സങ്കല്പിച്ച് ഹൃദയത്തില് സൂക്ഷിച്ചുകൊണ്ടും വിനോദപ്രിയരെപ്പോലെ ഉല്ലസിച്ചുകൊണ്ടും എല്ലാവരേയും ഈശ്വരാംശമെന്നു കരുതി വണങ്ങികൊണ്ടും അവരുടെ ജീവിതം ആനന്ദകരമായി നയിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തിലുളള ഭക്തിയോഗമെന്നറിഞ്ഞാലും.
ബുദ്ധിമാന്മാര്‍ രണ്ടു കാര്യങ്ങള്‍ ഒപ്പം ചെയ്യുന്നു. ഒന്ന്, പ്രപഞ്ചത്തില്‍ എല്ലാറ്റിന്റെയും ഉറവിടം പരംപൊരുളാണെന്നും അതില്‍നിന്നാണ് എല്ലാ പരിണാമങ്ങളും സംഭവിക്കുന്നതെന്നും തിരിച്ചറിയുന്നു. രണ്ട്, ആ പരംപൊരുളിനെ പ്രേമവായ്‌പോടെയും തികഞ്ഞ അര്‍പ്പണഭാവത്തോടെയും ഭജിക്കുന്നു.
അന്വേഷകന്‍ അന്വേഷണവിഷയത്തോട് വൈകാരികമായി ഇടപഴകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലേ എന്ന് സംശയം വേണ്ട. കാരണം, അന്വേഷണം കഴിഞ്ഞാണ് വൈകാരികമായ ബന്ധം. അന്വേഷിച്ചു കണ്ടെത്തിയതിനെ സാക്ഷാത്കരിക്കാന്‍ വേറെ വഴിയൊന്നും ഇല്ല.
നടരാജഗുരു പറയുന്നു: ''വെറും ബുദ്ധികൊണ്ട് മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ സ്ഥൈതികമായ വിഷയങ്ങളിലെ പ്രയോജനം മാത്രമേ ഗണിക്കുന്നുള്ളൂ. എന്നാല്‍ ധ്യാനാത്മകമായ അനുഭൂതിയെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക്, വിശ്വത്തിന്റെ സാര്‍വത്രികമായ പരിവര്‍ത്തനത്തില്‍, അതില്‍നിന്നും ഭേദിക്കാനാവാത്ത ഒരു താദാത്മ്യബുദ്ധി ഉണ്ടായി, ഭാവസമന്വിതത്വം അനുഭവിക്കാന്‍ ഇടയാകും.''
പരമതത്ത്വത്തിന്റെ ഏകത്വമെന്നതിലേറെ ഈ പദ്യം ഊന്നുന്നത് ആ ഏകത്വം സര്‍വേശ്വരനാണെന്ന വസ്തുതയിലാണെന്ന് ഡോ. രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഈശ്വരന്റെ ശക്തിയും സൗന്ദര്യവും വാത്‌സല്യവും അറിയാനിടയാകുന്നതോടെ നമ്മുടെ മനസ്സ് അത്യാനന്ദകരമായ അനുഭൂതിയിലെത്തുന്നു എന്ന് ശ്രീരാമാനുജന്‍ സാക്ഷ്യപ്പെടുത്തുന്നു.
സയന്‍സിലെ അന്വേഷകന്‍ നിഷ്പക്ഷമതിയായ നിരീക്ഷകനായി ലോകത്തെ പുറമെ നിന്ന് കാണുകയേ ചെയ്യുന്നുള്ളൂ. ഇവിടെ പറയുന്ന സത്യാന്വേഷിയാകട്ടെ അന്വേഷണവിഷയമായ സത്യത്തിന് പുറത്തല്ല. വിശ്വസംവിധാനത്തില്‍ അവന്‍കൂടി പങ്കാളിയാണ്. ആ പങ്കാളിത്തത്തിന്റെ ശരിയായ നിര്‍വഹണത്തില്‍ അവന്റെ വിചാരമെന്നപോലെ വികാരവും പ്രവര്‍ത്തിക്കണം. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷകന്‍ അന്വേഷണവസ്തുവുമായി താദാത്മ്യം പ്രാപിച്ചേ തീരൂ. അതിനുള്ള ഒരേയൊരു വഴി സകല പ്രാണപ്രവര്‍ത്തനങ്ങളെയും അതിലേക്ക് തിരിച്ചുവിടുകയാണ് - ഇനി പറയുംപടി.
തുടരും..)

Thursday, 8 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-7

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-7
ഏതാം വിഭൂതിം യോഗം ച
മമ യോ വേത്തി തത്ത്വതഃ
സോƒവികമ്പേന യോഗേന
യുജ്യതേ നാത്ര സംശയഃ
എന്റെ ഈ വിഭൂതിയേയും യോഗത്തേയും (യോഗശക്തിയേയും) ആരറിയുന്നുവോ, അവന് അചഞ്ചലമായ യോഗത്താല് യുക്തനായിത്തീരുന്നു. അക്കാര്യത്തില് സംശയമില്ല.
അല്ലയോ അര്‍ജ്ജുന, ഈ പ്രപഞ്ചമൊട്ടാകെ എന്‍റെ പ്രകടിത രൂപങ്ങളും ഭാവങ്ങളും വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് സൃഷ്ടാവായ ബ്രഹ്മാവുമുതല്‍ ഉറുമ്പുവരെയുളള എല്ലാറ്റിലും പരമാത്മാവായ ഞാനല്ലാതെ മറ്റൊന്നുമില്ല. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്ന ഒരുവന്‍റെ ഹൃദയത്തില്‍ വിജ്ഞാനത്തിന്‍റെ വെളിച്ചം വീശുമ്പോള്‍, ജീവജാലങ്ങള്‍ തമ്മിലുളള വ്യത്യാസവും നന്മതിന്മകള്‍ തമ്മിലുളള അന്തരവും അവന്‍റെ അന്തരംഗത്തില്‍ നിന്ന് അകന്നു പോകുന്നു. ഏകത്വത്തിന്‍റെ അനുഭവത്തില്‍കൂടി ഞാനും എന്‍റെ പ്രകടിതരൂപങ്ങളും അതിലന്തര്‍ഭവിച്ചിരിക്കുന്ന വ്യത്യസ്ത രൂപവികാരങ്ങളും ഞാന്‍ മാത്രമാണെന്നു നീ മനസ്സിലാക്കണം. അതാണ് അവികല്പമായ യോഗം അഥവാ ബ്രഹ്മാനുഭവം. ഈ അനുഭവത്തില്‍കൂടി നീ ഞാനുമായി താദാത്മ്യം പ്രാപിക്കുകയും നീ നിന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
അനന്തവും അതിസങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളുമായി പരമാത്മാവ് എവ്വിധമുള്ള ചാര്‍ച്ചയും ചേര്‍ച്ചയുമാണ് പുലര്‍ത്തുന്നതെന്നും ശരിയായി അറിഞ്ഞ ആള്‍ അതേ തരത്തിലുള്ള ചാര്‍ച്ചയെയും ചേര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തി സാരൂപ്യം പ്രാപിക്കുന്നു.
നിലനില്‍പ്പിന്റെ തുടക്കവും നടുവും ഒടുവും മാത്രമല്ല ഊടും പാവും അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യക്ഷമായ പ്രപഞ്ചത്തിലെ വൈരുദ്ധ്യാത്മകതയെ സമഭാവനകൊണ്ടും യജ്ഞസങ്കല്പത്തോടെയുള്ള കര്‍മംകൊണ്ടും പരംപൊരുളിലുള്ള തികഞ്ഞ സമര്‍പ്പണംകൊണ്ടും മറികടന്ന അയാളുടെ ഇരിപ്പ് സ്വാഭാവികമായും അചഞ്ചലമാണ്.ഇവിടെയുമുണ്ട് ഒരു വന്‍ തിരുത്തലിനുള്ള കാഹളംവിളി.
മനുഷ്യന്റെ പേടിയും പ്രതീക്ഷയും ഒക്കെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു ഭരിക്കുന്ന നിയാമകശക്തിയില്‍ ആരോപിച്ച് അവയെ ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടേ എണ്ണിപ്പോന്നിരുന്നു. ('ദൈവം' എന്നു നാം മലയാളമായി ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ഥം തന്നെ 'വിധി' എന്നാണ്.)
മനുഷ്യസഹജങ്ങളായ വികാരങ്ങളുള്ള ദൈവത്തെ സങ്കല്പിച്ച് നേര്‍ച്ചകളും ബലികളും യാഗങ്ങളും യജ്ഞങ്ങളും പതിവായി. എല്ലാ പ്രതീകങ്ങളെയും പ്രതിരൂപങ്ങളെയും കവിസങ്കല്പങ്ങളെയും ദൈവങ്ങളാക്കുകയും ചെയ്തു. ദൈവങ്ങളുടെ എണ്ണം പെരുകിയതോടെ വിവിധദൈവങ്ങളുടെ ആശ്രിതര്‍ തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷവും നിത്യപ്പതിവായി. അയല്‍പക്കത്തെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നില്‍ ഒരു തിരി കത്തിക്കാത്തവന്‍ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പൊരിവെയിലില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കും. കിടപ്പാടമില്ലാതെ പട്ടിണിക്കോടികള്‍ അപ്പുറത്തുണ്ടെന്നിരിക്കെ കോടാനുകോടികള്‍ ചെലവാക്കി ആരാധനാലയങ്ങള്‍ പണിയും. രാവിലെ നട തുറന്നാല്‍ ദൈവത്തെ ആദ്യം കാണുന്നത് താനായിരിക്കാന്‍ അടിയുമിടിയും പ്രയോഗിക്കും, തിക്കിത്തിരക്കില്‍ മരിക്കും.
ജീവന് ശരീരം എങ്ങനെയോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത എന്ന് ശ്രീരാമാനുജന്‍ പറയുന്നു. അതിനാല്‍, ഇളകാത്ത യോഗി പ്രപഞ്ചത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്.
തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-6

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-6
മഹര്‍ഷയഃ സപ്ത പൂര്‍വ്വേ
ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ
യേഷാം ലോക ഇമാഃ പ്രജാഃ
സപ്തര്‍ഷിമാരും അവര്‍ക്കുമുമ്പുളള സനകാദി നാലു മഹര്‍ഷിമാരും അപ്രകാരംതന്നെ സ്വയംഭൂവാദി മനുക്കളും എന്‍റെ പ്രഭാവത്തോടുകൂടിയവരായി ഹിരണ്യഗര്‍ഭരൂപമായ എന്‍റെ സങ്കല്പമാത്രത്തില്‍ നിന്നുണ്ടായവരാകുന്നു. അവരില്‍ നിന്നാണ് ലോകത്തില്‍ കാണപ്പെടുന്ന ഈ സകല പ്രാണികളും ഉണ്ടായിരിക്കുന്നത്.
ധാര്‍മ്മികതയുടെ മുന്നില്‍ നില്‍ക്കുന്നവരും നിഷ്ണാതന്മാരും പ്രഖ്യാതന്മാരുമായ സപ്തര്‍ഷികളുണ്ട്. അവര്‍ക്കു പുറമെ പതിനാല് മനുക്കളുളളതില്‍ നാലുപോരാണ് പ്രധാനികള്‍. സ്വായംഭൂമനു ഇവരില്‍ മുഖ്യനാണ്. അല്ലയോ ധനുര്‍ദ്ധര, പ്രപഞ്ചസൃഷ്ടിക്കുവേണ്ടി എന്‍റെ മനസ്സില്‍ നിന്ന് ഉത്ഭവിച്ച പതിനൊന്നു പ്രക്ഷേപകരാണിവര്‍. അതിനു മുമ്പ് ലോകംതന്നെ ശരിക്കും രൂപം പ്രാപിച്ചിരുന്നില്ല. മൂന്നു ലോകങ്ങളും വേണ്ടവിധത്തില്‍ ക്രമീകരിച്ചിരുന്നില്ല. പഞ്ചഭൂതങ്ങള്‍ പ്രവര്‍ത്തനരഹിത ങ്ങളായിരുന്നു.
എന്‍റെ മാനസപുത്രന്മാരായ പതിനൊന്നുപേര്‍ ലോകത്തിനു രൂപം കൊടുക്കുകയും അതു പരിപാലിക്കാനായി ലോകപാലകന്മാരേ സൃഷ്ടിക്കുകയും ചെയ്തു. ഇപ്രകാരം ഈ പതിനൊന്നുപേരും രാജാക്കന്മാരും ലോകത്തുളളവരെല്ലാവരും അവരുടെ പ്രജകളുമാണ്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ മുഴുവന് പ്രകടിത രൂപവും ഞാനാണെന്നറിയുക. തുടക്കത്തില് ഒരു ബീജം മാത്രമായിരിക്കും. അത് മുളച്ച് തണ്ടാകുന്നു. തണ്ടില് നിന്നു ശാഖകളും ഉപശാഖകളും വളരുന്നു. അതിന്മേലൊക്കെ ഇലകളും പടര്‍പ്പുകളും ഉണ്ടാകുന്നു. പിന്നീടത് പുഷ്പിക്കുകയും കനികള്‍ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് ഒരു വൃക്ഷം വളരുന്നത്.
ചിന്തിച്ചു നോക്കിയാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ വിത്താണ് വലിയ വൃക്ഷമായി പടര്‍ന്നു പന്തലിച്ചത്. അതുപോലെ ആദിയില്‍ ഞാന്‍ മാത്രമായിരുന്നു. എന്നില്‍ നിന്നു മനസ്സുണ്ടായി. മനസ്സില്‍നിന്ന് ഏഴു ഋഷികളേയും നാലു മനുക്കളേയും സൃഷ്ടിച്ചു. അവര്‍ ലോകപാലകന്മാരെ ഉത്ഭവിപ്പിച്ചു. ലോകപാലകന്മാര്‍ വിവിധ വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. ഈ വര്‍ഗ്ഗ ങ്ങളില്‍ നിന്ന് എല്ലാ ജീവജാലങ്ങളും ജനിച്ചു. അങ്ങനെ സമസ്തപ്രപഞ്ചവും എന്റെ സത്ത്വത്തില്‍ നിന്ന് രൂപം പ്രാപിച്ച് വിസ്തൃതമായതാണ്. എന്നിലും എന്റെ ഭാവങ്ങളിലും വിശ്വാസമുളള ഒരുവന് ഈ വസ്തുത ബോധ്യമാകുന്നതിനുളള ഉള്‍ക്കാഴ്ചയുടെ അനുഗ്രഹം ലഭിക്കും.
പരമാണു മുതല്‍ മനുഷ്യന്‍വരെയും ഉല്‍ക്ക മുതല്‍ താരാകദംബംവരെയും ഉള്ള എല്ലാറ്റിന്റെയും രൂപനിര്‍മാണക്ഷേത്രങ്ങള്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തോടെത്തന്നെ അതില്‍ നിഹിതമാണെന്ന് സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഈ അനന്തകോടി രൂപനിര്‍മാണക്ഷേത്രങ്ങളുടെ ആകെത്തുകയായി പരമാത്മാവിന്റെ മനസ്സിനെ കാണാം. അതില്‍നിന്നാണ് മഹത്തത്ത്വവും അഹങ്കാരവും അഞ്ച് തന്മാത്രകളും ഉണ്ടായത്. മനുക്കള്‍ ഉരുത്തിരിഞ്ഞതും അതില്‍നിന്നാണ്. ഇങ്ങനെ ഉണ്ടായി ഉരുത്തിരിഞ്ഞതില്‍നിന്നാണ് എല്ലാ ജീവജാലങ്ങളും ജനിച്ച് രൂപാന്തരപ്പെട്ടത്.
സപ്തര്‍ഷികളും മനുക്കളുമൊന്നും മൂര്‍ത്തികളല്ല, പ്രപഞ്ചവിജ്ഞാനീയത്തിലെ വിവിധഘടകങ്ങളും ഘട്ടങ്ങളുമാണെന്ന തിരുത്തിക്കുറിക്കല്‍ ഈ പദ്യങ്ങള്‍ നിര്‍വഹിക്കുന്നു.
തുടരും..)

Wednesday, 7 January 2015

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-4 & 5

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-4 & 5
ബുദ്ധിര്‍ജ്ജഞാനമസമ്മോഹഃ
ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോƒഭാവോ
ഭയം ചാഭയമേവ ച
അഹിംസാ സമതാ തുഷ്ടിഃ
തപോദാനം യശോƒയശഃ
ഭവന്തി ഭാവാ ഭൂതാനാം
മത്ത ഏവ പൃഥിഗ് വിധാഃ
ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉത്ഭവം, നാശം, ഭയം, അഭയം, അഹിംസ, സന്തുഷ്ടി, തപസ്, ദാനം, യശസ്സ്, അയശസ്സ് എന്നിങ്ങനെ ഭൂതങ്ങളുടെ നാനാ ഭാവങ്ങള്‍ എന്നില്‍നിന്നും തന്നെ ഉണ്ടാകുന്നവയാകുന്നു.
എന്‍റെ നാനാഭാവങ്ങളില്‍ പ്രഥമവും പ്രധാനമായിട്ടുളളതും ബുദ്ധിയാണ്. അടുത്തതായി നിസ്സീമമായ ജ്ഞാനം, മോഹമില്ലായ്മ, സഹനശീലം, ക്ഷമ, സത്യം തുടങ്ങിയവയോടൊപ്പം ബാഹ്യവൃത്തികളുടെ നിഗ്രഹം (ദമം) അകമേയുളള ഇന്ദ്രിയങ്ങളുടെ അടക്കം (ശമം) എന്നിവയും ഉള്‍പ്പെടുന്നു. അര്‍ജ്ജുനാ, അതുപോലെ ഈ ലോകത്തിലുളള സുഖദുഃഖ ങ്ങളുടേയും ജനനമരണങ്ങളുടേയും ഉത്ഭവവും എന്നില്‍നിന്നു തന്നെയാണ്. ഭയം, നിര്‍ഭയത്വം, അഹിംസ, സമഭാവന, സംതൃപ്തി, തീവ്രവിരക്തി, ദാനധര്‍മ്മം, കീര്‍ത്തി, അകീര്‍ത്തി തുടങ്ങി സൃഷ്ടിക്ക പ്പെട്ട ജീവജാലങ്ങളില്‍ കാണുന്ന ജീവഭാവങ്ങളെല്ലാം തന്നെ എന്‍റെ നിത്യമായ സത്വത്തില്‍ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും ഉത്ഭൂതമായതല്ല. ജീവജാലങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ എന്‍റെ ഭാവവും വ്യത്യസ്തമാണ്. ഇവയില്‍ ചിലതിന് എന്‍റെ ദിവ്യമായ പൊരുളിനെപ്പറ്റി അറിവുണ്ടായിരിക്കും. മറ്റുളളവയ്ക്ക് ഇതേപ്പറ്റി അജ്ഞതയാണുളളത്. സൂര്യോദയത്തില്‍ പ്രകാശം വിരിയുന്നു. സൂര്യാസ്തമനത്തില്‍ ഇരുട്ട് പരക്കുന്നു. രണ്ടും സൂര്യനില്‍ നിന്നുണ്ടാകുന്നതാണ്. ആകയാല്‍ എന്നെ അറിയുവാനും അറിയാതിരി ക്കുവാനുമുളള കാരണം പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. തന്മൂലം വിവിധ ജീവജാലങ്ങളില്‍ വ്യത്യസ്ത രീതിയിലുളള ഭാവങ്ങള്‍ ഉല്‍പ്പത്തിയെടുക്കുന്നു. ഇപ്രകാരം ജീവജാലങ്ങളുടെ പ്രപഞ്ചം മുഴുവനും എന്‍റെ സ്വഭാവത്തില്‍ നിമഗ്നമായിരിക്കുന്നു. ഇനിയും സൃഷ്ടിയുടെ പതിനൊന്നു പ്രക്ഷേപകരെപ്പറ്റി നിന്നോടു പറയാം. അവരുടെ ആജ്ഞയനു സരിച്ചാണ് എല്ലാ ജീവജാലങ്ങളും പ്രവര്‍ത്തിക്കുന്നത്. അവരാണ് ഈ ലോകത്തെ പരിപോഷിപ്പിക്കുന്നതും.
തുടരും..)

Tuesday, 6 January 2015

നാരദഭക്തിസൂത്രം Day 64 അറുപത്തിനാലാം ദിവസം

നാരദഭക്തിസൂത്രം Day 64 അറുപത്തിനാലാം ദിവസം
49. "യോ വേദാനപി സന്ന്യസ്യതി കേവലമവിച്ഛിന്നാനുരാഗം ലഭതേ"
ഏതൊരുവനാണോ വേദങ്ങളെകൂടി പരിത്യജിക്കുന്നത്‌,
അഖണ്‌ഡവും അനുസ്യൂതവുമായ പരമപ്രേമഭക്തി ലഭിക്കുന്നു.
നാരദര്‌ വളരെ ഗംഭീരമായിട്ട്‌ നമ്മളോട്‌ പറയുന്നു....
നാരദഭക്തിസൂത്രം എന്നു പറഞ്ഞാല്‍ ഒരു പ്രമാണമായിട്ടു തന്നെ സ്വീകരിക്കാവുന്നതാണ്‌. സ്വാമി പറയുന്നതല്ല. ദേവര്‍ഷി നാരദരു തന്നെ പറയുന്നതാണിത്‌. 
യഃ - യാതൊരുവനാണോ. വേദാന്‍ അപി സന്യസ്യതി - വേദങ്ങളെയും ഉപേക്ഷിക്കുന്നത്‌. എപ്പോഴാണെന്നറിയാമോ ഇതൊക്കെ അധ്യയനം ചെയ്‌തുകഴിഞ്ഞതിനു ശേഷമാണ്‌. അതായത്‌ ഇതിലൂടെയൊക്കെ കടന്നു വന്നതിനുശേഷം. അല്ലാതെ തുടക്കത്തിലേ ഇതിനെ ഉപേക്ഷിക്കുക എന്നല്ല. വളരെ മനോഹരമായിട്ടാണ്‌ പറഞ്ഞത്‌. യഃ കര്‍മ്മഫലം ത്യജതി - കര്‍മ്മം ചെയ്യുന്ന വേളയില്‍ നമ്മള്‍ക്കെന്തായിരിക്കണം മനോഭാവം. കര്‍മ്മഫലത്തെ ത്യജിക്കണം. പിന്നീട്‌ ജീവിതത്തിലെ സയാഹ്നത്തില്‍, ഒരു ഘട്ടത്തിലേക്കു വന്നു കഴിഞ്ഞാല്‍ കര്‍മ്മാണി സന്യസ്യതി - ചില കര്‍മ്മങ്ങളെയൊക്കെ നാം ഉപേക്ഷിക്കണം. 
കര്‍മ്മം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നുള്ളതു സാധ്യമല്ല. പക്ഷേ കുറെ കര്‍മ്മങ്ങളെ നമുക്ക്‌ ഉപേക്ഷിക്കാവുന്നതാണ്‌. അതുപേക്ഷിക്കുക. പിന്നെയോ യഃ വേദാന്‍ അപി സന്യസ്യതി - എന്നു പറഞ്ഞാല്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഈ പറഞ്ഞ കേള്‍ക്കലും സത്സംഗവും എല്ലാം മതിയാക്കുക. അപ്പോള്‍ ഒരു പ്രായം കഴിഞ്ഞാല്‍ സത്സംഗവും വേണ്ടെന്നാണോ. ഇത്‌ തുടങ്ങുന്നതേ പ്രായമാകുമ്പോഴാണ്‌. അപ്പോള്‍ വേദാന്‍ അപി സന്യസ്യതി - അതിനെയാണ്‌ ഉപേക്ഷിക്കേണ്ടത്‌. എന്തൊക്കെ ഉപേക്ഷിക്കണം. ക്ഷേത്രത്തില്‍ പോക്ക്‌ ഉപേക്ഷിച്ചുകൊള്ളൂ ഒരു മടിയും വേണ്ട. സഹസ്രനാമാദികള്‌, നിങ്ങളുടെ വിളക്കുകത്തിക്കല്‌, എല്ലാം ഉപേക്ഷിക്കാം. പക്ഷേ നിങ്ങള്‍ ആനന്ദത്തോടുകൂടി ഇരിക്കണം. അതല്ലെങ്കില്‍ നാരദര്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌ അല്ലെങ്കിലോ അന്യഥാ പാതിത്യശങ്കയാ - പതിക്കാനുള്ള ശങ്കയാ. പിന്നെ നമ്മള്‍ നമ്മുടെ കുട്ടികള്‍ക്കു വേണ്ടിയിട്ട്‌, പുതിയ തലമുറയെ ഈ വഴിയിലേക്കു കൊണ്ടുവരാന്‍ വേണ്ടിയിട്ട്‌ നമ്മള്‍ ഇതൊക്കെ ചെയ്യേണ്ടതുണ്ട്‌. പക്ഷേ നമുക്കിതിനെയൊക്കെ ഉപേക്ഷിക്കാം. പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ചിലര്‍ ഈ ആചാരങ്ങള്‍ക്കും, അനുഷ്‌ഠാനങ്ങള്‍ക്കും വേണ്ടി ജന്മംകൊണ്ടവരാണ്‌. 
മതവിശ്വാസികള്‍ എന്നു പറഞ്ഞാല്‍ ഈ ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും മുറുകെപ്പിടിക്കാന്‍ വേണ്ടി ജന്മം എടുത്തവരാണ്‌. അങ്ങനെയുള്ളവരോട്‌ ഈ വിമര്‍ശനങ്ങളൊക്കെ നടത്തിയാല്‍ അവര്‍ സഹിക്കില്ല. ഹൈന്ദവബിംബങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പ്രസ്‌താവന നടത്തിക്കഴിഞ്ഞാല്‍ ഉടനെ ആളുകള്‌ ആരെടാ നീ എന്നു പറഞ്ഞുകൊണ്ടു വരും. ഇതുപോലെ തന്നെയാണ്‌ ക്രിസ്‌തീയ ഇസ്ലാമിക സമ്പ്രദായങ്ങളിലൊക്കെ. അപ്പോള്‍ അവരെന്താണ്‌ ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കുമാണ്‌ ഊന്നല്‍ നല്‍കുന്നത്‌. അതുകൊണ്ട്‌ മാര്‍ഗ്ഗവും ലക്ഷ്യവും വേര്‍തിരിഞ്ഞു കിട്ടിയിട്ടില്ല. മാര്‍ഗ്ഗത്തെ ലക്ഷ്യമായി കരുതുന്നു. ഇവിടെ നാരദരു പറയുന്നു ലക്ഷ്യം കൈവരിക്കാന്‍ നീ മാര്‍ഗ്ഗത്തെ ഉപേക്ഷിക്കണം. മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തില്‍ എത്തൂ.
(തുടരും...)

Monday, 5 January 2015

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 3

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 3
യോ മാമജമനാദിം ച
വേത്തി ലോകമഹേശ്വരം
അസംമൂഢഃ സ മര്‍ത്ത്യേഷു
സര്‍വ്വപാപൈഃ പ്രമുച്യതേ.
ആരാണോ ജന്മരഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട് എന്നെ അറിയുന്നത്, മനുഷ്യരില്‍ അവനാണ് വിവേകി. അവന്‍ എല്ലാ പാപങ്ങളില്‍നിന്നും മോചനം നേടുന്നു.
എന്‍റെ ദിവ്യമായ സ്വരൂപം അവേദ്യമാണെങ്കിലും ഭൗതിക ജീവിതത്തിലെ പ്രയാണങ്ങളെല്ലാം പരിത്യജിച്ച്, ഇന്ദ്രിയസുഖങ്ങളില്‍ വിരക്തനായി, ദേഹബുദ്ധി കൈവെടിഞ്ഞ്, പഞ്ചഭൂതങ്ങളുടെ സിംഹാസനത്തിലിരുന്ന് അവയെ അടക്കി ഭരിച്ചാല്‍, അവന്‍റെ ചിത്തം എന്നിലുറയ്ക്കുകയും അവന്‍റെ ആത്മ‍ജ്ഞാനത്തിന്‍റെ സുവ്യക്തപ്രകാശത്തില്‍, ഞാന്‍ എല്ലാ ജീവജാലങ്ങളുടേയും നാഥനാണെന്നും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതനാണെന്നും അനാദിയാണെന്നും അവന് അറിയാന്‍ കഴിയുകയും ചെയ്യും. അപ്രകാരമുളളവന്‍ കല്ലുകളില്‍ സ്പര്‍ശമണിയാണ്; ദ്രാവകങ്ങളില്‍ അമൃതാണ്. അവന്‍ എന്‍റെ ദിവ്യത്വത്തിന്‍റെ മര്‍ത്ത്യരൂപത്തിലുളള അംശമാണ്. അവന്‍ ചരിക്കുകയും സംസാരിക്കുകയയും ചെയ്യുന്ന, വിജ്ഞാനത്തിന്‍റെ സചേതന വിഗ്രഹമാണ്. അവന്‍റെ അവയവങ്ങള്‍ ആനന്ദത്തിന്‍റെ ശിഖരങ്ങളാണ്. അവന്‍റെ മര്‍ത്ത്യശരീരം മറ്റുളളവര്‍ക്ക് മായാജനകമാണ്. 
കര്‍പ്പൂരത്തിന്‍റെ ഇടയില്‍ വീഴാന്‍ ഇടയാകുന്ന വൈരക്കല്ല് വെളളംകൊണ്ട് നനഞ്ഞാലും ആവിയായി പോവുകയില്ല. അതുപോലെ, അവന്‍ ഒരു സാധാരണക്കാരനെപ്പോലെ കാണപ്പെടുമെങ്കിലും പ്രകൃതിയുടെ മായാശക്തിക്ക് അവനെ അശുദ്ധനാക്കാന്‍ സാധ്യമല്ല. പാപങ്ങള്‍ അവയുടെ ജീവനുവേണ്ടി അവനെ ഭയന്ന് ഓടിമറയുന്നു. അഗ്നിക്കിരയായ ചന്ദനമരച്ചോട്ടില്‍ നിന്ന് സര്‍പ്പം ഒഴിഞ്ഞുപോകുന്നതുപോലെ എന്നെ അറിയുന്ന ഒരുവനില്‍നിന്ന് എല്ലാ ആഗ്രഹങ്ങളും വിട്ടകലുന്നു. എന്നെ അറിയുന്നത് എങ്ങനെയാണെന്നും എന്‍റെ സ്വരൂപസ്ഥിതി എപ്രകാരമാണെന്നും മനസ്സിലാക്കണമെന്നുളള ചിന്ത നിനക്കുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതു നിനക്കു പറഞ്ഞുതരാം. ശ്രദ്ധിക്കുക. ഈ പ്രപഞ്ചത്തിലുളള വിവിധ ജീവജാലങ്ങളില്‍, അവയുടെ സഹജമായ രൂപത്തില്‍, എന്‍റെ പ്രകടിതരൂപം പരന്നു കിടക്കുന്നു.
എല്ലാ രൂപനിര്‍മാണക്ഷേത്രങ്ങളിലെയും കാതലായ ജീവസാന്നിദ്ധ്യം എന്ന ഈശാംശം കുടിയിരിക്കുന്നത് വിശ്വജീവനിലാണ്. അതിനാല്‍ ആ പരമാത്മാവ് മഹേശ്വരനാണ്. ഈ മഹേശ്വരത്വം അനുഭവവേദ്യമാകണമെങ്കില്‍ എല്ലാറ്റിലുമുള്ളത് ഒരേ പരമാത്മചൈതന്യമാണ് എന്ന അനുഭവം കുറച്ചെങ്കിലും കൈവരണം.
സയന്‍സിന്റെ അടിത്തറ കാര്യകാരണചിന്തയാണ്. എന്തിനുമൊരു കാരണം വേണമെന്നതിനാല്‍ ആദികാരണമെന്ന ആശയം സയന്‍സിന് അസ്വീകാര്യമാണ്. (കാരണം, അതിനും വേണമല്ലോ ഒരു കാരണം!) ദ്വന്ദ്വാതീതമായ ഒരവസ്ഥ സങ്കല്പിക്കാന്‍ കഴിയാത്തതാണ് മതങ്ങളുമായി സയന്‍സിന് ഇന്നുള്ള പൊരുത്തക്കേടിന്റെ കാതല്‍. യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളില്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണത്തെ (efficient cause) ആണ് സ്രഷ്ടാവായി സങ്കല്പിച്ചിരിക്കുന്നത്. 'ദൈവം പറഞ്ഞതുകൊണ്ടുണ്ടായി' എന്നതിന്റെ ഉറവിടം ഈ സങ്കല്പമാണ്. 'ആയിത്തീരട്ടെ എന്നു സങ്കല്പിച്ചതിനാല്‍ അപ്രകാരമായി' എന്ന് ഉപനിഷത്തില്‍ പറയുന്നതിനോട്‌സമമാണ് ഇത്. ഇവിടെ കാര്യകാരണബന്ധത്തെ നിഷേധിക്കുകയല്ല, കാര്യത്തിലിരിക്കുന്നത് കാരണസത്തയില്‍നിന്ന് ഭിന്നമായ ഒന്നല്ലെന്ന് നിരീക്ഷിക്കുക മാത്രമാണ്. പക്ഷേ, ഇത്തരം ഒരു കാര്യ-കാരണ ഏകത്വം സയന്‍സിന് സ്വീകാര്യമല്ല.
നിരീക്ഷിതബലങ്ങളുടെ ദ്വന്ദ്വാത്മകതയെ മറികടന്ന് ബലങ്ങളെ ഏകീകരിക്കാന്‍ സാധിക്കാത്തത്, സ്വയം പരിണമിച്ച് പ്രപഞ്ചമായിത്തീരാന്‍ കഴിയുന്ന ഒരു മഹാബലത്തെ ഈ വിധം സങ്കല്പിക്കാന്‍ സയന്‍സിന്റെ നിലവിലുള്ള രീതിശാസ്ത്രം സമ്മതിക്കാത്തതിനാലാണ്. ദൃശ്യപ്രപഞ്ചത്തില്‍ സാര്‍വലൗകികങ്ങളായ ഭൗതിക സ്ഥിരാങ്കങ്ങള്‍ (physical constants) ഉണ്ടെന്ന് ശഠിച്ചും അവയെ മുറുകെപ്പിടിച്ചും സയന്‍സ് വിഷമിക്കുന്നു. ഈ വിഷമം ഏറെ വൈകാതെ പരിഹരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. എന്തുകൊണ്ടെന്നാല്‍ സയന്‍സിന്റെ സ്ഥിരാങ്കശാഠ്യങ്ങള്‍ ബാധകമല്ലാത്ത ഇടനിലകള്‍ (discontinuities) ഇപ്പോഴേ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തുടരും..)

നാരദഭക്തിസൂത്രം Day 63 അറുപത്തിമൂന്നാം ദിവസം

നാരദഭക്തിസൂത്രം Day 63 അറുപത്തിമൂന്നാം ദിവസം
ഈ കേള്‍വിയില്‌ എവിടെയൊക്കെയോ തൊട്ടുണര്‍ത്തുന്ന 
ഋഷി നാരദന്‍ നമ്മളെ ശരിക്കു ഓര്‍മ്മിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ട്‌ ,
അതാണ്‌ നമ്മളെ ഇങ്ങോട്ടേയ്‌ക്കു വിളിപ്പിക്കുന്നത്‌ 
അല്ലാതെ വേറെ ചെപ്പടിവിദ്യ ഒന്നും ഇവിടെ കാണിക്കാനുമില്ല.
ഋഷിയുമായിട്ടുള്ള നമ്മുടെ ഒരു പ്രത്യേക സമ്പര്‍ക്കം,
എവിടെയോ വച്ച്‌ ഏതോ ഒരു കാലത്ത്‌, ഇങ്ങനെ വേണം ജന്മജന്മാന്തരങ്ങളെ അറിയാന്‍. എവിടെയൊക്കെയോ വച്ച്‌ എനിക്കു കിട്ടിയതാണ്‌,അത്‌ വീണ്ടും കിട്ടേണ്ടതാണ്‌,
ചിലത്‌ പൂര്‍ത്തിയാകാത്തതിന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടിയുള്ള പ്രയാണം. 
അല്ലാതെ ഇവിടെ വേറെ എന്തെങ്കിലും ഉണ്ടോ.?
ഇവിടെ നിങ്ങളുടെ വീട്ടില്‍ വന്ന്‌ കണക്കൊന്നും എടുക്കാന്‍ പോകുന്നില്ല. 
അങ്ങനെയുണ്ടല്ലോ മറ്റു പലതിലുമൊക്കെ. 
നിങ്ങളുടെ കല്ല്യാണത്തിനു ഇടപെടില്ല, 
മരണാനന്തര ചടങ്ങിനിടപെടില്ല. അങ്ങനെയൊന്നുമില്ല.
നമ്മളെ ഇതു കേള്‍ക്കാനുള്ള താല്‌പര്യത്തിന്റെ പിറകിലുള്ള ഒരു ശക്തി, 
അല്ലെങ്കില്‍ അതിന്റെ കാരണം ഇതാണെന്നു പറയുകയാണ്‌. 
യഃ കര്‍മ്മഫലം ത്യജതി - ആരാണോ ആ കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌ എന്നു പറയുമ്പോള്‍ അതിലുള്ള ചിന്തയുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ചെയ്യാം. അങ്ങനെയാണെങ്കില്‍ ഞാന്‍ ചെയ്യാം. ബിസിനസ്സില്‍ അതൊക്കെ ഉണ്ട്‌. പക്ഷേ നമ്മള്‍ ഒരു വ്യാപാരം ചെയ്യുമ്പോള്‍ അതൊക്കെ അതിന്റെ ഭാഗമാണ്‌. പക്ഷേ നമ്മള്‍ക്കിതെല്ലാം കഴിഞ്ഞ്‌, അതുകൊണ്ടാണീ വ്യാപാരികള്‍ക്കൊക്കെ ഈ ശാസ്‌ത്രപഠനം അത്യാവശ്യമാണ്‌. രാത്രിയായിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ വീട്ടില്‍ വന്നു കഴിഞ്ഞാല്‍ കുറച്ചെങ്കിലും ഈ ആത്മവിചാരം വേണം. അല്ലെങ്കില്‍ ഇതുമായിട്ട്‌ താതാത്മ്യപ്പെട്ട്‌ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്‌. അതുമായിട്ടാ നമ്മള്‌ കിടക്കാന്‍ പോകുന്നതെങ്കില്‍ ശരിയാവില്ല. ഈ ബിസിനസ്സുകാര്‌, അവരുടെ വീട്ടിലുള്ള അമ്മമാര്‍ക്കും, ഭാര്യമാര്‍ക്കും ഒരുപാട്‌ പരാതികളുണ്ട്‌. കാരണം ഇയാളോടെന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ കല്‍ക്കട്ടയിലെ കമ്പനിയുടെ കാര്യവും ആ പ്രോഡക്‌ടിന്റെ കാര്യവും. അല്ലാതെ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല. പക്ഷേ പലരുമുണ്ട്‌. അവര്‌ അതിന്‌ അവിടെ ഷട്ടറിടുമ്പോള്‍ മനസ്സിനും ഷട്ടറിടും. വീട്ടില്‍ യാതൊരിടപാടും ഇല്ല. ഒരു ഫോണ്‍കോളുപോലും അറ്റന്‍ഡു ചെയ്യില്ല. പക്ഷേ മിക്ക ബിസിനസ്സുകാരും രാവിലെ എണീറ്റാല്‍ തുടങ്ങും ഈ പരിപാടി. രാത്രി വരുന്നതേ നേരം വൈകീട്ട്‌. പിന്നെ ഞായറാഴ്‌ച കാറൊക്കെ എടുത്തിട്ട്‌ അവിടെ പോയി , കല്ല്യാണത്തിനു പോയി, പിന്നെ നിനക്കെന്താ വേണ്ടത്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഇങ്ങനെ ഒരു ചോദ്യമുണ്ട്‌. നീയല്ലേ അവിടെയിരുന്ന്‌ ഈ സാരി വേണം ആ സാരി വേണം എന്നൊക്കെ പറഞ്ഞത്‌. പക്ഷേ എനിക്ക്‌ നിങ്ങളെ വേണം എന്നുണ്ട്‌. ഒരു അഞ്ചുമിനിട്ടെങ്കിലും. ഇതു പറയാനുള്ള ധൈര്യവും ഇല്ല. പക്ഷേ പറയാനുള്ള വഴി അറിയുകയും ഇല്ല. അതു പറയാനും പറ്റില്ല. അതാണ്‌ വേറൊരു കാര്യം. അതുകൊണ്ട്‌ ഇതിനെയൊക്കെ ഒന്നു ത്യജിക്കൂ, ഉപേക്ഷിക്കൂ. നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുന്ന ഒരുപാട്‌, നിങ്ങളെത്തന്നെ നഷ്‌ടപ്പെടുന്നുണ്ട്‌. കര്‍മ്മഫലത്തില്‌ നമ്മള്‌ സംഗമിച്ചു കഴിഞ്ഞു. 
സ്വന്തം കുട്ടിയുടെ കൂടെ ദിവസം ഒരു പത്തുമിനിട്ട്‌ ചിലവഴിക്കാന്‍ കഴിയാതെ എന്തു ബിസിനസ്സ്‌. എന്തിനാ ഈ ബിസിനസ്സ്‌. അതുകൊണ്ട്‌ ഉപേക്ഷിക്കു എന്നു പറയുകയാണ്‌. എന്നിട്ട്‌ കുറച്ചു സമയമെങ്കിലും ഞാന്‍ ഞാനായിട്ടിരിക്കുക. അല്ലെങ്കില്‍ നാമായിരിക്കുന്ന സമൂഹത്തിലായിരിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്തൊക്കെ പറഞ്ഞു തന്നിട്ടുണ്ട്‌ നമ്മുടെ ആചാര്യന്മാര്‌. എപ്പോഴൊക്കെ എങ്ങനെയൊക്കെ വേണം നമ്മള്‌ ഓരോന്നു ചെയ്യാന്‍ എന്നുള്ളത്‌. കര്‍മ്മാണി സന്യസ്യതി - കര്‍മ്മങ്ങളെയും ഉപേക്ഷിക്കേണ്ടതുണ്ട്‌. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‌, പിന്നെ ചെയ്യേണ്ടതൊക്കെ മറ്റുള്ളവര്‍ക്കായി വിട്ടുകൊടുത്തേക്കണം. 
ഇത്‌ അപ്പോഴും ഇദ്ദേഹം തന്നെ പോവുകയാണ്‌ വാടക മേടിക്കാന്‍. അച്ഛാ ഞാന്‍ പോയി അത്‌ മേടിച്ചുകൊള്ളാം എന്നു പറഞ്ഞാല്‍ അത്‌ വേണ്ട എന്നു പറയുകയാണ്‌. 
അപ്പോഴും നമ്മളതു വിടുന്നില്ല. 
തതോ - അനന്തരം, നിര്‍ദ്വന്ദോ ഭവതി - എല്ലാ ദ്വന്ദ്വങ്ങളേയും അതിവര്‍ത്തിച്ചു കൊണ്ട്‌ നിലകൊള്ളുക.......
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 2

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 2
ന മേ വിദുഃ സുരഗണാഃ
പ്രഭവം ന മഹര്‍ഷയഃ
അഹമാദിര്‍ഹി ദേവാനാം
മഹര്‍ഷീണാം ച സര്‍വ്വശഃ
പരമാത്മാവായ എന്‍റെ ഉത്ഭവം ദേവന്മാരും അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും എല്ലാ നിലയിലും ഞാന്‍ തന്നെയാണ് ഉത്ഭവസ്ഥാനം.
ഇന്ദ്രിയങ്ങളെയാണ് ദേവന്‍മാര്‍ എന്നു പറയുന്നത് (ദേവമാഖ്യാതമിന്ദ്രിയേ - അഭിധാനചിന്താമണി). അവയാണല്ലോ ബാഹ്യപ്രപഞ്ചത്തെ അറിയാനുള്ള ഉപാധികള്‍. സമഷ്ടിയിലെ മഹത്തത്ത്വം, അഹങ്കാരം, പഞ്ചതന്മാത്രകള്‍ (ശബ്ദാദിവിഷയങ്ങള്‍) എന്ന ഏഴെണ്ണത്തിന് മൂര്‍ത്തരൂപം കല്പിച്ചതാണ് സപ്തര്‍ഷികള്‍, അല്ലാതെ ഭൃഗു മുതല്‍ വസിഷ്ഠന്‍ വരെ ഉള്ള കഥാപാത്രങ്ങളല്ല.
ഈ ദേവന്‍മാരുടെയും ഋഷിമാരുടെയും ഉത്ഭവവും വാഴ്‌വും പരമാത്മാവിനെ ആധാരമാക്കിയിട്ടാകയാല്‍ ഇക്കൂട്ടര്‍ക്കൊന്നും പരമാത്മാവിന്റെ ഉത്ഭവം അറിയാനാവില്ല. ജ്ഞാനേശ്വരി ചോദിക്കുന്നു: ''ഗര്‍ഭസ്ഥശിശുവിന് അമ്മയുടെ പ്രായം അറിയാന്‍ കഴിയുമോ? (അതുപോലെ ദേവതകളൊന്നും എന്നെ അറിയുന്നില്ല.) കടലില്‍ കിടക്കുന്ന മത്സ്യം സമുദ്രത്തെ ആകവേ അറിയുന്നുണ്ടോ? ഈച്ചയ്ക്ക് ആകാശത്തില്‍ പറക്കാമെന്നിരുന്നാലും അത് ആകാശം മുഴുവന്‍ പറന്നു തീര്‍ക്കുന്നുണ്ടോ? (അത്രയേ്ക്കയുള്ളൂ മഹര്‍ഷിമാരുടെ അറിവും.)''
രണ്ട് കാര്യങ്ങളാണ് ഒറ്റയടിക്ക് ഇവിടെ സാധിക്കുന്നത്. പരംപൊരുളിന്റെ സര്‍വൗന്നത്യം സ്ഥാപിതമാകുന്നു. അതോടൊപ്പം ദേവന്മാരുടെയും മഹര്‍ഷിമാരുടെയും കാര്യത്തിലുള്ള അടിസ്ഥാനസങ്കല്പത്തെ വീണ്ടെടുക്കുന്നു. കഥകളിലെയും പുരാണങ്ങളിലെയും ദേവന്മാരെയും മഹര്‍ഷിമാരെയും സങ്കല്പസൃഷ്ടികളെന്ന പദവി നല്‍കി മാറ്റി നിര്‍ത്തുന്നു.
ഇനി പറയാന്‍പോകുന്ന നിരവധി സൃഷ്ടികളുടെ കൂട്ടത്തില്‍ ഒന്നായി പരംപൊരുളിനെ കാണാതിരിക്കാന്‍ ആദ്യമേ പരംപൊരുളിനെ അനുപമേയമാക്കി വെക്കുന്നു എന്ന നടരാജഗുരുവിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു. (വിശുദ്ധ ഖുര്‍-ആനില്‍ ആദ്യംതന്നെ സര്‍വശക്തനെ 'ലാ ഇലാഹ് ഇല്ലല്ലാഹ്' എന്ന നിര്‍വചനംകൊണ്ട് എല്ലാറ്റില്‍നിന്നും അന്യമാക്കി പ്രതിഷ്ഠിക്കുന്നു. അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളേ പറയുന്നുള്ളൂ. പറയാതെ വിട്ട ഒന്ന് പറയാനാവാത്തതാണ്. പരമമായിരിക്കുന്നത് അനന്യമാണെന്ന് ആദ്യമേ സ്ഥാപിക്കുകയാണ് അവിടെയും.)
പരമാത്മജ്ഞാനത്തിന്റെ ഒരു സവിശേഷത ഈ ശ്ലോകം വെട്ടിത്തുറന്നു പറയുന്നു. 
''കണ്ടവരില്ലാ പാരില്‍, കണ്ടുവെന്നുരപ്പവര്‍ കണ്ടവരല്ല, കാണാന്‍ ഞാന്‍തന്നെ യത്‌നിക്കണം'' എന്നതാണ് അത്.
ആ വഴിയില്‍ മുന്നേറിയവരുടെ വിരലില്‍ തൂങ്ങി കുറെ പോകാം. പിന്നെ, പരംപൊരുള്‍ സ്വയം വെളിപ്പെടുത്തിത്തരണം. വേറെ പഴുതില്ല. ഒരു തുണ്ടെടുത്ത് മണത്തോ രുചിച്ചോ തൂക്കിയോ നോക്കി അപഗ്രഥിച്ച് ഉണ്ടാക്കിയെടുക്കാവുന്ന അറിവല്ല. പുറമെ എങ്ങുനിന്നും സമ്പാദിക്കാന്‍ പറ്റില്ല, അകത്തുനിന്നു വരണം. അകത്തിരുന്നു പ്രകാശിക്കുന്നത് പരമാത്മാവുതന്നെ ആകയാല്‍ ആവരണത്തിന്റെ കട്ടി അനുസരിച്ച് 'വെളിപ്പെടല്‍' കൂടിയും കുറഞ്ഞും ഇരിക്കുന്നു.
മൂടുപടത്തിനകത്തിരിക്കുന്ന ആളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എങ്കിലല്ലേ, വെളിപ്പെട്ടു കിട്ടാനുള്ള ശ്രമം തുടങ്ങാനാവൂ? അകത്താരാണ്?
തുടരും..)

Saturday, 3 January 2015

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 1

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 1
ശ്രീ ഭഗവാനുവാചഃ
ഭൂയ ഏവ മഹാബാഹോ
ശൃണു മേ പരമം വചഃ
യത്തേƒഹം പ്രീയമാണായ
വക്ഷ്യാമി ഹിതകാമ്യയാ.
അല്ലയോ അര്‍ജ്ജുന, എന്‍റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ നിനക്ക് നല്ലതുവരട്ടെയെന്നു കരുതി ഞാന്‍ ഇനിയും പറയാന്‍ പോകുന്ന പരമാത്മതത്ത്വത്തെ വെളിപ്പെടുത്തിത്തരുന്ന എന്‍റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുക.
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജ്ജുന, ഞാന്‍ ഇതുവരെയായി വിശദീകരിച്ചുതന്ന കാര്യങ്ങള്‍ നിന്‍റെ ബോധകശക്തിയുടെ പിടിയിലമര്‍ന്നിട്ടുണ്ടോ എന്നു പരിശോധിച്ചതില്‍ നീ തികച്ചും വിജയിയായിരിക്കുന്നു. ഒരു കുടത്തില്‍ അല്പം വെളളമൊഴിച്ച് അതു ചോരുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കിയിട്ടാണ് അതില്‍ കൂടുതല്‍ വെളളം ഒഴിക്കുന്നത്. അതുപോലെ ഇതുവരെയുളള എന്‍റെ പ്രഭാഷണങ്ങള്‍ നീ ശ്രദ്ധയോടെ ശ്രവിച്ചുവെന്ന് എനിക്കു ബോധ്യമായതിനാല്‍ നിന്നോടു കൂടുതലായി പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പുതുതായി നിയമിക്കപ്പെടുന്ന ഒരു ജോലിക്കാരന്‍ പ്രലോഭനങ്ങള്‍ക്ക് വശംവദനാവുകയില്ലെന്ന് പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമെ അവനെ ഭണ്ഡാരത്തിന്‍റെ ചുമതല ഏല്പിക്കുകയുളളു. അപ്രകാരം, നീ ഇപ്പോള്‍ എന്‍റെ ജ്ഞാനഭണ്ഡാരത്തിന്‍റെ വിശ്വസ്ത സേവകനാകാന്‍ യോഗ്യനായിത്തീര്‍ന്നിരിക്കുന്നു.
കാര്‍മേഘങ്ങള്‍ പര്‍വ്വതശിഖരങ്ങള്‍ കാണുമ്പോള്‍ അതിനു ചുറ്റും ഉരുണ്ടുകൂടി നിറഞ്ഞൊഴുകുന്നതുപോലെ, ഭഗവാന്‍ കൃഷ്ണന്‍റെ വാത്സല്യവും അഭിമാനവും കലര്‍ന്ന കടാക്ഷങ്ങള്‍ അര്‍ജ്ജുനന്‍റെ മേല്‍ പതിച്ചു. ദയാവാരിധിയായ ഭഗവാന്‍ തുടര്‍ന്നു.
മഹാബാഹോ, ഞാന്‍ ഇതിനുമുമ്പ് നിനക്കു വെളിവാക്കിത്തന്ന സത്യങ്ങള്‍ വീണ്ടും നിന്നോടു പറയാം. ഒരു കര്‍ഷകന്‍ തന്‍റെ ഭൂമിയില്‍ അക്ഷീണനായി എല്ലാവര്‍ഷവും കൃഷിയിറക്കിയാല്‍ അവനു കൂടുതല്‍ കൂടുതല്‍ വിളവു ലഭിക്കും. കാഞ്ചനം ഉലയിലിട്ട് ആവര്‍ത്തിച്ചുരുക്കിയാലും അതിന്‍റെ മേന്മ വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല. അതുപോലെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് എന്‍റെ സംതൃപ്തിക്കുവേണ്ടിയാണ്. നിന്‍റെ പ്രീതിക്കുവേണ്ടിയല്ല. ഒരു ശിശുവിനെ ആഭരണങ്ങള്‍ അണിയിക്കുമ്പോള്‍ അതിന്‍റെ സാംഗത്യം ആ ശിശു മനസ്സിലാക്കുന്നില്ല. എന്നാല്‍ അത് അണിയിക്കുന്ന മാതാവ് അതുകണ്ട് ഹര്‍ഷപുളകമണിയും. അതേവിധത്തില്‍ നിന്‍റെ നന്മയ്ക്കുതകുന്ന കാര്യങ്ങള്‍ കൂടുതലായി നീ മനസ്സിലാക്കിയെന്നറിയുമ്പോള്‍ എന്‍റെ ആനന്ദം അധികരിക്കുന്നു.
ഈ അലങ്കാരഭാഷണം മതിയാക്കാം. സത്യത്തില്‍ ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. അതുകൊണ്ട് നിന്നോട് എത്ര സംസാരിച്ചാലും എനിക്കു മതിവരുകയില്ല. തന്മൂലം പറഞ്ഞ കാര്യങ്ങള്‍തന്നെ ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്. ഗുണദോഷങ്ങളെ വിവേചിച്ചറിയാന്‍ കഴിവുളള അല്ലയോ അര്‍ജ്ജുന, നീ എന്‍റെ ശ്രേഷ്ഠമായ പ്രഭാഷണം ശ്രദ്ധിച്ചു കേള്‍ക്കുക. ഇതു വെറും വാക്കുകളല്ല. വാക്കുകളുടെ രൂപത്തില്‍ നിന്നെ വാത്സല്യത്തോടെ ആശ്ലഷിക്കാന്‍ വരുന്ന പരമതത്ത്വമായ സത്യമാണ്. നീ ഇതുവരെയും എന്‍റെ യഥാര്‍തഥ സ്വരൂപമെന്തെന്ന് അറിഞ്ഞിട്ടില്ല. നീ എന്നെ ഇവിടെ മനുഷ്യരൂപത്തില്‍ കാണുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍വപ്രപഞ്ചവും ഞാനാണ്.
മഹാബാഹോ എന്ന സംബോധന ഉല്‍സാഹിപ്പിക്കല്‍തന്നെ. മഹത്തായ കൈകളോടുകൂടിയവന് (മഹാന്തൗ ബാഹൂയസ്യ) എന്താണ് അസാധ്യമായിട്ടുള്ളത്? കീഴടക്കാനുള്ള യഥാര്‍ഥസാമ്രാജ്യം തന്റെ ആന്തരികാനന്ദത്തിന്റെ അതിരില്ലാ നാടാണ്. പോരിനുള്ള ആയുധം കിട്ടിക്കഴിഞ്ഞു. ഇനി നന്നായി അടരാടുകയേ വേണ്ടൂ. ശേഷിയുള്ള കൈകളുമുള്ള സ്ഥിതിക്ക് വിജയം തീര്‍ച്ച.
ഇങ്ങനെ സാരോപദേശം നല്‍കുന്നതിന് പരമഗുരുവായ ആത്മസ്വരൂപത്തിനുള്ള പ്രേരണ ഹിതകാമനയാണെന്നു പറയുന്നു. ഹിതം അര്‍ജുനന്റെയോ ലോകത്തിന്റെയോ തന്നെ. ഹിതത്തിന് ഇഷ്ടമെന്നല്ല, നല്ലത് എന്നുപോലുമല്ല അര്‍ഥമെന്ന് സൂക്ഷ്മവിചാരത്തില്‍ കാണാം. കാരണം, ആര്‍ക്കും പാപമോ പുണ്യമോ ഈശ്വരന്‍ നല്‍കുന്നില്ല (നാദത്തേ കസ്യചിത് പാപം ന ചൈവ സുകൃതം വിഭുഃ - 5,15) എന്ന് നേരത്തേ പറഞ്ഞു വെച്ചു. 'ചേരുംപടിയുള്ള ചേര്‍ച്ച' എന്നേ ഹിതമെന്ന വാക്കിന് താത്പര്യം കല്പിക്കാനാവൂ. വിശ്വഗതിയുടെ സ്വാഭാവികമായ പരിണതി എന്തോ അതു നടക്കണം. അതിന് അര്‍ജുനന്റെയും ലോകത്തിന്റെയും വര്‍ത്തമാനകാലചേര്‍ച്ച സ്വാഭാവികമാകണം.
തുടരും..)

നാരദഭക്തിസൂത്രം Day62 അറുപത്തിരണ്ടാം ദിവസം

നാരദഭക്തിസൂത്രം Day62 അറുപത്തിരണ്ടാം ദിവസം
48. "യഃ കര്‍മ്മഫലം ത്യജതി കര്‍മ്മാണി സന്ന്യസ്യതി തതോ നിര്‍ദ്വന്ദ്വോ ഭവതി"
ആരാണോ കര്‍മ്മഫലത്തെ ഉപേക്ഷിക്കുന്നത്‌ 
അഹന്താജന്യമായ സകല കര്‍മ്മങ്ങളെയും സന്ന്യസിക്കുന്നത്‌ 
അയാള്‍ ദ്വന്ദങ്ങള്‍ക്കെല്ലാം അതീതനായി ഭവിക്കുന്നു.
ഈ ആശയങ്ങളൊക്കെ നമ്മളെ വെറുതെ ഒരു സമാശ്വസിപ്പിക്കലാണെന്നു തോന്നരുത്‌.
ഒരു സത്യം ഈ യാഥാര്‍ത്ഥ്യവുമായിട്ട്‌ മുന്നോട്ടു പോവുകയാണെങ്കില്‍ നമുക്കിത്‌ ബോധ്യമാകും എന്നതിന്‌ ഒരു സംശയവുമില്ല. 
യഃ - യാതൊരുവനാണോ കര്‍മ്മഫലം ത്യജതി - കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌. ഭഗവദ്‌ഗീതയില്‍ കര്‍മ്മയോഗ സംബന്ധമായ നാലു സൂക്തങ്ങളുണ്ട്‌. 
1.നിനക്കു കര്‍മ്മത്തില്‍ മാത്രമാണ്‌ അധികാരം. 
2. ഒരിക്കല്‍ പോലും കര്‍മ്മഫലത്തില്‍ നിനക്കു അധികാരമില്ല. 
3.കര്‍മ്മഫലത്തില്‍ നീ ഹേതുവാകരുത്‌ 
4.കര്‍മ്മം ചെയ്യാതിരിക്കുക എന്നതില്‍ നിനക്കു സംഗം ഉണ്ടാകരുത്‌,
ഇതാണ്‌ കര്‍മ്മയോഗ സൂക്തികള്‍. അപ്പോള്‍ കര്‍മ്മം ചെയ്യാതിരിക്കുക എന്ന ഒരു കാര്യത്തില്‍ നിനക്കു സംഗമുണ്ടാവരുത്‌ . കര്‍മ്മഫലത്തിനു പാത്രീഭൂതനാവരുത്‌ അതുപോലെ കര്‍മ്മഫലം ഒരു തരത്തിലും നിന്നെ ബാധിക്കാന്‍ പാടില്ല ഇത്യാദി കാര്യങ്ങളൊക്കെ നാരദന്‍ വളരെ ഭംഗിയായിട്ട്‌ പറയുന്നുണ്ട്‌. 
"യഃ കര്‍മ്മഫലം ത്യജതി "- ആരാണോ കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌,
കര്‍മ്മത്തെ ത്യജിക്കുന്നത്‌ എന്നല്ല. കര്‍മ്മം ത്യജിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കാരണമെന്താണ്‌? ഭഗവാന്‍ തന്നെ ഗീതയില്‍ പറയുന്നുണ്ട്‌. 
"നഹി കശ്ചിത്‌ ക്ഷണമപി ജാതുതിഷ്‌ടത്യകര്‍മ്മകൃത്‌ 
കാര്യതേഹ്യവശകര്‍മ്മ, സര്‍വ്വപ്രകൃതിജൈര്‍ ഗുണൈഃ"
പ്രപഞ്ചത്തിലെ എല്ലാം തന്നെ ഒരു നിമിഷം പോലും കര്‍മ്മം ചെയ്യാതെ ഇരിക്കുന്നില്ല. 
കര്‍മ്മം എന്നു പറഞ്ഞാല്‍ ചലനം, അപ്പോള്‍ കര്‍മ്മഫലം എന്നു പറഞ്ഞാല്‍ നമ്മളെന്ത്‌ ചെയ്യുമ്പോഴും നമുക്ക്‌ ആദ്യത്തെ ചിന്ത പ്രയോജനം എന്തുകിട്ടും?
ഒന്നും കിട്ടാത്തതാണെങ്കില്‍ എന്നെ വിളിക്കണ്ട വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍.......
(തുടരും...)